‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; ഇരുട്ടില്‍ കൂടെ നടന്ന മാലാഖമാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍: ബെന്യാമിന്‍
ദീപാനിശാന്തിന്റെ ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന ഏറ്റവും പുതിയ
പുസ്തകത്തെക്കുറിച്ച് ബെന്യാമിന്‍
The Night is dark and I am far from home
Lead thou me on
Over the moor and fen, over the crag and torment
Till the night is gone
And with morn those angel faces smiles
Which I have loved long since and lost a while.
John Henry Newman (1801-1890
തുടക്കത്തിലേ പറഞ്ഞുകൊള്ളട്ടെ, ഇതൊരു അവതാരികയല്ല. പ്രസാധകര്‍ ഇതിന് അങ്ങനെ ഒരു തലക്കെട്ട് നല്‍കിയാല്‍ ഞാനോ ദീപയോ അതിന് ഉത്തരവാദികളുമല്ല. കാരണം ഗൗരവത്തോടെ എഴുതപ്പെടുന്ന അവതാരികകള്‍ക്ക് പൊതുവേ രണ്ടു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, പുസ്തകത്തിനെയും രചയിതാവിനെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക, അതിലൂടെ കൂടുതല്‍ വായനക്കാരെ പുസ്തകത്തിലേക്ക് കൂട്ടിക്കൊണ്ട് വരിക. എന്തായാലും എന്റെ അവതാരികകൊണ്ട് വായനക്കാരെ നേടേണ്ട ആവശ്യമൊന്നും ദീപയ്ക്കില്ല. സോഷ്യല്‍ മീഡിയയില്‍ ദീപ എഴുതുന്ന കുറിപ്പുകള്‍ക്കുവേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു വായനക്കാരും ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍’, ‘ഒറ്റമരപ്പെയ്ത്ത്’, ‘നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ മൂന്ന് സൂപ്പര്‍ഹിറ്റ് പുസ്തകങ്ങളും ഇവിടെ ഒരു അവതാരികയുടെ ആവശ്യകതയെ നിഷ്‌കരുണം തള്ളിക്കളയുന്നുണ്ട്.
അവതാരികകളുടെ രണ്ടാമത്തെ ലക്ഷ്യം ഒരു കൃതിക്കുള്ളിലേക്ക് ആഴത്തില്‍ കടന്നു ചെന്ന്
ഒരു സാധാരണ വായനക്കാരന് അത്രവേഗം കണ്ടെത്താന്‍ കഴിയാതെ പോകുന്ന ആശയങ്ങളും ദര്‍ശനങ്ങളും വിചാരങ്ങളും വെളിച്ചങ്ങളും കണ്ടെത്തുകയും കൃതിക്ക് ഒരു പുതിയ പാരായണം സാധ്യമാക്കുകയും ചെയ്യുക എന്നതാണ്. അതാവട്ടെ നിരൂപകന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പറഞ്ഞിട്ടുള്ള പണിയുമാണ്.
അതുകൊണ്ട് ഈ വരികളെ വെറും സ്‌നേഹക്കുറിപ്പ് എന്ന് വിശേഷിപ്പിക്കുവാനാണ് എനിക്ക് താത്പര്യം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തന്റെ സുഹൃത്തിന്റെ ഒരു പുസ്തകം വീണ്ടും വായനക്കാരുടെ കൈകളിലേക്ക് എത്തുന്നല്ലോ എന്ന സന്തോഷത്തോടെ ഒരുവന്‍ എഴുതുന്ന ഒരു ചെറിയ സ്‌നേഹക്കുറിപ്പ് മാത്രമാണിത്.
എന്താണ് ദീപയുടെ രചനകളിലേക്ക് ഇത്രയധികം വായനക്കാര്‍ ആര്‍ത്തിയോടെ വന്നടുക്കാനുള്ള കാരണം എന്ന് പലവട്ടം ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്. അത് ആകാശഗോപുരത്തോളം വളര്‍ന്നുമുറ്റിയ ദാര്‍ശനികലോകത്തെ നമ്മുടെ മുന്നിലേക്ക് തുറന്നിടുന്നതുകൊണ്ടോ സാഹിത്യത്തിന്റെ അപാരഭംഗി നമുക്ക് കാട്ടിത്തരുന്നതുകൊണ്ടോ ഒന്നുമല്ല, അതിനപ്പുറം നാമൊന്നും അത്രയൊന്നും ശ്രദ്ധിക്കാതെപോകുന്ന അനേകം ജീവിതസന്ദര്‍ഭങ്ങളെ കണ്ടെടുക്കാനും ഹൃദ്യമായി പറഞ്ഞു ഫലിപ്പിക്കാനുമുള്ള ദീപയുടെ മികവ് തന്നെയാണ് അതിനു കാരണം.
നാം ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാവാം ദീപയും കണ്ടെത്തുന്നത്, എന്നാല്‍ തന്റെ ജീവിതത്തിലൂടെ കടന്നുപോയ കുഞ്ഞുകുഞ്ഞ് അനുഭവങ്ങളിലൂടെ ദീപ നമ്മെ അമ്പരപ്പിന്റെയോ മരവിപ്പിന്റെയോ നിശ്ശബ്ദതയുടെയോ ഗദ്ഗദത്തിന്റെയോ നടവരമ്പിലൂടെ നടത്തുന്നു. ഒടുവില്‍ നാം ചെന്നെത്തി നില്‍ക്കുന്നത് നമ്മുടെതന്നെ ഓര്‍മ്മകളുടെ തീരത്തായിരിക്കും.
