പ്രിയപ്പെട്ട ‘ശബ്ദങ്ങളി’ലെ പേരില്ലാത്ത ആണ്‍വേശ്യയ്ക്ക്…
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് കത്ത് എഴുതൂ മത്സരത്തിൽ സമ്മാനാർഹമ്മായ കത്ത്
പ്രിയപ്പെട്ട ‘ശബ്ദങ്ങളി’ലെ പേരില്ലാത്ത ആണ്‍വേശ്യയ്ക്ക്,
സുഖം, സന്തോഷം എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാത്തൊരു ജീവിതം ജീവിക്കാന്‍ വിധിക്കപ്പെട്ട നിന്നോട് സുഖമാണോ എന്ന് ചോദിക്കുന്നത് ക്രൂരതയാണെന്ന് എനിക്കറിയാം. പ്രിയപ്പെട്ടതേ എന്ന് വിളിച്ചൊരു കത്ത് നിനക്കാരെങ്കിലും എഴുതിയിട്ടുണ്ടോ ഇതുവരെ ? നിന്നെ ‘ആള’റിയാതെ പ്രാപിക്കാന്‍ വന്ന് ഗോണേറിയ പിടിച്ച ഒരു പട്ടാളക്കാരന്റെ വാക്കുകളിലൂടെയാണ് നിന്നെ ഞാന്‍(ഞങ്ങള്‍) വായിക്കുന്നത്. യുദ്ധം കഴിഞ്ഞ് ജീവിതത്തില്‍ നല്ലതൊന്നുമില്ലായെന്ന് കരുതി നിരാശപ്പെട്ട അയാള്‍ക്ക് നിന്റെ സ്‌ത്രൈണതകളെ ജൈവസ്ത്രീത്വമെന്ന് തെറ്റിദ്ധരിക്കേണ്ടി വന്നതിലെ കുറ്റബോധമാണ് ഞാന്‍ വായിച്ചറിഞ്ഞത്. നിന്നെക്കുറിച്ച് എഴുതിയതിന് ബഷീര്‍ എന്തെല്ലാം പഴിയും സാംസ്‌കാരികത്തെറിയും കേട്ടിരിക്കുന്നു.
നീ പുരുഷസ്വവര്‍ഗാനുരാഗിയാണോ മനസ്സ് കൊണ്ട് സ്ത്രീജീവിതം ആഗ്രഹിക്കുന്ന ഒരുവളാണോ എന്നൊന്നും വേര്‍തിരിച്ചറിയാന്‍ നിന്റെ കാലഘട്ടം നിന്നെ അനുവദിച്ചില്ല. ആ കാലത്ത് നിനക്ക് പ്രാപ്യമായ ഒരേയൊരു ജീവിതം ഹിജഡകള്‍ക്കൊപ്പം ജീവിക്കലായിരുന്നു. വേശ്യാവൃത്തി കൊണ്ടല്ലാതെ നിനക്ക് പുലരാനാവില്ലായിരുന്നു. മറ്റൊന്നായും നിന്നെ ലോകത്തിന് കാണണ്ടായിരുന്നു എന്നതാണ് സത്യം. നിനക്ക് ജീവിക്കാന്‍ കിട്ടിയത് ഒരു ശപിക്കപ്പെട്ട ജീവിതമായിരുന്നു. നിന്റെ ചെറുപ്പത്തില്‍ നീ ഗുരുവിനാല്‍ ‘സ്വവര്‍ഗഭോഗത്തിന്’ വിധേയനായി ഇങ്ങനെ ആയതാണെന്ന് പറയാനാണ് ബഷീറും ശ്രമിച്ചത്. കാലഘട്ടം ബഷീറിനും തെറ്റായ വിവരങ്ങള്‍ നല്‍കിപ്പോയി. ഭ്രൂണത്തില്‍ തന്നെ നിശ്ചയിക്കപ്പെട്ടതായിരുന്നു നിന്റെ ആസക്തികള്‍. നിന്റെ ഗുരു നിനക്ക് മാനസികാഘാതവും ശാരീരികാതിക്രമവും തന്ന ഒരു പീഡകനായിരുന്നു. അയാള്‍ നിന്റെ ഭാവിയുടെ കാരണമല്ല, ഭൂതത്തിലെ കരടാണ്.
നിനക്ക് കത്തെഴുതാന്‍ ഞാന്‍ തീരുമാനിച്ചത് എനിക്ക് നിന്നെ മനസ്സിലാവും എന്നുള്ളത് കൊണ്ടാണ്. ഞാനൊരു സ്വവര്‍ഗാനുരാഗിയാണ്. നീ ജീവിച്ച ഈ രാജ്യത്തില്‍ ഇപ്പോള്‍ നമ്മള്‍ തുല്യപൗരത്വം ഉറപ്പാക്കപ്പെട്ടവരാണ്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രോഗം വന്ന് ചീഞ്ഞില്ലാതാവല്‍ മാത്രം ഭാവിയായ ഒരു ജീവിതം നിനക്കുണ്ടാവില്ലായിരുന്നു. 1940കളിള്‍ നീ ജീവിച്ചിടത്തു നിന്ന് 2023 ലേക്ക് ഒത്തിരി ദൂരമുണ്ട്. പക്ഷേ നമുക്ക് അങ്ങോട്ടുമിങ്ങോട്ടും എളുപ്പം മനസ്സിലാവും. ഭൂരിപക്ഷത്താല്‍ വേദനിക്കപ്പെടല്‍ നമ്മുടെ ജീവിതത്തില്‍ പച്ചകുത്തപ്പെട്ടിരിക്കുന്നു. കാലഘട്ടം മാറിയെന്നേയുള്ളൂ, ജീവിച്ചിരിക്കല്‍ ഇന്നും സമരമാണ്. പക്ഷേ വിചാരിച്ചാല്‍ മറ്റൊരു ജീവിതം സാധ്യമാണിന്ന്.
പ്രിയപ്പെട്ടതേ… നീ സ്‌നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയുക.
സ്‌നേഹം.
എന്ന്,
അനസ്. എന്‍. എസ്.
Comments are closed.