ഈ ചിത്രത്തിനു പിന്നില്‍…
“1982-ലെ ഒരു വൃശ്ചികപ്പുലരിയിലാണ് ‘ബഷീര്‍ ദ മാന്‍’ ചിത്രീകരിച്ചു തുടങ്ങിയത്. അപ്പോഴെല്ലാം എന്റെ കൈയില്‍ നിശ്ചലചിത്രങ്ങള്‍ എടുക്കുന്ന ഒരു കാമറയും ഉണ്ടായിരുന്നു. ഭൂമിയുടെ അവകാശികളോടൊപ്പമുള്ള ബഷീറിന്റെ ഒരു ഷോട്ടിനുവേണ്ടിയാണ് എപ്പോഴും ആഗ്രഹിച്ചത്. കുറുക്കനും പാമ്പും കൂടാതെ വിചിത്രശരീരികളായ പഴുതാരകളും ഒച്ചും പൂമ്പാറ്റയും ആ വെള്ളമണല്‍പ്പുറത്തെ ജൈവവൈവിധ്യക്കൂട്ടില്‍ സസുഖം വസിച്ചിരുന്നു. വേലിമുറിച്ചു കടന്ന ഒരു ചേര; ഒരു കണ്ണിനുമീതെ തീപ്പൊള്ളിയ പാടുമായി കൂട്ടംതെറ്റി നട്ടുച്ചയ്ക്ക് അമ്പരന്നു മുറ്റത്ത് അന്തിച്ചുനിന്ന ഒറ്റ കുറുക്കന്‍; തടിയന്‍ നാട്ടുമാവിന്റെ ഉയര്‍ന്ന ശിഖരത്തില്‍നിന്നു വാലുപേക്ഷിച്ച് കടന്നുകളഞ്ഞ ഒരണ്ണാന്‍; ഇവയോടൊപ്പം മാങ്കോസ്റ്റയിന്‍ ചുവട്ടിലെ ഒരു നന്ത്യാര്‍ വട്ടത്തിന്റെ ഇലയില്‍ ഒരു പച്ചത്തുള്ളന്‍ ഇലയെ വിഴുങ്ങുന്നതും ഞങ്ങള്‍ മൂവിക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പച്ചത്തുള്ളന്‍ദൃശ്യം മാത്രം ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ മാനസിക ചികിത്സാക്കാലത്തെ ദ്യോതിപ്പിക്കാന്‍ ഉപയോഗിച്ചു.
അതിനിടയില്‍ നിനച്ചിരിക്കാതെ ഒരു മഴ പെയ്തു. നേര്‍ത്ത വെയിലില്‍ കുറുക്കന്റെ കല്യാണത്തെ ഓര്‍മ്മിപ്പിക്കുന്ന ചാറ്റല്‍മഴ. വീട്ടുമുറ്റത്തെ അത് പൊടുന്നനേ തരളമാക്കി. വൃക്ഷത്തലപ്പുകള്‍ ഉണര്‍ന്നു. പൂച്ചെടികള്‍ സടകുടഞ്ഞു. മണ്ണടരുകളില്‍നിന്നും കുഞ്ഞിത്തവളകളും ചെറുപ്രാണികളും ആയിരം കാലന്മാരും പുതുജലത്തില്‍ നീരാടി. സപ്പോട്ട മരങ്ങള്‍ക്കു കീഴിലെ ഇരുളില്‍ തളംകെട്ടിയ മഴവെള്ളത്തിലെ ചാറ്റലില്‍ ചുഴികള്‍ ഉതിരം മറിഞ്ഞു. തെങ്ങിന്‍ ചുവടുകളില്‍ ഓലകളുടെ കവിളില്‍നിന്നും ഒലിച്ചിറങ്ങിയ മഴവെള്ളം പുതുതാളം സൃഷ്ടിച്ചു. ബഷീര്‍ മഴയേല്ക്കാതിരിക്കാനായി മാങ്കോസ്റ്റയിന്റെ താഴെയിട്ട ചാരുകസേരയില്‍നിന്നും എഴുന്നേറ്റ് ധൃതിയില്‍ വീട്ടിനകത്തേക്കു പോയി.
ഞാന്‍ ക്യാമറയുമായി ചാരുകസേരയുടെ മുമ്പില്‍തന്നെ ഇരിക്കുകയാണ്. ലെന്‍സില്‍ മഴയേല്‍ക്കാതിരിക്കാന്‍ പാഡ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സുലൈമാനി നിറച്ച ഫ്‌ളാസ്‌കാണ് ലെന്‍സിന്റെ നേരേ മുമ്പില്‍. ബഷീറിന്റെ കസേര ഒഴിഞ്ഞു കിടക്കുന്നു. പെട്ടെന്ന് വെയില്‍ വന്നു. വെള്ളമണല്‍ നിറഞ്ഞ ആ മുറ്റത്തുനിന്നും നനവ് അപ്രത്യക്ഷമായി. വെയില്‍ പൂര്‍വ്വാധികം തിളങ്ങി. മരം പെയ്യുന്നതും നിന്നു. അപ്പോള്‍ ബഷീര്‍ സിംഹാസനത്തിലേക്കു മടങ്ങി. പൊടുന്നനേ അതാ ബഷീറിന്റെ പ്രജയായ ഒരു പൂവന്‍കോഴി പൂഴിമണലില്‍ കാലുകള്‍ ചിക്കി, കൊക്കും ശിരസുമുയര്‍ത്തി ചാരുകസേരയിലേക്കു ചാടി കയറുന്നു. തിരിച്ചുവന്ന ബഷീര്‍ എനിക്കു തൊട്ടുപിറകിലാണ്. രണ്ടുപേരെയും ചേര്‍ത്തു ഫോക്കസ് ചെയ്യണമെങ്കില്‍ ഞാന്‍ എഴുന്നേല്‍ക്കണം. ഞാനൊന്നനങ്ങിയാല്‍ ഭൂമിയുടെ അവകാശി സിംഹാസനം വെടിയും. ഒരു നിമിഷം! എനിക്ക് ഇടത്തോട്ടോ, വലത്തോട്ടോ, പിറകിലോട്ടോ നോക്കാനായില്ല. നേരേ മുമ്പിലേക്കു നോക്കി മനസ്സു കൂര്‍പ്പിച്ച് കാമറ ഫോക്കസ് ചെയ്തു. ആഗ്രഹിച്ചത് ബഷീറിനോടൊപ്പമുള്ള ഭൂമിയുടെ അവകാശിയുടെ ചിത്രമാണ്. കിട്ടിയത് സിംഹാസനത്തില്‍ സ്വയം അവരോധിച്ച ഭൂമിയുടെ അവകാശിയുടെ ഈ ചിത്രവും. ഈ ദൃശ്യം എന്റെ ക്യാമറയില്‍ പതിഞ്ഞ നിമിഷം ബഷീര്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അവന്‍ ചിറകടിച്ച് അപ്രത്യക്ഷനായി. 2019 ജൂലൈ 5-ന് ബഷീര്‍ പോയിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. അപ്രത്യക്ഷതകളില്‍ ബഷീര്‍ എപ്പോഴുമുണ്ട്.”
(2019 ജൂലൈ ലക്കം പച്ചക്കുതിരയില്‍ എം.എ റഹ്മാന്‍ എഴുതിയത്)
Comments are closed.