DCBOOKS
Malayalam News Literature Website

അനൂപ് മേനോന്റെ യാത്രാ പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ് എഴുതുന്നു…

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം ഭ്രമയാത്രികന്‍ പുറത്തിറങ്ങി. പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ് എഴുതിയ ആസ്വാദനക്കുറിപ്പ്;

ഓരോ സഞ്ചാരിയും പുതിയ സ്ഥലങ്ങള്‍ കാണുന്നത് വെറേവെറേ വീക്ഷണകോണുകളിലൂടെയാവും. യാത്രാവിവരണങ്ങള്‍ വായിക്കാനുള്ള കൗതുകം നിലനിര്‍ത്തുന്നതും അതുതന്നെയല്ലേ. ഒരേ സ്ഥലത്തെക്കുറിച്ച് വിവിധ സഞ്ചാരികള്‍ എഴുതിയിട്ടുള്ള കുറിപ്പുകളുടെ വ്യത്യസ്തത എന്നെയെപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്. അനൂപിന്റെ പുസ്തകത്തെ സംബന്ധിച്ച് ഇത്രയധികം രാജ്യങ്ങളിലേക്കുള്ള യാത്രാവിവരണം ഒരൊറ്റ പുസ്തകത്തില്‍ വരുന്നുവെന്ന കൗതുകവുമുണ്ട്.

പലപ്പോഴും യാത്ര ചെയ്യുമ്പോള്‍ ഡീറ്റെയ്ല്‍സ് ശ്രദ്ധിക്കാന്‍ എനിക്കു കഴിയാറില്ല. ഞാനൊരു സ്വപ്നസഞ്ചാരിയെപ്പോലെ കാഴ്ചയും കണ്ട് നടക്കാറുണ്ടെന്നല്ലാതെ പേരുകളോ അതിന്റെ ചരിത്രപ്രാധാന്യമോമറ്റു കാര്യങ്ങളോ ഞാന്‍ എഴുതിവെക്കാറില്ല. ഞാന്‍ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും സഞ്ചാരികളുടെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന അനുഭൂതി ഞാന്‍ നടന്ന വഴികള്‍ എനിക്ക് വീണ്ടും കാണാന്‍ കഴിയുന്നുവെന്നതാണ്. മനസ്സിലൂടെ ആ വഴികളിലൂടെയുള്ള ചെറിയ നടത്തങ്ങള്‍.ഈ യാത്രാക്കുറിപ്പുകളില്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ സൂക്ഷ്മമായ ഡീറ്റെയിലിങ്ങാണ്. ഞാന്‍ ഒരു യാത്രാക്കുറിപ്പ് എഴുതാന്‍ ധൈര്യം കാട്ടാത്തതും ഇതുമൂലമാണെന്ന് തോന്നുന്നു. മാത്രവുമല്ല, ഈ കുറിപ്പുകളിലെല്ലാം ഒരു കഥാകൃത്ത് ഒളിഞ്ഞിരിക്കുന്നുവെന്നത് അതിന്റെ പാരായണക്ഷമത കൂട്ടുന്നു.

