ആടുജീവിതം : മരു പ്രകൃതിയും മനുഷ്യപ്രകൃതിയും
ജെ എസ് അനന്ത കൃഷ്ണൻ (എഴുത്തുകാരൻ, വിവർത്തകൻ )
ഡോ. കാർത്തിക എസ് ഭദ്രൻ (ബെന്യാമിന്റെ നോവൽലോകം എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ )
വിഖ്യാതങ്ങളായ സാഹിത്യ കൃതികളുടെ ചരിത്രം പരിശോധിച്ചാൽ അവയോടൊപ്പം ചേർന്ന് ചില വിവാദങ്ങളും ഇടംപിടിക്കുന്നതായി കാണാം. ചിലപ്പോൾ സമൂഹത്തിനോ ഭരണകർത്താക്കൾക്കോ അഭിലഷണീയമല്ലാത്ത പ്രതിപാദ്യമാകാം വിഷയം. മറ്റു ചിലപ്പോൾ സാഹിത്യ മോഷണത്തെ പറ്റിയുള്ള ആരോപണവും. ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനാകും. ആരോപണങ്ങളും അവയെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളും ഒക്കെ ആരോഗ്യപരമായ പ്രവണതകൾ തന്നെ. എന്നാൽ അത് വ്യക്ത്യധിക്ഷേപത്തിലേക്ക്
കൂപ്പുകുത്തുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേരുന്ന രീതിയല്ല. അടുത്തിടെയുണ്ടായ വിവാദത്തെ മുൻനിർത്തി ഈ നൂറ്റാണ്ട് കണ്ട മലയാളത്തിലെ ഏറ്റവും മികച്ച നോവൽ എന്ന് പരക്കെ കരുതപ്പെടുന്ന ബെന്യാമിന്റെ ആട്ജീവിതം ഒന്ന് വിശകലനം ചെയ്യാം.
ആടുജീവിതം വിമർശനവിധേയമായതിൽ അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. ഇത്രമേൽ മലയാളിയുടെ മനസ്സിനെ ആകർഷിച്ച ഒരുപക്ഷേ സമകാലീന മലയാള സാഹിത്യത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുസ്തകത്തിന് നേരെ വിമർശനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നു എങ്കിൽ അതിൽ ഒരു അസ്വാഭാവികത സംശയിക്കാമായിരുന്നു. തീർച്ചയായും സാഹിത്യകൃതികൾ തുറന്ന സംവാദത്തിന് വിധേയമാകണം.
മലയാളസാഹിത്യത്തിൽ മുൻപും ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
1964 ൽ ഇറങ്ങിയ എം ടി യുടെ മഞ്ഞ് വായിക്കാത്തവർ അക്ഷര പ്രേമികൾക്കിടയിൽ ചുരുക്കമായിരിക്കും. എന്നാൽ ഈ നോവൽ വളരെയധികം രസകരമായ ഒരു മോഷണാരോപണം നേരിട്ടു എന്ന് എത്രപേർക്കറിയാം?
നോവൽ ഇറങ്ങുന്നതിനും എട്ടു വർഷം മുമ്പ് 1956 ൽ പുറത്തിറങ്ങിയ പരിന്ദേ ( പക്ഷികൾ ) എന്ന നിർമ്മൽ വർമ്മയുടെ നോവലായിരുന്നു മറുഭാഗത്ത് ആരോപണം എന്തായിരുന്നെന്നോ! രണ്ടു നോവലുകളിലും നായികമാർ വിമലയും ലതികയും ഏകാകികൾ ആണ് എന്നതാണ് ആദ്യത്തേത്. രണ്ടാമത് ഇരുവരും സ്കൂൾ ടീച്ചർമാരും തകർന്ന അപൂർവ്വ പ്രണയത്തിന്റെ ഭാരം ചുമക്കുന്നവരും ആണ് എന്നതാണ്. മൂന്നാമത്തേത് ഇതിലും രസകരമാണ് നൈനിത്താളും അതിന്റെ മഞ്ഞണിഞ്ഞ ഭൂമികയും ഇരു നോവലുകളിലും ബിംബമായി വർദ്ധിക്കുന്നു എന്നതും ഒറ്റനോട്ടത്തിൽ തന്നെ എത്ര വിചിത്രമാണ് ഈ ആരോപണം എന്ന് ആർക്കും മനസ്സിലാകും ഈ ആരോപണം പിന്നീട് നിർമ്മൽ വർമ്മ തന്നെ തള്ളിക്കളഞ്ഞു.
