DCBOOKS
Malayalam News Literature Website

ക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’

ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനില്ക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ചയില്‍ നിന്ന് പുതിയൊരു പാരിസ്ഥിതികാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പല്‍ ഇന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.” (ഒ.എന്‍.വി കുറുപ്പ്)

പരിസ്ഥിതിയെ വിഷയമാക്കി കവി ഒ.എന്‍.വി. കുറുപ്പ് രചിച്ച മലയാളം കവിതകളില്‍ ഏറെ പ്രശസ്തമാണ് ഭൂമിക്ക് ഒരു  ചരമഗീതം. പ്രകൃതിയെ അമ്മയെന്ന് സങ്കല്പത്തില്‍ ഉപമിച്ച് ചരമഗീതത്തിന്റെ പൈശാചിക ഭീകരതയില്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമവിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്ന കവിതയാണിത്. മുലപ്പാല്‍ കുടിച്ചു തെഴുത്ത മക്കള്‍ അമ്മയുടെ മാറിടം മാന്തിപ്പൊളിച്ചു ചോര കുടിച്ചു മൃതിതാളത്തില്‍ ആടിത്തിമര്‍ക്കുന്ന ആസുരതയുടെ ചിത്രം, ആ ഭൂഗോളത്തില്‍ ഏതു മൂലയിലുള്ള മനുഷ്യനും ചിന്തിക്കാന്‍ വേണ്ടി കടുത്ത വര്‍ണ്ണങ്ങളില്‍ വരഞ്ഞുവെച്ചിട്ടുള്ള ഒന്നാണ്. മക്കളാല്‍ അപമാനിക്കപ്പെട്ട അമ്മയാണു ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഈ ഭൂമിക്ക് അന്ത്യം സംഭവിക്കാം. ഭൂമിയോടൊപ്പം സര്‍വജീവജാലങ്ങളും ചാമ്പലാകും അതുകൊണ്ടാണ് കവി മുന്‍കൂട്ടി ചരമഗീതം എഴുതിയത്.

‘ഇന്നു നാം ഉറങ്ങുന്നതു പോലും ഏറ്റവും വലിയ ദുരന്തസ്വപ്‌നം കണ്ടുകൊണ്ടാണ്. സര്‍വ്വംസഹ പോലും സഹികെട്ടു നില്ക്കുന്ന സര്‍വ്വസംഹാരാത്മകമായ പ്രവണതകള്‍. ഒരു മരം വെട്ടിവീഴ്ത്തുന്നതിലും ഒരു ബോംബ് പൊട്ടിയ്ക്കുന്നതിലും അതിന്റെ പേടിപ്പെടുത്തുന്ന മുഴക്കമുണ്ട്. ഒരു ശിശുവിനെ പട്ടിണിമരണത്തിലേക്കു തള്ളിവീഴ്ത്തുമ്പോള്‍, ഒരു കന്യകയുടെ വിലപ്പെട്ടതെല്ലാമപഹരിച്ച് അവളെ തെരുവിലേക്കെറിയുമ്പോള്‍ ഒരു കൊച്ചുമണ്‍കൂര അതിലുറങ്ങിക്കിടക്കുന്നവരടക്കം ചുട്ടെരിക്കുമ്പോള്‍, മതവിദ്വേഷത്തിന്റെ വിഷം തീണ്ടിയ ഒരു ജനപദമാകെ മരണത്തിനു വിരുന്നൊരുക്കുമ്പോള്‍ ഒരേ മഹാദുരന്തത്തിന്റെ വിത്തുകള്‍ പല വഴിയ്ക്കു പൊട്ടിത്തെറിച്ചു വീഴുക മാത്രമാണ്. ഈ ദുരന്തസ്വപ്‌നം കവിതയെയും ബാധിക്കാതെ വയ്യ! എന്നാല്‍ ഈ പേക്കിനാവുകളുടെ ഇരുണ്ട തീരത്തുനിന്ന് ദുരന്തവിമുക്തിയുടെ മറ്റൊരു തീരത്തെത്താന്‍ സേതുബന്ധനം തീര്‍ക്കുന്ന മനുഷ്യരായ മനുഷ്യരോടെല്ലാമൊപ്പം നിന്ന് ‘അണ്ണാന്‍കുഞ്ഞിനും തന്നാലായതുപോലെ’ എന്തോ ചിലത് അനുഷ്ഠിക്കുമ്പോള്‍ കവിത വരപ്രസാദം നേടുന്നു എന്നു ഞാന്‍ കരുതുന്നു.’ഒ.എന്‍.വി കുറുപ്പ് പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിയ്ക്കുന്നു.

സൂര്യഗീതം, കോതമ്പുമണികള്‍, ഒരു പുരാവൃത്തം, എന്റെ മണ്ണില്‍, മതിലുകള്‍, മഴ, ആവണിപ്പാടം, ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടി, പാഥേയം തുടങ്ങി പല കാലങ്ങളിലായി ഒ.എന്‍.വി കുറുപ്പ് എഴുതിയ മുപ്പത് കവിതകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കവിതാസമാഹാരത്തിന്റെ 37-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Comments are closed.