DCBOOKS
Malayalam News Literature Website

ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ

വി ജെ ജയിംസിന്റെ ‘ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ’ എന്ന പുസ്തകത്തിന്  ആദർശ് എസ് എഴുതിയ വായനാനുഭവം

വി ജെ ജയിംസിന്റെ പതിനൊന്ന് കഥകളുടെ സമാഹാരമാണ് “ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ”. ചരിത്രം, രാഷ്ട്രീയം തുടങ്ങിയ സ്ഥൂല വിഷയങ്ങൾക്ക് പകരം സമൂഹ സംവിധാനത്തിന് കീഴിലുള്ള ജീവിതം, വ്യക്തി ബന്ധം, അസ്തിത്വ പ്രശ്നങ്ങൾ തുടങ്ങിയ സൂക്ഷ്മ വിഷയങ്ങളാണ് കഥകളുടെ പ്രമേയം. ജീവിതത്തിന്റെ ദാർശനിക ഭാവങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും കെട്ടിമറിയുന്ന ഹൃദ്യമായ പതിനൊന്ന് വ്യത്യസ്ത കഥകൾ. ഈ കഥകൾ ശ്രദ്ധേയമാകുന്നത് അതുണർത്തുന്ന സാംസ്കാരികവും സാമൂഹികവുമായ സൂക്ഷ്മ വിമർശനത്താലാണ്. സമൂഹത്തിലെ പല തലങ്ങളിൽ ജീവിക്കുന്ന വിവിധ മനുഷ്യരുടെ വികാര വിചാരങ്ങൾ അദ്ദേഹം ഭാവനയും യാഥാർഥ്യവും ഇടകലർത്തി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. Humour, Satire, irony തുടങ്ങിയവ കൃത്യമായ അളവിൽ കഥകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ജീവിത സംബന്ധിയായ അന്വേഷങ്ങൾ, ചോദ്യങ്ങൾ എന്നിവ കഥയുടെ കാതലാക്കാൻ എഴുത്തുകാരൻ ഉദ്യമിക്കുമ്പോഴാണ് മികച്ച കഥകൾ ജന്മമെടുക്കുന്നത്. സാമൂഹികമായി നിലനിൽക്കുന്ന പ്രബല ധാരണകളെ തകർക്കാനോ അല്ലെങ്കിൽ അപനിർമിക്കാനോ കഴിയുന്ന രീതിയിൽ അന്വേഷണങ്ങളും ചോദ്യങ്ങളും തന്റെ നോവലുകളിലൂടെ ഉയർത്തി കൊണ്ട് വന്നിട്ടുള്ള എഴുത്തുകാരനാണ് ശ്രീ വി ജെ ജയിംസ്

അശാന്തനായ ഓരോ എഴുത്തുകാരനും ഓരോ പ്രേതമാണ്. ഏതവസ്ഥയിൽ അവൻ ഇഴുകി ചേരുന്നോ അവൻ അതായി തീരുന്നു. ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ എന്ന ആദ്യ കഥയിൽ എഴുത്തുകാരൻ കുറിക്കുന്നു.

ഒരേ സമയം എഴുത്തുകാരനെയും വായനക്കാരനെയും നർമ്മത്തിന്റെ, ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വിലയിരുത്തുന്ന “വിപിന ചന്ദ്രന്റെ വാരഫലങ്ങൾ സാഹിത്യ സംബന്ധിയായവ” എന്ന കഥയിൽ. ഒരു കാലത്ത് എഴുത്തുകാർ ഒരു Textഉൾകിടിലത്തോടെ മാത്രം ഓർമിച്ചിരുന്ന എം കൃഷ്ണൻനായർ എന്ന നിരൂപകൻ ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യനാണ് എന്ന് ഓർമിപ്പിക്കുന്നതോടൊപ്പം അധ്യായനത്തിന്റെ മികവിന് അധിക വായന ആവശ്യമില്ല എന്ന് പ്രഖ്യാപിക്കുന്ന വിപിനചന്ദ്രൻ്റെ സഹ അധ്യാപകരിലൂടെ നമ്മുടെ വിദ്യാഭ്യാസ നിലവാരം എന്ത് കൊണ്ടാണ് താഴേക്ക് പോകുന്നത് എന്ന് കൂടി കാണിച്ചു തരികയാണ് .