ആടുജീവിതത്തിന് നേരെയുണ്ടായ ആരോപണം ( ആരോപണം മാത്രമാണ് തുടർന്നുണ്ടായ സോഷ്യൽ മീഡിയ വ്യക്ത്യധിക്ഷേപം അല്ല )തികച്ചും ചിന്തനീയമായ ഒന്നാണ്. പ്രാഥമികമായ ആരോപണം ഒരു വ്യക്തിയുടെ ജീവിതം നോവലായി രേഖപ്പെടുത്തുന്നത് ഒരു ജീവചരിത്ര രേഖയായി മാത്രമേ കാണാനാകൂ എന്നതാണ്. പലയിടങ്ങളിൽ നിന്നായി ഒരു സാഹിത്യകാരൻ സ്വീകരിക്കുന്ന അനുഭവങ്ങൾക്കും വ്യക്തികൾക്കും എങ്ങനെയാണ് ക്രിയാത്മകമായി നടത്തപ്പെടുന്ന ഒരു പുനർ വിന്യാസത്തിൽ അവകാശവാദം ഉന്നയിക്കാൻ ആവുക. അങ്ങനെയാണെങ്കിൽ സാഹിത്യ സൃഷ്ടിയിൽ ഉപയുക്തമാകുന്ന വാക്കുകൾ എല്ലാം തന്നെ മറ്റാരുടെയോ സൃഷ്ടിയല്ലേ. ഒരു കൃതിയും ശൂന്യതയിൽനിന്നും സ്വയംഭൂവായി ഉണ്ടാകുന്നില്ല.
ഇതിലെ കഥാനായകൻ നജീബിന്റെ കഥ മുജീബിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നത് ബെന്യാമിൻ അപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. ജീവചരിത്രം വെറുതെ പകർത്തി വച്ചാൽ അത്രമേൽ വികാരതീവ്രമായ വായനാനുഭവം ആകുമോ! എഴുത്തുകാരന്റെ കൈയ്യാണ് പകർന്നാടപ്പെടുന്ന യഥാർത്ഥ ജീവിതത്തിന് സഹൃദയന്റെ ഹൃദയത്തിലെത്താനുള്ള വഴി വെട്ടുന്നത്. ചരിത്രത്തിലുടനീളം യഥാർത്ഥ ജീവിതങ്ങളുടെ ആത്മാവിൽ നിന്ന് രൂപം കൊണ്ട പുസ്തകങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. തോമസ് കെന്നല്ലിയുടെ ഷിൻലേഴ്‌സ് ആർക് (Shindler’s Ark), മാർലൺ ജെയിംസ് രചിച്ച ഏ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംങ്ങ്സും (A Brief History of Seven Killings ) ജെറാർഡിൻ ബ്‌റൂക്സിന്റെ ഇയർ ഓഫ് വൺഡേഴ്‌സ് (Year of Wonders ) തുടങ്ങിയ പല പുസ്തകങ്ങളും ഈ ഗണത്തിൽ പെടും. മുജീബിന്റെ ജീവിതം അതിശക്തമായ വൈകാരിക മുഹൂർത്തങ്ങളുടെ അനുഭവ തീക്ഷ്ണതയിൽ ചുട്ടുപഴുത്ത ഒരു കടലാ ണെങ്കിൽ ആ ചൂടൊട്ടും ചോരാതെ വായനക്കാരന് അനുഭവപ്പെടുത്തുന്ന ചാലകമാണ് ‘ആടുജീവിതം’ നല്ലെഴുത്തിന്റെ യഥാർത്ഥമായ ഉദ്ദേശവും ഇതുതന്നെ.
രണ്ടാമത്തേത് മുഹമ്മദ് അസദിന്റെ പുസ്തകമായ ദി റോഡ് ടു മെക്ക എന്ന പുസ്തകത്തിലെ ചില സമാനതകളാണ്. ഉദാഹരണത്തിന് ‘വെള്ളം കുടിക്കാത്ത’ ഓന്തുകളെ പ്രതിപാദിക്കുന്ന ഭാഗമോ വറ്റി വരണ്ട തൊണ്ടയിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കുന്ന ഭാഗമോ ഒക്കെയാകാം. ഇവയിലെല്ലാം എങ്ങനെയാണ് പ്ലേജറിസം ആരോപിക്കാനാകുക . അധികം മനുഷ്യനാൽ മാറ്റങ്ങൾക്ക് വിധേയമാകാത്ത മരുഭൂമി എന്ന ഭൂമികയിലെ കാഴ്ച പകർത്തുമ്പോൾ സമാനതകൾ ഉണ്ടാകും എന്നത് സ്വാഭാവികമാണ്. അതിലെ ക്രൂരമായ പരിത സ്ഥിതിയിലെ മനുഷ്യാ നുഭവങ്ങൾക്കും സമാനതകൾ വരികതന്നെ ചെയ്യും. രണ്ടു സാഹിത്യകൃതികളും തികച്ചും വ്യത്യസ്തമായ സ്വത്വം നിലനിർത്തുക തന്നെയാണ് ചെയ്യുന്നത്. ഇത് റോഡ് ടു മക്ക എന്ന ഗ്രന്ഥത്തിന്റെ മലയാള തർജ്ജമ നിർവഹിച്ച കാരശ്ശേരി മാഷ് തന്നെ വിശദമാക്കിയിട്ടുണ്ട്. വളരെ സ്വാഭാവികമായി ഉണ്ടാവുന്ന എഴുത്തിലെ സമാനതകളേ ഇവിടെയും ദർശിക്കാനാകു. ഉദാഹരണത്തിന് കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രണ്ടു കൃതികൾ രണ്ട് വ്യത്യസ്ത കാലങ്ങളിൽ രണ്ട് എഴുത്തുകാർ രചിക്കുന്നു എന്ന് കരുതുക. അവയിൽ രണ്ടിനും ഒരു പോലെ പല ബിംബങ്ങളും കടന്നുവരാം. തികച്ചും സ്വാഭാവികമാണത്.
