DCBOOKS
Malayalam News Literature Website

പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെ ചിത്രീകരിക്കുന്ന കഥകൾ

കെ വി പ്രവീണിന്റെ ‘ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല’ എന്ന പുസ്തകത്തിന് ജ്യോതി.കെ.ജി. എഴുതിയ വായനാനുഭവം

മലയാള ചെറുകഥാവഴികളിൽ പുതിയ താരോദയമാണ് കെ വി പ്രവീൺ. ചെറുകഥാലോകത്തിന് ചിരപരിചിതമായ പ്രമേയങ്ങളിൽ നിന്നും തികച്ചു വ്യത്യസ്തവും നവീനവും വായനയെ ഊർജ്ജസ്വലമാക്കുന്നതുമായ കഥാസമാഹാരമാണ് ‘ഭൂമിയിൽ നിഷ്കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല’ എന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനുഭവങ്ങൾ, കുടിയേറ്റ ജീവിതത്തിലെ വ്യഥയും ഭീകരതയും, കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള പ്രത്യേകതരം ചികിസ്താരീതികൾ, മനുഷ്യ ബന്ധങ്ങളിലെ ആകുലതകളും സങ്കീർണ്ണതകളും തുടങ്ങി സാമൂഹിക ജീവിതാനുഭവങ്ങളിൽ ഭയത്തി ന്റെ വേലിയേറ്റങ്ങളെ ഭാവനയിലേക്ക് ആവാഹിച്ചിരിക്കുന്ന ഒൻപത് ചെറുകഥകൾ.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഭയപ്പാടിൽ നിന്നും ഭൂമിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷയുടെ സാധ്യതകൾ തേടുകയാണ് ഡ്രോൺ. സാധാരണ മനുഷ്യ ന്റെ ഭയങ്ങൾ എപ്പോഴും റിയലിസ്റ്റിക്കായ സംഭവിക്കാൻ സാധ്യതയുള്ള സംഗതികളെക്കുറിച്ചാണ്. ഇവിടെ ഇൻഫർമേമേഷൻ ടെക്നോളജി മേഖലയിൽ ജോലി ചെയ്യുന്ന രാജീവ ന്റെയും മീരയുടെയും പ്രവാസജീവിത ഭൂമികയിലെ അതിവൈകാരിക കണങ്ങളെ മനുഷ്യന്റെ ഇമോഷണൽ സെക്യൂരിറ്റി സംരക്ഷിക്കേണ്ടതിന്റെ സാധ്യതകളെയും ഭയാനകതയുടെ ഭാവഭേദങ്ങളെയും അവതരിപ്പിക്കുന്നു.

Textവായനകൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ദൌത്യം ഏറ്റെടുത്തവരെപ്പോലെ വായിച്ചു മുന്നേറുന്നവരുടെ കഥയാണ് ലൈബ്രറി. കുറ്റകൃത്യം ചെയ്തവരുടെ മനസ്സിലെ കറുത്ത ഗർത്തങ്ങൾ നികത്തപ്പെടുന്നതിനു പകരം അയാളെ പുതിയ മനുഷ്യനാക്കുന്ന ബിബ്ലിയോ തെറാപ്പി എന്ന പുസ്തക ചികിസ്ത. സ്വന്തം കുലവും വർഗ്ഗവും ഏൽപ്പിച്ച അധമഭൂതകാലത്തെ അപമാനത്തിന്റെ അനുഭവങ്ങളിൽ നിന്ന് മോചിതനാകാൻ കൊതിക്കുന്ന മനുഷ്യന്റെ രോഗാവസ്ഥയ്ക്ക് പരിഹാരമായി കമാൻഡർ നിശ്ചയിച്ച ചികിസ്താരീതി. വായനകൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ദൌത്യത്തിൽ നിന്നും തടവറയാകുന്ന ലൈബ്രറിയുടെ കാഴ്ചകൾ.

കുടിയേറ്റക്കാരായ എബ്രഹാമിന്റെയും തെരേസയുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന ഡേവിഡ്. ഗർഭകാലത്ത് കണക്കില്ലാതെ മദ്യപിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങൾക്ക് ഇരയായ അഞ്ചുവയസ്സുകാരൻ. ആംനിയോട്ടിക് ജീവജലത്തിൽ കലർന്ന മദ്യം കുട്ടികളെ തള്ളിവിടുന്ന വൈകല്യങ്ങളുമായി ജനിച്ച കുട്ടിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതോടെ തന്റെ ജീവിതം എല്ലാ അർത്ഥത്തിലും മാറി മറിയാൻ പോകുന്നു എന്ന നിഷ്കളങ്കമായ പ്രതീക്ഷകൾക്ക് പ്രഹരമേൽപ്പിക്കുന്ന പ്രമേയത്തിലൂടെയാണ് ‘ഭൂമിയിൽ നിഷ്കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല’ എന്ന കഥ പുരോഗമിക്കുന്നത്.

