ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടിയായിരുന്നു, ദൈവംതന്നെയാണ് വചനം: റോസി തമ്പി എഴുതുന്നു
‘ബൈബിള്‍ കഥകള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന് റോസി തമ്പി എഴുതിയ ആമുഖത്തില്‍ നിന്നും
വാക്കിനെ ദൈവമായി കല്പിക്കുന്ന പുസ്തകമാണ് ബൈബിള്‍. ബൈബിള്‍ എന്ന വാക്കിനുതന്നെ പുസ്തകം എന്നാണര്‍ത്ഥം. ലോകത്തില്‍ കോടാനുകോടി പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടും ഒരു പുസ്തകത്തെ മാത്രം നമ്മളിന്നും പുസ്തകം എന്നു വിളിക്കുന്നു. അതിനു കാരണം വാക്കിനെ ദൈവമായി കണ്ടത് ആ പുസ്തകമാണ് എന്നതാണ്.
ബൈബിള്‍ പഴയനിയമം, പുതിയ നിയമം എന്നു രണ്ടു ഭാഗങ്ങളുണ്ട്. പൂര്‍വ്വപിതാവായ അബ്രാഹത്തിന്റെ ചരിത്രം മുതല്‍ ആരംഭിക്കുന്ന യഹൂദ ജനതയുടെ (ഇസ്രായേല്‍ ജനത എന്നാണ് ആ ജനത പിന്നീട് അറിയപ്പെടുന്നത്) ചരിത്രവും വിശ്വാസവും ജീവിതവും ആവിഷ്‌കരിക്കപ്പെടുന്ന ഈ പുസ്തകം ദൈവവും മനുഷ്യനുമായി നടത്തുന്ന നിരന്തരസംഭാഷണമാണ്.
യാഹ്വേതന്നില്‍തന്നെ അസ്തിത്വമുള്ളവന്‍ എന്നാണ് യാഹ്വേ എന്ന പദത്തിനര്‍ത്ഥം. ഈ ദൈവം ഇല്ലായ്മയില്‍നിന്ന് ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും മനുഷ്യനെയും സൃഷ്ടിച്ചു. തന്നെ സൃഷ്ടിച്ച ദൈവത്തോട് അനുസരിച്ചും ധിക്കരിച്ചും ഉള്ള മനുഷ്യജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഈ പുസ്തകം. പഴയനിയമത്തില്‍ ദൈവം തന്നെ അനുസരിക്കുന്ന മനുഷ്യരെ അനുഗ്രഹിക്കുകയും ധിക്കരിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശിക്ഷയേല്‍ക്കുന്ന മനുഷ്യന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്ക് വരുമ്പോള്‍ ദൈവം വീണ്ടും അവരെ രക്ഷിക്കുന്നു. ഇങ്ങനെ ബൈബിള്‍ പഴയനിയമം മനുഷ്യന്റെ ശിക്ഷയുടെയും രക്ഷയുടെയും കഥയാണ്. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അവിടുന്ന് സകലവിധ ഐശ്വര്യവും നല്കും എന്ന് ആ ജനത വിശ്വസിച്ചു.
ഇടയവൃത്തിയും കാര്‍ഷികവൃത്തിയും തൊഴിലായി സ്വീകരിച്ച ഒരു ജനതയാണ് യഹൂദര്‍. അതുകൊണ്ടുതന്നെ അപ്പത്തിന്റെയും മാംസത്തിന്റെയും പാരമ്പര്യം അതില്‍ ഇടകലര്‍ന്നു കിടക്കുന്നു.
ഉത്പത്തി മുതല്‍ മലാഖി പ്രവാചകന്റെ പുസ്തകം വരെ 46 പുസ്തകങ്ങളാണ് പഴയനിയമത്തില്‍ ഉള്ളത്. അതില്‍നിന്ന് കഥകളായി പറയാവുന്ന ഏതാനും പുസ്തകങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ബൈബിള്‍ ഏതൊരു മനുഷ്യന്റെയും സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്താന്‍ ഏറ്റവും ശക്തമാണ്. ബൈബിളിലെ ഈ കഥകള്‍ മനുഷ്യരാശിയുടെ ചരിത്രം കൂടിയാണ്.
പുതിയനിയമത്തെ മൂന്നു ഭാഗങ്ങളായാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. യേശു പറഞ്ഞ കഥകള്‍, യേശുപ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍, യേശുവിന്റെ പ്രബോധനങ്ങള്‍ എന്നിവയാണവ. ബൈബിള്‍ എന്ന മഹാഗ്രന്ഥത്തെ മുഴുവനായി വായിക്കാന്‍ കഴിയാത്തവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ അനുഭൂതിദായകമായ വായനാനുഭവം നല്കാന്‍ ഇതിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
Comments are closed.