സാഹിത്യ കൃതികളിൽ ആദി മാതൃകകൾ( Archetypes) ഉള്ളതായി, അതായത് സംസ്കാര-കാല ഭേദമന്യേ സാഹിത്യത്തിൽ കാണപ്പെടുന്ന സമാനമായ മാതൃകകൾ, നോർത്രൊപ്പ് ഫ്രൈയ് ( Northrope Frye), കാൾ യുങ് (Carl Jung) എന്നിവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മിക്ക വിശ്വസാഹിത്യ കൃതികളിലും നായക കഥാപാത്രത്തിന്റെ യാത്ര ഇത്തരം മാതൃകകളിൽ പെടുന്ന ഒന്നാണ് ( മോണോമിത്- Monomyth ). അത് രാമായണത്തിലാകട്ടെ, മെൽവില്ലിന്റെ മോബി ഡിക്കിലാകട്ടെ, ഷാർലറ്റ് ബ്രോന്റീയുടെ ജയിൻ അയറിലാകട്ടെ, ടോലിക്കിന്റെ ലോഡ് ഓഫ് ദ റിങ്സിലാകട്ടെ എവിടെയും ദർശിക്കാം.ഇത്തരത്തിലുള്ള ആർകിറ്റൈപ്പുകളും ബിംബങ്ങളും പോലും കാലത്തിന്റെ പല കോണുകളിലായി ചിന്നി ചിതറി കിടക്കുന്ന കൃതികളിൽ കാണുമ്പോൾ, മരുഭൂമിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട രണ്ട് എഴുത്തുകളിൽ ഈ സമാനത ഉണ്ട് എന്നത് അത്ര അതിശയപെടേണ്ട ഒന്നല്ല. അഥവാ ആരോപിക്കപ്പെടുന്ന സാഹിത്യചോരണം(പ്ലെ ജറിസം) ഉണ്ടെങ്കിൽ അറബി ലേക്കും ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെടുമ്പോൾ എങ്കിലും അത് വിവാദകൊടുങ്കാറ്റായി മാറേണ്ടതായിരുന്നില്ലേ!
എന്തുകൊണ്ടും ഇത്തരത്തിലുള്ള ആരോപണം ( സൈബർ ആക്രമണം അല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ )
ഉയർന്നത് സാഹിത്യത്തിന് ഗുണകരമാണ് എന്ന് പറയാതെ വയ്യ. കൂടുതൽ സാഹിത്യാനുരാഗികൾ വളരെ ഗൗരവമായി സാഹിത്യചോരണത്തെയും സാഹിത്യ ബിംബങ്ങളെയും ഒക്കെ പറ്റിയുള്ള ആലോചനകൾ പങ്കുവയ്ക്കുന്നത് കാണാൻ കഴിഞ്ഞു, വായിക്കാൻ കഴിഞ്ഞു. അതിലും സന്തോഷം നിറഞ്ഞ കാഴ്ച, കൂടുതൽ പേർ ഈ രണ്ടു പുസ്തകങ്ങളും വായിക്കുന്നു എന്നതാണ്. പ്രസിദ്ധീകരിച്ചു പന്ത്രണ്ട് വർഷങ്ങൾക്കുശേഷവും ആടുജീവിതത്തിലെ പ്രസക്തി നഷ്ടമാകുന്നില്ല എന്നതിന് തെളിവാണ് ഈ വിവാദവും.
കൂടുതൽ കൂടുതൽ നല്ല കൃതികൾ വായിക്കപ്പെടട്ടെ,പങ്കുവയ്ക്കപ്പെടട്ടെ, ആരോഗ്യകരമായ ചർച്ചകൾക്ക് വിധേയമാകട്ടെ. വ്യത്യസ്ത കോണുകളിൽ നിന്നും വ്യത്യസ്തമായ ശബ്ദങ്ങൾ ഉയരുന്നത് തന്നെയാണ് സാഹിത്യത്തിന്റെ ജനാധിപത്യപരമായ സ്വഭാവത്തിന് ആധാരശിലയായി തീരേണ്ടത്. എന്തെന്നാൽ ഏകസ്വരത സാഹിത്യത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമൊഴിയാണ്.
ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.