‘ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍’- എഴുത്തഴകിന്റെ നേര്‍ക്കാഴ്ചകള്‍
പാത്തുമ്മയുടെ ആട്- ഒരു സത്യമായ കഥ
‘ഒരു യഥാര്‍ത്ഥ കഥ’- ഇങ്ങനെയാണ് ബഷീര്‍ ‘പാത്തുമ്മയുടെ ആട്’ എന്ന കഥയെക്കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നര്‍ത്ഥം. സ്വന്തം ജീവിതത്തിലെ ഒരേട് എന്നു മാത്രമേ ഈ കഥയെപ്പറ്റിയും പറയേണ്ടതുള്ളൂ. പക്ഷേ, എല്ലാവരേയും അത് വശീകരിക്കുന്നു. ബഷീര്‍ എന്ന വ്യക്തിയില്‍ ഒരു താത്പര്യവുമില്ലാത്തവര്‍ പോലും അത് വായിച്ചു രസിക്കുന്നു. യഥാര്‍ത്ഥ കലാസൃഷ്ടിയിലല്ലാതെ ഈ സ്വഭാവം കൈവരികയില്ല.
എപ്പോഴാണ് കഥ രചിച്ചതെന്ന് അതിന്റെ മുഖവുരയില്‍ ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ‘ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാല് ഏപ്രില്‍ ഇരുപത്തിയേഴാം തീയതി എഴുതിത്തീര്‍ത്തതാണ് ‘പാത്തുമ്മയുടെ ആട്’ എന്ന ഈ കഥ.’ അതായത് കേരളപ്പിറവിക്കും മുമ്പ്. ഉടനെ പ്രസിദ്ധീകരിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ബഷീറില്‍ നിന്ന് പുതിയൊരു കഥ കിട്ടാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കാത്തിരിക്കുകയായിരുന്നു. എങ്കിലും 1959 ഏപ്രില്‍ മാസത്തില്‍ മാത്രമേ ഈ കഥ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നുള്ളൂ. കൃത്യം അഞ്ചു വര്‍ഷക്കാലത്തിന് ശേഷം.
പ്രകാശിതമാകാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ട്? നേരത്തെ പറയാവുന്ന കാരണങ്ങളൊന്നുമില്ല. ബഷീര്‍ പറയുന്ന കാരണം ഇതാണ്:
‘ഇതൊന്നു പകര്‍ത്തിയെഴുതി കൂടുതല്‍ ഭംഗിയാക്കി, മുഖവുരയോടു കൂടി പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചു. നാളെ-നാളെ-എന്നിങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോയി… അഞ്ചു വര്‍ഷം!’…..
(ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍)
വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് പ്രൊഫ. എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍. മലയാള കഥയെ ലോക സാഹിത്യത്തിന്റെ ഔന്നത്യത്തിലെത്തിച്ച ബഷീറിന്റെ സര്‍ഗ്ഗജീവിതത്തെയും വ്യക്തിജീവിതത്തെയും കലര്‍ത്തിവായിക്കുന്ന കൃതിയാണിത്. അപൂര്‍വ്വാനുഭവങ്ങളാലും ഉജ്ജ്വലനിമിഷങ്ങളാലും ധന്യമായ ബഷീര്‍ക്കഥ വായിക്കുന്ന അനുഭവം ആസ്വാദകനുണ്ടാകും വിധത്തിലാണ് ഈ കൃതിയുടെ രചന. 2011-ല്‍ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിയ്ക്ക് ലഭിച്ചു. മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന എഴുത്തുകാരന്റെ ഏറ്റവും ശ്രദ്ധേയമായ ജീവചരിത്രമാണ് ‘ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍‘.
Comments are closed.