കൊളോണിയൽ ആറ്റിട്യൂട്സ് ബ്രിട്ടീഷ് ഭരണ കാലത്ത് നമ്മിലേക്ക് അടിച്ചേല്പിക്കപെട്ടതാണ്. നാം വ്യവഹരിച്ചു ശീലിച്ചതും ശീലിക്കാത്തതുമായ സമീപനങ്ങളും കാഴ്ചപ്പാടുകളും സാധാരണക്കാർ അധികം പിന്തുടരുന്നില്ല എങ്കിലും സിവിൽ സർവീസിലെ ഉന്നത പോസ്റ്റുകളിൽ പരീശീലനം നൽകുന്നത് ഇപ്പോഴും കൊളോണിയൽ കാഴ്ചപ്പാടുകളിലെ തലത്തിൽ നിന്ന് തന്നെയാണ്. ഒരു ഐ എ എസ് കാരന് എങ്ങനെ പഴങ്കഞ്ഞി കുടിക്കാം എന്ന കഥയിൽ കൊളോണിയൽ മനോഭാവം എല്ലാ രീതിയിലും സ്വാധീനിക്കുന്ന ഉപരി വർഗ്ഗത്തിന്റെ പ്രതിനിധിയായി മാളവിക ഐ എ എസും അവരുടെ അധികാരത്തിന്റെ ഉപകരണം എന്ന പോലെ ജെസീക്ക എന്ന പെൺ പട്ടിയും ഒരു ഭാഗത്തും, കുട്ടികാലത്ത് അഗ്രഹാരത്തിൽ അമ്മയുടെ കൈ കൊണ്ട് തൈരും മുളകും ചേർത്ത് കുടിച്ച പഴംകഞ്ഞിയുടെ മധുര ഓർമകളും പേറി നടക്കുന്ന മാളവികയുടെ ഭർത്താവ് കൂടിയായ ദേവ നരരായണൻ ഐ എ എസ് മറു ഭാഗത്തുമായി അണി നിരക്കുന്നു. എങ്ങനെയും മാളവിക ഐ എ എസ് അറിയാതെ പഴങ്കഞ്ഞി കുടിച്ചു നഷ്ട ബാല്യത്തിലെ ഓർമകളെ താലോലിക്കാൻ ആഗ്രഹിക്കുന്ന ദേവനാരായണൻ അതിനായി അടുക്കളക്കാരി സത്യവതിയെ സ്വാധീനിക്കുന്നു. ഉപരിവർഗ പൊങ്ങച്ചങ്ങളെയും അതിന്റെ ഭാഗമായി പോയത് കൊണ്ട് മാത്രം ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും ഉള്ളിൽ ഒതുക്കി വയ്‌ക്കേണ്ടി വരുന്ന മനുഷ്യരെയും കഥാകൃത്ത് മനോഹരമായി നമുക്ക് പറഞ്ഞു തരുന്നു.

