വായനക്കൊരു തൊട്ടുകൂട്ടാൻ
പ്രതാപന്റെ ‘ബാര്‍മാന്‍’ എന്ന നോവലിന് അമൽ എഴുതിയ വായനാനുഭവം
നിഷ്ഠൂരമായ അരും കൊലകൾ ഉൾപ്പെടെ എന്തും നടക്കുന്ന പുരുഷന്മാരുടെ വിഹാരരംഗമാം ബാർസാമ്രാജ്യത്തെപ്പറ്റിയാണ് കഥ എന്നതിനാൽ സ്ത്രീ പ്രജകൾക്ക് ഒരു സ്ഥാനവുമില്ലാത്ത നോവലാണ് ബാർമാൻ എന്ന് തോന്നാം. പക്ഷേ ബാർവീര്യമുറ്റുന്ന കഥയിലുടനീളം ജഗദീഷ് ചന്ദ്രനെ കാത്ത് വീട്ടിലിരിക്കുന്ന അമ്മയുടെ സ്നേഹ ചിത്രങ്ങൾ നോവലിസ്റ്റ് വളരെ മികവോടെ തന്നെ കോക്ടെയ്ൽ ചെയ്ത് ആസ്വാദ്യകരമാക്കിയിരിക്കുന്നു.
“ഒരിക്കൽ ഇതിനകത്ത് കയറിയാൽ ആർക്കും ഇവിടന്ന് ഓടിപ്പോകാനാവില്ല. എത്രത്തോളം കുതറുന്നുവോ അത്രത്തോളം പിടി മുറുകും. ഉടുമ്പ് പിടിത്തമാണത്. നിനക്കെന്നല്ല ചങ്ങാതീ… ആർക്കും രക്ഷപ്പെടാനാവില്ല. ബാറിലെ ജോലിക്കാരനും ഇവിടെ മദ്യപിക്കാൻ വരുന്നവരുമെല്ലാം ഒരുപോലെ….” വെയിറ്റർ ടോമി ജഗദീഷ് ചന്ദ്രനെന്ന യുവാവിനോട് നൽകുന്ന മുന്നറിയിപ്പ് വായിച്ചപ്പോൾ ഞെട്ടലോടെ ഞാൻ എന്നെപ്പറ്റിത്തന്നെ ഓർത്തു പോയി. “ഇപ്പൊ തന്നെ കളഞ്ഞിട്ട് പോകും” എന്ന് സ്വയം പറഞ്ഞു ഒരു ഇറ്റാലിയൻ റസ്റ്റോറന്റിൽ പാർട്ട് ടൈം ജോലിക്ക് കയറിയ ഞാൻ വർഷം അഞ്ച് കഴിഞ്ഞിട്ടും ഇപ്പോഴും “ഇപ്പൊ തന്നെ കളഞ്ഞിട്ട് പോകും” എന്ന് പറഞ്ഞു കൊണ്ട് അതേ ജോലിയിൽ തുടരുന്നു. റസ്റ്റോറന്റിൽ മിനി ബാർ കൗണ്ടറുണ്ട്. ഒരു വർഷത്തോളം അതിന്റെ ചുമതല എനിക്കായിരുന്നു. ബിയറുകളും വൈനുകളും പലതരം കോക്ക് ടെയ്ലുകളുമാണ് പ്രധാനമായും ഉള്ളത്. മറ്റൊരു മേഖലയിൽ നിന്ന് വന്ന് അതൊക്കെ ചെയ്യേണ്ടി വന്ന എന്നെത്തന്നെ പ്രതാപൻ എഴുതിയ പ്രഥമ നോവൽ ബാർമാൻ വായിക്കവേ പലപ്പോഴും കണ്ടുമുട്ടി. എന്തിനധികം മലയാളി പുരുഷന്മാർക്ക് തങ്ങളെത്തന്നെ പലവിധത്തിൽ കാണാൻ സാധിക്കുന്നൊരു കണ്ണാടിനോവലാണ് ബാർമാൻ.
