വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ പുസ്തകരചന; ഒടുവില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വിലയേറിയ സാഹിത്യപുരസ്‌കാരവും
മെല്‍ബണ്‍: വര്‍ഷങ്ങളായി പസഫിക്കിലെ ഒറ്റപ്പെട്ട തടവ് കേന്ദ്രത്തില്‍ കഴിയുന്ന ഇറാനിയന്‍ അഭയാര്‍ഥി മൊബൈല്‍ ഫോണിലൂടെ എഴുതിയ പുസ്തകത്തിന് ഓസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം ലഭിച്ചു.ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പപ്പുവ ന്യൂഗിനിയിലെ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍ ബെഹ്‌റൂസ് ബൂച്ചാനിയാണ് സുവര്‍ണ്ണനേട്ടത്തിനുടമ. നോ ഫ്രന്റ്‌സ് ബട്ട് ദ മൗണ്ടയ്ന്‍സ് എന്ന ഇദ്ദേഹത്തിന്റെ പ്രഥമ പുസ്തകത്തിനാണ് 78 ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ള വിക്ടോറിയന്‍ പുരസ്‌കാരം ലഭിച്ചത്.
സുഹൃത്തും പരിഭാഷകനുമായ ഒമിഡ് തൊഫീഗിയനുമായി മൊബൈല്‍ ഫോണിലൂടെ സംവദിച്ചാണ് ബൂചാനി പുസ്തകം രചിച്ചത്. ആദ്യം വാട്‌സാപ്പിലും മറ്റുമായി എഴുതി അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ദ്വീപിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അതോടെ ടെക്സ്റ്റ് മെസേജായി ടൈപ്പ് ചെയ്ത് അയച്ചുനല്‍കാന്‍ തുടങ്ങി. അങ്ങനെയാണ് പുസ്തകം പൂര്‍ത്തിയാക്കിയത്. ബൂച്ചാനിയുടെ ഇന്തോനേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള കുടിയേറ്റത്തെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്.
മല്‍സ്യബന്ധന യാനത്തില്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആറുവര്‍ഷം മുമ്പാണ് ബൂച്ചാനിയെ ആസ്‌ത്രേലിയന്‍ തീരസേന പിടികൂടി നൗറു ദ്വീപിലെ തടവറയില്‍ അടച്ചിട്ടത്. ആസ്‌ത്രേലിയന്‍ സര്‍ക്കാറിന് കീഴില്‍ പസഫിക് ദ്വീപ് സമൂഹങ്ങളിലെ തടവറകളില്‍ കഴിയുന്ന ആയിരത്തിലധികം വരുന്ന അഭയാര്‍ഥികളുടെ പ്രശ്‌നത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവന്നതിനാണ് ബൂച്ചാനിയുടെ പുരസ്‌കാര ലബ്ദി.
തന്റെ നേട്ടം ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും തനിക്ക് ചുറ്റും ഇപ്പോഴും നിഷ്‌കളങ്കരായ നിരവധി വേദന തിന്ന് കഴിയുകയാണെന്നും റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തില്‍ ബൂച്ചാനി വ്യക്തമാക്കി. ആസ്‌ത്രേലിയയുടെ കടുത്ത കുടിയേറ്റ നയങ്ങള്‍ക്ക് കീഴില്‍ അഭയാര്‍ഥികളെ തടവറകളില്‍ തള്ളുന്ന നടപടിയുടെ കടുത്ത വിമര്‍ശകനാണ് ബൂച്ചാനി. തന്റെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് താന്‍ രചന നടത്തുന്ന തന്റെ മൊബൈല്‍ പാറാവുകാര്‍ പിടിച്ചെടുക്കുമോ എന്നതാണെന്നു അദ്ദേഹം പറഞ്ഞു. പുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയല്ല ഞാനീ പുസ്തകം എഴുതിയത്. ഓസ്‌ട്രേലിയയിലെയും ലോകത്തെമ്പാടുമുള്ള ജനങ്ങളെയും മാനുസിലും നൗറു ദ്വീപിലും നടക്കുന്ന ചൂഷണം അറിയിക്കാനാണ്. ഇവിടത്തെ പാവപ്പെട്ടവരെ വ്യവസ്ഥിതി ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഈ പുരസ്‌കാരം ഒരു കാരണമാകുമെന്ന് കരുതുന്നു’. ഞങ്ങളുടെ അവസ്ഥ കൂടുതല്‍ ആളുകളിലേക്കെത്തണം, ഈ കിരാതമായ നടപടികള്‍ അവസാനിക്കണം’ ബൂച്ചാനി ‘ദ ഗാര്‍ഡിയന്‍’ പത്രത്തോട് പറഞ്ഞു.
‘ഈ ഒരു പുരസ്‌കാരം ഓസ്‌ട്രേലിയയുടെ രാഷ്ട്രീയത്തിലും അഭയാര്‍ത്ഥികളോടുള്ള സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കും’ ബൂച്ചാനിയുടെ പുസ്തകം പാര്‍സിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത തോഫീഗിയന്‍ പറഞ്ഞു. ആസ്‌ത്രേലിയയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ‘ദ ഗാര്‍ഡിയന്‍’ പത്രത്തിലെ കോളമിസ്റ്റുമാണ് ബൂച്ചാനി. ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ അഭയം തേടിയെത്തുന്നവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം വിഷയമാക്കി മലയാളിയായ പ്രശസ്ത ഡോക്യുമെന്ററി ഫിലിം മേക്കര്‍ സൈമണ്‍ വി കുര്യന്റെ ‘സ്‌റ്റോപ്പ് ദി ബോട്ട്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിയ്ക്കുന്നത് ബെഹ്‌റൂസ് ബൂച്ചാനിയാണ്.
Comments are closed.