ജംബോ, 23 മിനിറ്റ്സ് – ഈ രണ്ടു കഥകളിലും കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഒരു പേമാരി കാലത്ത് അച്ഛനും അമ്മയും നഷ്ടപെട്ട, കുഞ്ഞനുജത്തിയുടെ വിശപ്പ് മാറ്റാൻ കളിപ്പാട്ട കടയുടെ മുന്നിൽ ജംബോ എന്ന ആനയുടെ വേഷം കെട്ടി നിൽക്കുന്ന കുട്ടിക്ക് ജംബോ എന്ന കളിപ്പാട്ട ആനയ്ക്കപ്പുറം സ്വന്തമായി പേരോ അസ്തിത്വമോ കഥാകൃത്ത് നൽകിയിട്ടില്ല. വലിയ വീട്ടിലെ കുട്ടിയുടെ കൗതുകത്തിന്റെ പുറത്തുള്ള വാശിക്ക് ജംബോ എന്ന അവൻ ഒരു അടിമ കളിപ്പാട്ടം പോലെ ഒരു ദിവസത്തേക്ക് ഒരു വലിയ വീട്ടിലേക്ക് എത്തി ചേരുകയാണ്. ഗൃഹനാഥന്റെ അച്ഛന്റെ മരണ വിവരമറിഞ്ഞു ആ വീട്ടുകാർ ആ ജീവനുള്ള കളിപ്പാട്ടത്തെ കുറിച്ച് ഓർക്കാതെ ആ വലിയ വീടിനുള്ളിൽ പൂട്ടിയിട്ട് പോകുമ്പോൾ, പൂട്ട് തുറക്കാനാകാതെ ശബ്ദമില്ലാത്തവന്റെ ലോകത്ത് സ്വയം കീഴടങ്ങി തളർന്നു കിടക്കുമായാണ് അവനെങ്കിൽ 23 മിനിറ്റ്സിലെ മൂന്നര വയസ്സുള്ള അമൽ ജെയ്‌സൺ എല്ലാ പൂട്ടുകളും തുറന്നു ഇറങ്ങി പോകുകയാണ്.

അമൽ ജെയ്‌സൺ വർക്കിയ്ക്ക് അച്ഛനും അമ്മയും എല്ലാവരും ഉണ്ട്. പക്ഷെ പനിയുടെ ചൂടറിയാൻ നെറ്റിയിൽ കൈവച്ചു നോക്കാൻ പോലും തിരക്കുകൾക്കിടയിൽ മറന്നു പോകുന്ന അച്ഛനുമമ്മയും. അച്ഛൻ ജോലിക്ക് പോയി അമ്മ ജോലി കഴിഞ്ഞു തിരികെയെത്തുന്നതിടയിലുള്ള 23 മിനിറ്റ്സ്. കാറിനുള്ളിൽ പാർക്കിങ് ഏരിയയിൽ എന്നും ഈ 23 മിനിറ്റുകൾ മൂന്നര വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടി ഒറ്റയ്ക്കാണ്. കാറുകൾ മാത്രമാണ് അവനു ആ സമയം കൂട്ട്. ചൈൽഡ് ലോക്കിടാൻ അച്ഛൻ മറന്നു പോകുന്ന ഒരു ദിവസം അവന്റെ അച്ഛനെയും അമ്മയെക്കാളും അവനെ സ്വാധീനിച്ച ആ കാറുകൾക്കിടയിലേക്ക് അവൻ ഇറങ്ങി പോകുകയാണ്.

മരിക്കാതെ, ആരും കേൾക്കുന്നില്ല എങ്കിലും താൻ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയുന്ന തർത്ത്യയും അമ്മയുടെ മരണാനന്തര ചടങ്ങുകൾ ആഘോഷമാക്കാൻ നടക്കുന്ന മക്കളും. (കഥ : ജന്മാന്തരം – മരണത്തിൽ നിന്നും മരണത്തിലേക്കുള്ള ജീവ ചരിത്രം), നീരിശ്വര വാദിയും യുക്തി വാദിയുമായ പത്രോസും, അദ്ദേഹത്തിന്റെ പൂച്ചകളും (കഥ – പത്രോസിന്റെ സിംഹാസനം) ലോക സഞ്ചാരിയും മൂന്ന് സമാധാന പ്രാവുകൾ എന്ന കഥയിലെ കുട്ടിയുമെല്ലാം സമൂഹത്തിൽ നില നിൽക്കുന്ന പൊതുവായ ചില ജീർണതകളെ തുറന്നു കാട്ടുന്നവരാണ്.

മികച്ച വായയനാനുഭവം തരുന്ന ചിന്താർഹമായ കഥകളാണ് മേൽ പറഞ്ഞവ ഉൾപ്പെടെയുള്ള പതിനൊന്ന് കഥകളും.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.