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ബാർ ഹോട്ടലിൽ പതിറ്റാണ്ടുകൾ പല നിലകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത് മുഴുവൻ ചേരും പടികൾ ചേർത്ത് വാറ്റിയെടുത്ത് ഒരു നോവലിന്റെ ചില്ലുകോപ്പയിലൊഴിച്ച് നമുക്ക് നേരേ നീട്ടുകയാണ് പ്രതാപൻ. പുസ്തക വായനയും സാഹിത്യാഭിരുചിയുമുള്ള ജഗദീഷ് ചന്ദ്രൻ നിനച്ചിരിക്കാതെ ഒരു ബാർമാന്റെ വേഷമണിയുന്നിടത്താണ് കഥ തുടങ്ങുന്നത്. മദ്യപിക്കാത്ത, യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാത്ത യുവാവാണ് ജഗദീഷ് ചന്ദ്രൻ. അതിരാവിലേ കൈ വിറ മാറ്റാൻ ബാറ് തുറക്കുന്നതും കാത്ത് അക്ഷമയോടെ കാത്തിരിക്കുന്ന മനുഷ്യർ മുതൽ പല തരത്തിൽ മദ്യത്തെ ആശ്രയിച്ചു ജീവിക്കുന്നവർ വരെയുള്ള പ്രശസ്തരും അപ്രശസ്തരുമായവരുടെ വിഹാരരംഗത്തേക്കാണ് അവൻ പതർച്ചയോടെ ചെന്ന് കയറിയത്. തുടർന്ന് അവൻ ഇരുണ്ട വെളിച്ചം വീശുന്ന ബാർ ലോകത്തിന്റെ വിവിധ തലങ്ങൾക്ക് സാക്ഷിയാകുന്നു. കവി അയ്യപ്പൻ മുതൽ സിനിമാക്കാരും, ഗായകരും കൊട്ടേഷൻ സംഘവും എല്ലാമെല്ലാം അവനിലൂടെ നമുക്ക് കാണാൻ സാധിക്കുന്നു. ബാർ ജീവനക്കാരുടെ അറിയപ്പെടാത്ത ലോകം മുഴുവൻ വായനക്ക് തൊട്ട് കൂട്ടാൻ തുറന്നു വയ്ക്കപ്പെടുന്നു. വിരഹവും വേദനകളും ജീവിതയാതനകളെല്ലാം തന്നെ യാതൊരു വിധ കെട്ടുപാടുകളുമില്ലാതെ അപരന്റെ തോളിൽ കൈയിട്ടിരുന്ന് അലിയിച്ചു കളയുന്ന ഒരു ലോകത്തിന്റെ പശ്ചാത്തലത്തിൽ ജഗദീഷ് ചന്ദ്രനിലൂടെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികചരിത്രവും കൂടി നോവലിസ്റ്റ് പകർന്നു നൽകുന്നു.
നിഷ്ഠൂരമായ അരും കൊലകൾ ഉൾപ്പെടെ എന്തും നടക്കുന്ന പുരുഷന്മാരുടെ വിഹാരരംഗമാം ബാർസാമ്രാജ്യത്തെപ്പറ്റിയാണ് കഥ എന്നതിനാൽ സ്ത്രീ പ്രജകൾക്ക് ഒരു സ്ഥാനവുമില്ലാത്ത നോവലാണ് ബാർമാൻ എന്ന് തോന്നാം. പക്ഷേ ബാർവീര്യമുറ്റുന്ന കഥയിലുടനീളം ജഗദീഷ് ചന്ദ്രനെ കാത്ത് വീട്ടിലിരിക്കുന്ന അമ്മയുടെ സ്നേഹ ചിത്രങ്ങൾ നോവലിസ്റ്റ് വളരെ മികവോടെ തന്നെ കോക്ടെയ്ൽ ചെയ്ത് ആസ്വാദ്യകരമാക്കിയിരിക്കുന്നു. കൂടാതെ ബാറിൽ വന്ന് ഗാംഭീര്യത്തോടെ മദ്യപിക്കുന്ന ശകുന്തള, കൂടെ ജോലി ചെയ്യുന്നവരുടെയും മദ്യപിച്ച് നശിക്കുന്നവരുടെയും വീട്ടിൽ കാത്തിരിക്കുന്ന സ്ത്രീ ജനങ്ങളുടെ വൈകാരിക ചിത്രങ്ങൾ ഒക്കെ നോവലിന് മറ്റൊരു തലം നൽകുന്നുണ്ട്. ഒട്ടും മടുപ്പിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ബാർമാൻ എന്നതിൽ സംശയമില്ല.
