DCBOOKS
Malayalam News Literature Website

ചില പാരമ്പര്യലംഘനങ്ങള്‍

പി. പവിത്രന്‍

കലയും സാഹിത്യവും നമ്മുടെ ജീവിതങ്ങള്‍ക്ക് സൗന്ദര്യാനുഭൂതിയിലൂടെ അധികമായ അര്‍ത്ഥം നല്‍കുന്നു. അവയാണ് നമ്മുടെ ചെറിയ ജീവിതങ്ങളെ അതിജീവിതമാക്കുന്നത്. കലാസാഹിത്യസൃഷ്ടികളുടെ നിര്‍മാണവും
ആസ്വാദനവും നമ്മുടെ വികാരഘടനയിലാണ് അടിയുറപ്പിച്ചിരിക്കുന്നത്. മറ്റു മനുഷ്യരോടുള്ള ബന്ധങ്ങളിലാണ് വികാരങ്ങള്‍ അര്‍ത്ഥം നേടുന്നത്. ബന്ധങ്ങളോരോന്നും നമുക്ക് ആഹ്ലാദവേദനകള്‍ നല്‍കുന്നു. സൗന്ദര്യബോധം എന്ന നിര്‍ണായകമായ മനുഷ്യശേഷി ഓരോ കാലത്തും അതിന്റേതായ അധികാരബന്ധങ്ങള്‍ക്കുള്ളിലാണ് അനുഭൂതികള്‍ സൃഷ്ടിക്കുന്നത്. സാഹിത്യഗണങ്ങള്‍ ഓരോന്നും രൂപപ്പെട്ടതിന് അതിന്റേതായ ചരിത്ര സാഹചര്യങ്ങളുണ്ട്. നമ്മുടെ ആഹ്ലാദവേദനകളിലെല്ലാം ആധിപത്യത്തിന്റെ ആഘോഷമോ കീഴടക്കപ്പെടുന്നതിന്റെ ദൈന്യതയോ ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ ജനുസ്സും അതിന്റെ ജന്മസാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ ഈ അധികാരസ്വഭാവം സൂക്ഷിക്കുന്നുണ്ട്. കോളനീകരണഘട്ടത്തില്‍ ജനിക്കുകയും വ്യാപിക്കുകയും ചെയ്ത നോവല്‍ എന്ന ജനുസ്സും ഈ മുദ്രവഹിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയുള്ള കാലയളവില്‍ മലയാള നോവലിനെ മുന്‍നിര്‍ത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. കേവലമായ മനുഷ്യാവസ്ഥയെ എടുത്തുകാട്ടുന്ന എക്കാലത്തും പ്രസക്തിയുള്ള Textഇതിഹാസതുല്യമായ സൃഷ്ടികള്‍ എന്ന നിലയില്‍ നോവലുകളെ നാം സമീപിക്കാറുണ്ട്. അതിന് അതിന്റേതായ ശരികളുണ്ട്. ഈ പഠനങ്ങളിലാകട്ടെ നോവലുകളോരോന്നും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ചരിത്രസന്ദര്‍ഭങ്ങള്‍ക്കും അധികാരബന്ധങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. കോളനിയനന്തരവാദപരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സമീപനമാണിത്.

