DCBOOKS
Malayalam News Literature Website

ബഷീറും ദേവിയും

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

മനസ്സും മനസ്സുംമാത്രം ഉള്‍പ്പെടുന്ന ഒരു വ്യാപാരമാണ് യഥാര്‍ത്ഥ പ്രേമമെന്നും മാംസനിബദ്ധമായിത്തീരുന്നതോടെ അത് കേവലം കാമം മാത്രമായി മാറുമെന്നുമൊക്കെയുള്ള വാദങ്ങള്‍ ഈ കാല്പനികവല്‍ക്കരണത്തിന്റെ ഭാഗമാണ്. എന്നാല്‍, ‘കാമം’ എന്നതിന്റെ വളരെ കാല്പനികമായ പര്യായമാണ് ‘പ്രേമം’ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. സൗകര്യമൊത്തു കിട്ടിയാല്‍ കാമുകീ- കാമുകന്മാര്‍ ശാരീരിക സുഖത്തിന്റെ വഴിയേ പോകും.

സ്ത്രീ-പുരുഷപ്രേമം ഒരു ലഹരിയാണ്. ഒരുതരം ആന്ധ്യവും ഉന്മാദവുമാണ്. അതില്‍ കുടുങ്ങിക്കിടക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം ഈ ലോകമപ്പാടെ തന്റെ പ്രേമഭാജനമെന്ന ഒരേയൊരു ബിന്ദുവിലേക്ക് ചുരുങ്ങിപ്പോകുന്നു. ഇത്തിരി പ്രായമുള്ള ആളോ ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയോ ആണെങ്കില്‍പ്പോലും തന്റെ പ്രായം, സമൂഹത്തിലെ തന്റെ നിലയും വിലയും തന്നെപ്പോലെയുള്ള ഒരാളില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന പക്വമായ പെരുമാറ്റം എന്നിവയൊക്കെ തീര്‍ത്തും വിസ്മരിച്ചുകൊണ്ട്, പ്രേമഭാജനത്തെ ഒരുനോക്കു കാണാനായി, അയാളുടെ/അവളുടെ ഒരു കടാക്ഷത്തിനായി, ഒരു പുഞ്ചിരിക്കായി, ഒരു കത്തിനായി ഏത് പെരുവഴിയിലും കാത്തു നില്‍ക്കാനും എന്തു വിഡ്ഢിവേഷം കെട്ടാനും എത്ര പരിഹാസ്യനാകാനും സന്നദ്ധമാകുന്ന അവസ്ഥയിലേക്കാണ് പ്രണയജ്വരം അയാളെ/ അവളെ എടുത്തെറിയുന്നത്. തന്റെ കാമുകനെ/കാമുകിയെ സംബന്ധിക്കുന്ന നുള്ളുനുറുങ്ങു കാര്യങ്ങള്‍ പോലും മഹാസംഭവങ്ങളായിട്ടേ അത്തരമൊരു വ്യക്തിക്ക് കാണാന്‍ കഴിയൂ. ഒരു ചിരി പ്രതീക്ഷിച്ച് അതു കിട്ടാതെവന്നാലും ഒരു തിരിഞ്ഞുനോട്ടം കൊതിക്കുമ്പോള്‍ അതുണ്ടാകാതിരിക്കുമ്പോഴുമൊക്കെ പ്രേമപ്പനിക്കാരില്‍ അതു വലിയ നീറ്റലുണ്ടാക്കുന്നു. കാമുകന്/കാമുകിക്ക് ഡയറിയെഴുതുന്ന ശീലമുണ്ടെങ്കില്‍, ഈവക സകല കാര്യങ്ങളും വള്ളിപുള്ളി വിടാതെ ഡയറിയില്‍ എഴുതിവെച്ചുവെന്നും വരാം. ഇപ്രകാരം പ്രണയാനുഭവങ്ങള്‍ പച്ചയായും വിശദമായും രേഖപ്പെടുത്തിയ ഒരു കാമുകന്റെ ഡയറിക്കുറിപ്പുകളാണ് ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന നോവല്‍.

ഈ ഡയറിക്കുറിപ്പുകള്‍ പുസ്തകമാക്കുമ്പോഴും ഏതെങ്കിലും ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നോ, മറച്ചുവെക്കണമെന്നോ ബഷീറിനു തോന്നിയില്ല. കാരണം സാഹിത്യം ജീവിതത്തിന്റെ കണ്ണാടിയാണെന്നും, “അതില്‍ എല്ലാം വരും” എന്നും ഉറച്ചുവിശ്വസിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം (അനുരാഗത്തിന്റെ ദിനങ്ങള്‍ 45). ബഷീറിന്റെ ഈയൊരു ബോധ്യം എത്രത്തോളം ശക്തമായിരുന്നുവെന്ന് “ശബ്ദങ്ങള്‍” എന്ന കൃതിയിലൂടെ നാം മനസ്സിലാക്കിയതാണല്ലോ. Pachakuthira Magazine Cover - December 2024 Editionപുറമേക്ക് തൂവെള്ളയായി തോന്നിക്കുന്ന നമ്മുടെ നഗരങ്ങളിലെ ഇരുണ്ട ജീവിതചിത്രങ്ങളില്‍ ചിലത് പ്രസ്തുത നോവലിലൂടെ വായനക്കാരുടെ മുന്നില്‍ തുറന്നുകാട്ടിയത് മഹാപാതകമായിപ്പോയി എന്നു പറഞ്ഞ് ബഷീറിനെതിരെ വാളെടുത്തവരുടെ പിന്മുറക്കാര്‍, തുറന്നുപറച്ചിലിന്റെ പേരില്‍ അനുരാഗത്തിന്റെ ദിനങ്ങളെയും ഇകഴ്ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതൊരു പോര്‍ണോഗ്രഫി പുസ്തകമാണെന്നുവരെ വിമര്‍ശനമുണ്ടായി. മജീദിന്റെ “മാര്‍ക്കക്കല്ല്യാണം’ (ചേലാകര്‍മ്മവുമായി ബന്ധപ്പെട്ട ആഘോഷം) പ്രതിപാദിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ബാല്യകാലസഖിയെപ്പോലും അശ്ലീലസാഹിത്യമാക്കാന്‍ ശ്രമങ്ങളുണ്ടായി എന്നു പറയുമ്പോള്‍ ഈവക വിമര്‍ശനങ്ങള്‍ എന്തുമാത്രം അര്‍ത്ഥശൂന്യമാണെന്നു ബോധ്യപ്പെടും.

അനുരാഗത്തിന്റെ ദിനങ്ങളിലെ നായികയായ സരസ്വതീദേവിയുമായി ബഷീര്‍ പ്രണയത്തിലായത് അദ്ദേഹത്തിന്റെ മുപ്പത്തിനാലാമത്തെ വയസ്സിലാണ്. അപ്പോഴേക്ക് അദ്ദേഹം അറിയപ്പെടുന്ന ഒരെഴുത്തുകാരനായി സമൂഹത്തില്‍ നിലയും വിലയും നേടിക്കഴിഞ്ഞിരുന്നു. എങ്കിലും, ഒരു സ്ത്രീയുടെ സ്‌നേഹത്തിനായി വല്ലാതെ ദാഹിച്ചു കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു താനപ്പോള്‍ എന്ന് നോവലിന്റെ തുടക്കത്തില്‍തന്നെ ബഷീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബർ ലക്കം ലഭ്യമാണ്‌

Comments are closed.