ഒരിടത്ത് ജഗദീഷ് ചന്ദ്രൻ ഉറക്കെ ആലോചിക്കുന്നുണ്ട് :
“മദ്യവും അതിന്റെ വിപണനവുമില്ലാതെ സർക്കാരുകൾക്ക് നിലനിൽപ്പില്ല. ഖജനാവിനെ മാസാദ്യങ്ങളിൽ താങ്ങി നിർത്തുന്നത് മദ്യപന്മാരുടെ സംഭാവനയാണ്. ഇത്രയുമൊക്കെ കാശ് ചെലവഴിക്കുമ്പോഴും അവരുടെ ഭാഗത്തു നിന്ന് ഒരു പരാതിയും ഉയരുന്നില്ല. മദ്യത്തിന് വില കൂട്ടുമ്പോൾപ്പോലും അവർ നിശബ്ദരാണ്. അപ്പോൾ പോലും പ്രതിഷേധമോ സമരമോ നടത്തിയതായി രേഖപ്പെടുത്തിയിട്ടുമില്ല. ഓരോ വില വർദ്ധനയിലും തകർന്നു പോകുന്ന അവരുടെ ആശ്രിതരെ ആരും പരിഗണിക്കാറില്ല. അവർക്ക് ഒരടിസ്ഥാന സൗകര്യവുമൊരുക്കി നൽകാൻ ഭരണകർത്താക്കൾ ശ്രമിക്കുന്നില്ല. അവരെ അങ്ങേയറ്റം ആശ്രയിക്കുന്ന സർക്കാരുകളാണെന്നോർക്കണം. അമ്പലങ്ങളിൽ നിന്നുള്ള വരുമാനമെടുത്ത് അമ്പലങ്ങൾ തന്നെ നവീകരിക്കുമ്പോൾ മദ്യപന്റെ വരുമാനത്തിൽ നിന്നുമെടുത്ത് അവന് ഒരഗതി മന്ദിരമെങ്കിലും നിർമ്മിക്കേണ്ടതല്ലേ?”
ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യേണ്ടുന്ന സമയങ്ങളുള്ള, തീരെ അനിശ്ചിതത്വം നിറഞ്ഞ ഒരു ജോലിയാണ് ബാർമാന്റേത് എന്ന് നോവലിസ്റ്റ് പറയുന്നതിന്റെ പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ വാചകങ്ങൾ നോക്കിക്കാണേണ്ടത്. ബാർ ഹോട്ടലുകൾ പൂട്ടിച്ച അവസരത്തിൽ അശരണരായി നിരത്തിലിറങ്ങേണ്ടി വന്ന ബാർ തൊഴിലാളികളുടെ നിസ്സഹായ ചിത്രങ്ങൾ തികഞ്ഞ മികവോടെ എഴുത്തുകാരൻ വരച്ചിടുന്നു. ബീർവൈൻ പാർലറുകളായി സകലരെയും കൊഞ്ഞനം കുത്തിക്കൊണ്ട് മദ്യവിൽപന പുനരവതാരമെടുക്കുന്നുണ്ട്. അപ്പോഴേക്കും കഥയിലെ പഴയ ബാർമാൻമാർ തിരികെയെത്താനാകാത്ത വിധം ജീവിതപാരാവാരങ്ങളിലേക്ക് ചിന്നിച്ചിതറിപ്പോയിരുന്നു. ബാററിവുകളുടെ മാത്രമല്ല, ചുറ്റും ഉണ്ടായിട്ടും ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത അനേകം ജീവിതങ്ങളുടെ കൂടി കഥയാണ് ബാർമാൻ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
കടപ്പാട്- wtplive
Comments are closed.