ചരിത്രബന്ധങ്ങള്‍ക്കകത്തുനിന്നു കാണുന്നതുകൊണ്ടുതന്നെ ഈ പഠനങ്ങളില്‍ ചിലത് നോവല്‍ എന്ന ജനുസ്സിനെ അതേ കാലത്തെ ഇതര ജനുസ്സുകളുമായും ചേര്‍ത്തുവെക്കുന്നുണ്ട്. ചില നോവലുകളെ അതുണ്ടായ കാലത്തെ കവിതയും യാത്രാ വിവരണവുമുള്‍പ്പെടെയുള്ള സൃഷ്ടികളോട് താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ചിലയിടത്ത് എഴുത്തുകാര്‍ പങ്കിടുന്ന വീക്ഷണങ്ങളെ വെളിപ്പെടുത്താന്‍ അവരുടെ മറ്റു മേഖലകളിലെ എഴുത്തുകളോട് അടുപ്പിച്ചുനിര്‍ത്തുന്നുമുണ്ട്. പുതിയ കാലത്ത് രചനാമണ്ഡലത്തില്‍ നോവലുകള്‍ എടുക്കുന്ന സ്വാതന്ത്ര്യത്തിന് സമാനമായ ഒരു സ്വാതന്ത്ര്യംതന്നെ ഇവിടെ നിരൂപണവും സ്വീകരിക്കുകയാണ്. ആ നിലയിലുള്ള ചില പാരമ്പര്യലംഘനങ്ങള്‍ ഈ പഠനങ്ങളിലുണ്ടാവും. ഒരേ കൃതിയെയും രചയിതാവിനെയും വിവിധ കാഴ്ചപ്പാടുകളില്‍
കാണുമ്പോഴുണ്ടാവുന്ന വൈരുധ്യത്തെ അതേപടി നിലനിര്‍ത്തുന്നു.

ആധുനികോത്തരതയെ സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായിരുന്ന കാലത്ത്, അതിന്റെ യൂറോപ്യന്‍ പതിപ്പുകളെ മുന്‍നിര്‍ത്തി ആധുനികോത്തരത എന്ന പ്രതിഭാസം കേരളത്തില്‍ ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആ ഘട്ടത്തില്‍ അതില്‍നിന്ന് വ്യത്യസ്തമായി യൂറോപ്യനല്ലാത്ത, ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന ഇതര സമൂഹങ്ങളുടെ കാഴ്ചപ്പാടില്‍ ഈ ചര്‍ച്ചകളെ നോക്കിക്കാണാന്‍ 1990-കളുടെ അവസാനഘട്ടത്തില്‍ ഞാന്‍
ശ്രമിച്ചിരുന്നു. ‘ആധുനികതയുടെ കുറ്റസമ്മതം’ (2000) എന്ന കൃതിയില്‍ അത്തരമൊരന്വേഷണമാണുണ്ടായിരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഈ കൃതിയെന്നു പറയാം. യൂറോപ്പിനെയും ഉത്തരേന്ത്യയെയും മേലെയും മൂന്നാം ലോകത്തെയും കേരളത്തെയും താഴെയും കാണിക്കുന്ന ഭൂപടം
ക്ലാസ് മുറികളിലെ ബോര്‍ഡുകളില്‍ മാത്രമല്ല നമ്മുടെ മനസ്സുകളിലും തൂങ്ങിക്കിടക്കുന്നുണ്ട്. അത് നമ്മിലെ വിധേയത്വബോധത്തെ ദൃശ്യാത്മകമായി പിന്തുണയ്ക്കുന്നുണ്ട്. നോവലിലും ഇത്തരമൊരു ഭൂപടം തൂങ്ങിക്കിടപ്പുണ്ട്. അതിനെ തലതിരിക്കാനും മലയാളികളുടെ ജീവിതത്തിന്റെയും അനുഭവത്തിന്റെയും പ്രാഥമികത സ്ഥാപിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്. മലയാളിക്കു മാത്രമല്ല, ഓരോ ജനതയ്ക്കും ഭൂപടങ്ങളുടെ
മേല്‍കീഴുകളില്ലാതെ ലോകത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതു കൂടിയാണിത് വ്യക്തമാക്കുന്നത്. ഭൂപടങ്ങളില്ലാത്ത ജനതകളും മനുഷ്യനപ്പുറത്തുള്ള ജന്തുസസ്യലോകങ്ങളുമെല്ലാം ഭൂമിയുടെ
അവകാശികളാണെന്ന അറിവിലേക്കാണത് നയിക്കുന്നത്. അനുഭൂതിപ്രപഞ്ചത്തെ അധിനിവേശമുക്തമാക്കുന്നതിനുള്ള ശ്രമമാണത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.