DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീര്‍

സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരന്‍. മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറാണ്  ഇന്ന് ഡി സി ബുക്‌സ് Author In Focus-ൽ. കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേയ്ക്കടുപ്പിക്കുന്നത്. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത് .

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി പേപ്പറില്‍ പകര്‍ത്തിയ പ്രതിഭ. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.

അലക്കി പശ മുക്കി തേച്ചു പതിപ്പിച്ച ഭാഷയായിരുന്നില്ല അദ്ദേഹത്തിന്റേത്. ലളിതമായതും നര്‍മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹം ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെ സ്വീകരിച്ചിരുന്നത്. എന്നാല്‍, ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവുന്ന ശൈലി അദ്ദേഹം ഉപയോഗിച്ചിരുന്നു. ഗുത്തിന ഹാലിട്ട ലിത്താപ്പോ…,ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം ഇങ്ങനെ നിഘണ്ടുവില്‍ തപ്പിയാല്‍ കിട്ടാത്ത വാക്കുകളുടെ കൂമ്പാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

 

Comments are closed.