എന്തുകൊണ്ടാണ് ഭൂതകാലത്തിലേക്ക്, അത് സന്തോഷിപ്പിക്കുന്നതാവട്ടെ, കരയിപ്പിക്കുന്നതാവട്ടെ, വേദന നല്‍കുന്നതാവട്ടെ, മുറിപ്പെടുത്തിയതാവട്ടെ, അത്രമേല്‍ ആസക്തിയോടെ നാം വീണ്ടും വീണ്ടും നടക്കുന്നത്…? ‘ജീവിച്ചിരിക്കാന്‍ വേണ്ടി എഴുതുന്നു, എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും’ എന്നു പറഞ്ഞ മഹാനായ എഴുത്തുകാരന്‍ മാര്‍കേസ് അതിനു മറുപടി നല്‍കിയിട്ടുണ്ട് , ‘ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല, അത് നമ്മള്‍ എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതാണ് ജീവിതം’ എന്ന് അദ്ദേഹം പറഞ്ഞു വച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് നമ്മളെത്തന്നെ ഓര്‍മ്മപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പിന്‍നടത്തം. അവയില്ലെങ്കില്‍ നമ്മളില്ല. ഇന്നോളം നാം നടന്ന വഴികളുടെ സഞ്ചിതരൂപമാണ് ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍. അവയാണ് ഇപ്പോള്‍ നമ്മോടൊപ്പമുള്ള ചിന്തകളെയും ധാരണകളെയും ബോധ്യങ്ങളെയും നിലപാടുകളെയും പരുവപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഞാന്‍ തുടക്കത്തില്‍ കൊടുത്ത ഹെന്റി ന്യൂമാന്റെ കവിതപോലെ ഇരുട്ടുള്ള രാത്രികളില്‍ തരിശുഭൂമികളിലും ചതുപ്പുനിലങ്ങളിലും ചെങ്കുത്തായ പാറകളിലും വേദനകളിലും വീഴാതെ നടക്കാന്‍ നമ്മെ സഹായിച്ച പുഞ്ചിരിക്കുന്ന മുഖമുള്ള മാലാഖമാരെ ഓര്‍ത്തെടുക്കാനുള്ള തീവ്രശ്രമംകൂടി അതിന്റെ പിന്നിലുണ്ട്. ആ മാലാഖമാര്‍ കൂട്ടുകാരോ മനുഷ്യരോതന്നെ ആയിരിക്കണം എന്നില്ല, അപരിചിതരോ മൃഗങ്ങളോ ആവാം, ആശയങ്ങളോ നിലപാടുകളോ ആവാം, വിശ്വാസങ്ങളോ ധാരണകളോ ആവാം. പക്ഷേ, ആ നിര്‍ണ്ണായക നിമിഷത്തില്‍ അവ നമുക്ക് മാലാഖമാരെപ്പോലെ കൂട്ടുവന്നിരുന്നു എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. അവയിലേക്കാണ് നാം നടക്കുന്നത് എന്നതുകൊണ്ടാണ് നമ്മെ നേരിട്ട് ബാധിക്കാത്ത ഒന്നായിട്ടും മറ്റുള്ളവരുടെ അനുഭവക്കുറിപ്പുകള്‍ നമുക്ക് പ്രിയങ്കരമായി മാറുന്നത്. അത് വായിക്കുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ അവരുടെ ഓര്‍മ്മകളല്ല വായിക്കുന്നത്. നാമോരോരുത്തരും നമ്മുടെതന്നെ ജീവിതത്തെയും ഭൂതകാലത്തെയുമാണ് വായിക്കുന്നത്.
അല്ലെങ്കില്‍ നോക്കൂ, ഈ പുസ്തകത്തില്‍ ‘മമ്മൂട്ടി സുബ്രു’എന്ന് വിളിപ്പേരുള്ള ഒരു കടുത്ത മമ്മൂട്ടി ആരാധകനെക്കുറിച്ച് ദീപ പറയുമ്പോള്‍ ഞാന്‍ എന്റെ നാട്ടിലുണ്ടായിരുന്ന ഒരു പഴയ ജയന്‍ ആരാധകനിലേക്ക് നടക്കുന്നു. ദീപ തന്റെ വിവാഹദിനത്തെക്കുറിച്ച് ഹാസ്യമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാഷയില്‍ പറഞ്ഞു വെക്കുമ്പോള്‍ ഞാന്‍ എന്റെ വിവാഹദിനത്തിലെ വേവലാതികള്‍ ഓര്‍ക്കുന്നു. ബ്യൂട്ടീഷ്യന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി പരിക്ഷീണയായി നില്‍ക്കേണ്ടി വന്നിട്ടുള്ള അനേകം പെണ്‍കുട്ടികളുടെ മുഖം ഓര്‍ക്കുന്നു. ദീപ, വിശ്വാസം നടക്കുന്ന വഴികളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ അത് എന്റെ വിശ്വാസവഴികളുമായി ചേര്‍ത്ത് വായിക്കുന്നു.
Comments are closed.