എഴുത്തിന്റെ മേഖലയില്‍ വളഞ്ഞവഴികളൊന്നുമില്ലന്ന് ബെന്യാമിന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ എഴുത്തുകാരായ ടി.ഡി രാമകൃഷ്ണനും ബെന്യാമിനും മുഖാമുഖം വേദി തൂലികയില്‍ സംവദിച്ചു. എഴുത്തിന്റെ മേഖലയില്‍ അനുഭവിക്കേണ്ടിവന്ന അംഗീകാരത്തെയും തിരസ്‌ക്കാത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. തന്റെ സാഹിത്യമേഖലയിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. തന്റെ നാല്‍പ്പത്തിമൂന്നാം വയസ്സിലാണ് എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവന്നത്. മാത്രമല്ല എഴുത്തിന്റെ വഴികള്‍ വളരെ സങ്കീര്‍ണ്ണമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഥാകാരന്‍ എന്ന നിലയില്‍ നിന്നും പരിഭാഷയിലേക്കുള്ള കടന്നു വരവും വളരെ പെട്ടന്നായിരുന്നു. തമിഴ്‌മേഖലയില്‍ സംഭവിക്കുന്ന പരീക്ഷണങ്ങള്‍ മലയാള സാഹിത്യത്തില്‍ നടക്കുന്നില്ല എന്ന അഭിപ്രായവും അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.
രാഷ്ട്രീയ പ്രവര്‍ത്തങ്ങളാണ് തന്റെ നോവലുകളിലെ മിത്ത്. അതുകൊണ്ട്തന്നെ രാഷ്ട്രീയ ആകുലതയില്‍ നിന്നാണ് ‘ആല്‍ഫ ‘എന്നകൃതി രൂപംകൊണ്ടത്. അതേസമയം ‘ഇട്ടിക്കോര’ എന്ന നോവല്‍ കച്ചവട മൂതലാളിത്തത്തിന്റെ ആകുലതയില്‍പ്പെട്ടകാലത്ത് എഴുതിയതാണ്. കലാകാരന്‍ കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. യാഥര്‍ത്ഥ്യത്തെ ചിത്രീകരിക്കുന്നതിലൂടെ പ്രതികരണങ്ങളെ പേടിച്ച് ഒഴിഞ്ഞുമാറേണ്ടവരല്ല. തന്റെ നോവലിലെ ആധികാരികത ഉറപ്പുവരുത്താനാണ് വിക്കിപീഡിയ ഉപയോഗിക്കുന്നത് അതിന്റെ പേരിലും ആക്ഷേപങ്ങള്‍ താന്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എല്ലാതരത്തിലുള്ള സാങ്കേതികവിദ്യയും നമ്മുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കേണ്ടവയാണ് എന്ന അഭിപ്രായമാണ് തനിക്ക് എന്നും ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു.
എഴുത്തിന്റെ മേഖലയില്‍ വളഞ്ഞവഴികളൊന്നുമില്ലന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ആദ്യകാലങ്ങളില്‍ തന്റെ എഴുത്ത് പല പ്രസിദ്ധീകരണങ്ങളിലും അംഗീകരിക്കാതിരുന്നതില്‍ നിരാശപ്പെടാതെ എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറില്ലായിരുന്നെങ്കില്‍ താനൊരു എഴുത്തുകാരനാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.