ഒരു പുതിയ സ്ഥലം കാണുമ്പോള്‍ അവിടത്തെ ഭക്ഷണരീതി, പാനീയങ്ങള്‍, കാഴ്ചകള്‍, മനുഷ്യര്‍, കൊച്ചു കൊച്ച് അനുഭവങ്ങള്‍ ഇവയുടെ ഒരു സങ്കലനമാണല്ലോ ആ യാത്രയെ നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാക്കുന്നത്. അനൂപിന്റെ എഴുത്ത് ഇത്തരം കാര്യങ്ങള്‍ നമ്മളെ അനുഭവിപ്പിക്കുന്നതാണ്. കഥാപാത്രങ്ങളെയൊക്കെ നമുക്ക് പരിചയമുണ്ടെന്ന മട്ടാണ്. ഇതില്‍ പറയുന്ന ചിലരെയെങ്കിലും നമുക്ക് പരിചയപ്പെട്ടാല്‍ കൊള്ളാമെന്ന തോന്നിപ്പിക്കലുംകൂടിയുണ്ട്. ആ കാഴ്ചകള്‍ നമ്മുടെ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാവുകയാണ്. കൊളംബോയില്‍ കണ്ടെത്തിയ തുവാന്‍ എന്ന ബ്രോക്കര്‍, സിംഗപ്പൂരിലെ ഹാലവിന്‍ രാത്രി, ട്യൂബിലെ ബംഗ്ലാദേശി, ലണ്ടന്‍ യാത്രയില്‍ പരിചയപ്പെടുന്ന ജെഫ്, ജെഫിനെ മുമ്പ് ആദ്യം കണ്ട മുംബൈയിലെ ഫ്‌ളാറ്റ്, ആ ഫ്‌ളാറ്റിലെ നിശാവിരുന്ന്, ഹിന്ദിഭാഷയറിയാത്ത ഒരു കവി അവിടെ മലയാളത്തില്‍ പാടുന്ന പാട്ട്, അവിടെ അവര്‍ കുടിച്ച വീഞ്ഞ്, ദമയന്തി എന്ന ജെഫിന്റെ കൂട്ടുകാരി, ലണ്ടന്‍ നഗരത്തിലെ തെരുവിലെ കോഫിഷോപ്പില്‍ കണ്ടെത്തുന്ന കറുത്ത ഉയരമുള്ള വിളമ്പുകാരി, ബക്കിങ്ഹാം കൊട്ടാരത്തെ പരിചയപ്പെടുത്തിയ പത്രവായനക്കാരന്‍, കൗമാരകാല സുഹൃത്തിന്റെ അമ്മാവനായ ജെറോം സ്റ്റീഫന്‍ എന്ന ജെച്ചന്‍, അദ്ദേഹത്തിന്റെ കഥകളിലൂടെ അനൂപ് മനസ്സില്‍ കണ്ട ലണ്ടന്‍ നഗരം, അന്ന് പറഞ്ഞുകേട്ട കഥകളിലെ വഴികളിലൂടെയുള്ള അനൂപിന്റെ പില്‍ക്കാല നടത്തം, ഇതെല്ലാം നമ്മെ അവിടെയെത്തിപ്പിക്കുന്നപോലെയുണ്ട്. യാത്രാവിവരണത്തില്‍ സഞ്ചാരിയുടെ രാഷ്ട്രീയം അറിയാതെതന്നെ കടന്നുവന്നെന്നു വരാം. അതിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ആ യാത്ര നമ്മളെയുംകൂടി അനുഭവിപ്പിക്കുമ്പോള്‍ മാത്രമാണ് അതിനെ നാം സ്‌നേഹിച്ചു തുടങ്ങുന്നത്. അതാണ് അതിനെ വീണ്ടും വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഇനി അവിടെ എന്നെങ്കിലും പോയാല്‍ ഈ കുറിപ്പുകള്‍ നമ്മുടെകൂടെ വേണം എന്ന തീരുമാനത്തിലേക്ക് നമ്മളെ എത്തിപ്പിക്കുന്നത് ഇത്തരം ഘടകങ്ങളാണ്. ആ സ്ഥലങ്ങളും കഥാപാത്രങ്ങളും ഒന്നു കാണാന്‍ കഴിയാത്തവര്‍ക്ക് മനസ്സുകൊണ്ട് ഒരു യാത്ര സമ്മാനിക്കുന്നു. സഞ്ചാരികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖയാവുന്നു. എങ്ങനെയാണ് പുതിയ സ്ഥലം ആസ്വദിക്കേണ്ടത് എന്നതിന് മുന്‍ധാരണ നല്കുന്ന ഇവയെല്ലാം നല്ല യാത്രാവിവരണത്തിന്റെ ലക്ഷണങ്ങളാണ്. ഇതെല്ലാം എനിക്ക് ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

സംവിധായകനെന്ന നിലയില്‍ എന്നെ കൊതിപ്പിക്കുന്ന കാര്യങ്ങളുമുണ്ടിതില്‍, ചില രസകരങ്ങളായ കുഞ്ഞിക്കഥകള്‍. സിംലയിലെ യാത്രയില്‍ അനൂപ് പരിചയപ്പെടുന്ന ഡഗ്ലസ്, അയാളുടെ കാമുകിയായിരുന്നുവെന്ന് അയാള്‍ അവകാശപ്പെടുന്ന പ്രീതി സിന്റ, ആ റൊമാന്റിക് നാളുകള്‍, ഡഗ്ലസിന്റെ അന്നത്തെ മുഖം എങ്ങനെയായിരുന്നിരിക്കുമെന്ന ഭാവന… പിന്നീട് പ്രീതി സിന്റയെത്തിയ ഉയരങ്ങള്‍… അങ്ങനെയെത്രയെത്ര കഥാപാത്രങ്ങള്‍, മനുഷ്യര്‍… ഇവയെല്ലാം സമ്മാനിക്കുന്ന യാത്രയുടെ സുഗന്ധങ്ങള്‍.

Comments are closed.