സമപ്രായക്കാരിൽ നിന്നും ബഹുദൂരം പിന്നിലായിരുന്ന ഡേവിഡിന്റെ വളർച്ചയും എബ്രഹാമിന്റെയും തെരേസയുടേയും പ്രതീക്ഷകളോടൊപ്പം കഥ പുരോഗമിക്കുമ്പോൾ ഡേവിഡിനെ കാണുന്നത് എബ്രഹാം പറഞ്ഞുകൊടുത്ത കഥകളിലെ വീരന്മാർ കുന്തവും വാളുമായി പൊടിപറത്തി കുതിരപ്പുറത്ത് പാഞ്ഞുപോകുന്നതുപോലെയാണ്. സുഹൃത്തുക്കളുടെ മുന്പിൽ അമേരിന്ത്യൻ യോദ്ധാവാകാൻ ശ്രമിക്കുന്ന ഡേവിഡ്. ചില്ലുജനാലകൾ തകരുന്നത് കാണാൻ വേണ്ടി മാത്രം കല്ലെറിയുന്ന, മോങ്ങുന്ന ശബ്ദം കേൾക്കാൻ വേണ്ടി മാത്രം തൊഴിക്കുന്ന വേട്ടനായ്ക്കളെപ്പോലെ ഈ നൂറ്റാണ്ടിലെ ചെറിയ യുദ്ധങ്ങൾ അന്വേഷിച്ചിറങ്ങിയ പബ്ബിലെ യോദ്ധാക്കളിലൊരാളി ഡേവിഡ് മാറുന്നു. അവന്റെ മുറിയിൽ മദ്യത്തിന്റെ രൂക്ഷഗന്ധം, ചിതറിക്കിടക്കുന്ന മദ്യക്കുപ്പികൾ, നിസ്സഹായതയോ കുറ്റബോധമോ തെല്ലുമില്ലാത്ത ഒരുതരം പരിഹാസം നിറഞ്ഞ നോട്ടം. കഥ അവസാനിക്കുമ്പോൾ എബ്രഹാം തിരിച്ചറിയുന്നു ഇതുവരെയുള്ള ഡേവിഡിന്റെ ജീവിതം മുഴുവൻ പ്രയത്നം മുഴുവൻ ഇതിലേക്കായികുന്നു. ഒരു കവിൾ മദ്യം കുടിക്കാനുള്ള നീണ്ട കാത്തിരിപ്പ്. അവന്റെ ജീനുകളുടെ നശിച്ച ഗുരുത്വാകർഷണം.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന രാജ്യത്ത് അഭയവും താവളവുമായിരുന്ന ഇടങ്ങൾ പൊടുന്നനെ നഷ്ടമാകുന്ന അമ്മയുടേയും മകളുടേയും കഥയാണ് മതിലുകൾ. അനധികൃത കുടിയേറ്റക്കാരിയായ അമ്മയും പൌരത്വമുള്ള മകളും. ഭർത്താവില്ലാതെ മക്കളെ വളർത്തുന്ന അമ്മമാർ അണ്ടർഗ്രൌണ്ട് സ്ട്രീറ്റിൽ. കുടിയേറ്റക്കാരായ മനുഷ്യർക്കിടയിൽ മാറി വരുന്ന കുടിയേറ്റ നിയമങ്ങൾ തീർക്കുന്ന ആകുലതകളുടെ മതിലുകൾ ആർക്കും അവരുടെ വിധി എന്താണെന്നു മനസ്സിലാകാത്ത ഭീതി ജനിപ്പിക്കുന്നു.
വംശീയതയുടേയും സംശയത്തിന്റെയും ആശങ്കകൾ പങ്കുവയ്ക്കുന്ന മറ്റൊരു കഥയാണ് ഹാർമണി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഏറ്റവും ദുഷ്കരമായ കാഞ്ചൻഗംഗ കയറിയ ദീദി കോണിപ്പടിയിൽ നിന്നു വീണു മരിച്ച വാർത്തയിൽ തുടങ്ങുന്ന കാഞ്ചൻഗംഗ. “സമയം ആയാൽ പിന്നെ എവിടെ നിന്നാലും മതി”. അല്ലെങ്കിലും ജീവിതത്തിലെ ഒരു കയറ്റമോ ഇറക്കമോ കഴിയുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് ആർക്കറിയാം. ദീദിക്ക് അവരർഹിക്കുന്ന മരണമല്ല ലഭിച്ചത്. കോപ്പർ മൌണ്ടൻ സന്ദർശനത്തിന് ശേഷം ജീവിതത്തിലെ അപ്രതീക്ഷിത അപകടം സംഭവിച്ച അരുണിന്റെ ഓർമ്മകളിലൂടെ ജീവിതത്തിലെ അപ്രതീക്ഷിത മഞ്ഞുവീഴ്ചകളെയും മലകയറ്റങ്ങളെയും അവതരിപ്പിക്കുന്ന കാഞ്ചൻഗംഗ.

മകൾ മരിച്ച വേദനയിൽ നിന്ന് രക്ഷപ്പെടാൻ പരിചിതമല്ലാത്ത ഭൂപ്രകൃതിയും അന്യമനുഷ്യരും സഹായിച്ചേക്കുമെന്ന പ്രത്യാശയിൽ പുറം കാഴ്ചയിലെ മാറ്റങ്ങൾ അകത്തെ മുറിവുകൾ ഉണക്കുമെന്ന തോന്നലിൽ തുടങ്ങിയ അനിതയുടെയും അരവിന്ദന്റെയും യാത്ര അവസാനിക്കുന്നത് മറ്റൊരു ദുരന്തസംഭവത്തിൽ. കരുതിക്കൂട്ടിയുള്ള അവഗണനയിൽ, വേണ്ട സമയത്ത് വേണ്ട രീതിയിൽ ഇടപെടാത്തതു കൊണ്ട് ഉണ്ടായ ദുരന്തസംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീതിയുടെ നിഴലിൽ നീങ്ങുന്ന കഥ ‘തീ കൊണ്ടും വെള്ളം കൊണ്ടു’…

പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെയും അതിവൈകാരികമായ ജീവിതാവസ്ഥകളെയും ചിത്രീകരിക്കുന്ന ഈ സമാഹാരത്തിലെ ഓരോ കഥയും വായനയിലെ തീഷ്ണ അനുഭവമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.