ബാറ്റില്‍ ബിയോണ്‍ഡ് കുരുക്ഷേത്ര പ്രകാശനം ചെയ്തു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ഒന്നാം ദിവസം വൈകിട്ട് 4.30 ന് വേദി വാക്കില്‍ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ പി. കെ. ബാലകൃഷ്ണന്‍ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ബാറ്റില്‍ ബിയോണ്‍ഡ് കുരുക്ഷേത്രയുടെ പ്രകാശന കര്‍മ്മമായിരുന്നു. പി.കെ ബാലകൃഷ്ണന്റെ പുത്രിതന്നെയായ പി.കെ. ജയലക്ഷ്മി തന്നെയാണ് പിതാവിന്റെ നോവല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ പ്രശസ്ത കഥാകൃത്ത് കെ.പി രാമനുണ്ണി, നിരൂപകനും അദ്ധ്യാപകനുമായ ഉമ്മര്‍ തറമ്മലിന് പുസ്തകം കൈ മാറി. ചടങ്ങില്‍ വിവര്‍ത്തകയും പി.കെ ബാലകൃഷ്ണന്റെ പുത്രിയുമായ ജയലക്ഷ്മിയും ഡി സി രവിയും പങ്കെടുത്തു.
പ്രകാശനകര്‍മ്മം നിര്‍വഹിച്ച കെ.പി. രാമനുണ്ണി ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ശക്തിയെ കുറിച്ച് സംസാരിച്ചു. പി. കെ ബാലകൃഷ്ണന്‍ എന്ന വ്യക്തിയെയും നോവലിസ്റ്റിനെയും അദ്ദേഹം സൂക്ഷ്മമായി വിവരിച്ചു. ബാറ്റില്‍ ബിയോണ്‍ഡ് കുരുക്ഷേത്രയില്‍ മകള്‍ അച്ഛനെക്കുറിച്ച് അവകാശവാദങ്ങള്‍ ഒന്നും തന്നെ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ പദവിയില്ല. പ്രശസ്തിയില്ല. സാമ്പത്തികമായും സാമൂഹികമായും വലിയ ബന്ധങ്ങള്‍ ഇല്ല. പിന്നെ എന്ത് കൊണ്ടാണ് പി കെ ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ ഇപ്പോഴും സ്മരിക്കുന്നു. എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമായിരുന്നു. ‘തന്റെ ബോധ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതാണ് സമ്പന്നതയെന്നും’, മഹാഭാരതത്തെ വളരെ ആഴത്തില്‍ ആണ് ഇദ്ദേഹം സമീപിച്ചിട്ടുളളതെന്നും രാമനുണ്ണി ചൂണ്ടികാട്ടി.
പ്രകാശനകര്‍മ്മത്തില്‍ പുസ്തകം സ്വീകരിച്ചത് നിരൂപകനും അദ്ധ്യാപകനുമായ ഉമ്മര്‍ തറമ്മല്‍ മലയാളത്തില്‍ എഴുതപ്പെട്ട പ്രശസ്തമായ ഇതിഹാസ കൃത്യം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗത്തിന് തുടക്കം കുറിച്ചത്. പി.കെ കൈവെച്ച കൃതികളെല്ലാം ഏറെ വ്യത്യസ്തമായിരുന്നുവെന്നും ചരിത്രമാണ് കൃതികളില്‍ ഏറെ നിറഞ്ഞ നിന്നിരുന്നതെന്നും ആരും കൈ വെക്കാന്‍ പേടിച്ച മേഖലകളായിരുന്നു പി.കെ കൈ വെച്ചതെന്നും അഭിപ്രായപ്പെട്ടു. നോവലില്‍ പ്രശ്‌നങ്ങളെ ചോദ്യരൂപത്തില്‍ അവതരിപ്പിക്കുകയും മഹാഭാരതത്തിന്റെ അര്‍ത്ഥങ്ങള്‍ അറിഞ്ഞ് കൊണ്ടുണ്ടാക്കിയ കൃതികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനെക്കുറിച്ച് പുസ്തകത്തിലോ വേദിയിലോ പറയാന്‍ താല്‍പര്യമില്ലെന്നും അച്ഛന്റെ എഴുത്താണ് ശക്തിയെന്നും പറഞ്ഞുകൊണ്ടാണ് പി.കെ ജയലക്ഷ്മി പ്രസംഗം തുടങ്ങിയത്. തന്റെ വിവര്‍ത്തപുസ്തകം മലയാളം അറിയാത്തവര്‍ക്കും ഭാരതം അറിയാത്തവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും അച്ഛന്റെ എഴുത്തിന്റെ ശക്തി എല്ലാവരിലും എത്തണമെന്നും അവര്‍ പറഞ്ഞു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.