കാണാമറയത്തെ ലോകം
പ്രതാപന്റെ ‘ബാര്‍മാന്‍’ എന്ന നോവലിന് സക്കറിയ എഴുതി അവതാരികയില്‍ നിന്നും
ഒരുപക്ഷേ, മലയാള സാഹിത്യത്തില്‍ ഇതുവരെ സ്പര്‍ശിക്കപ്പെടാത്ത, എന്നാല്‍ കേരളീയ ജീവിതത്തിലേക്കും സാംസ്‌കാരിക പശ്ചാത്തലത്തിലേക്കും അലിഞ്ഞുചേര്‍ന്നിട്ടുള്ള, അതേസമയം തികച്ചും അടുത്തറിയപ്പെടാത്ത, ഒരു നിഗൂഢജീവിതവേദിയാണ് ഈ നോവലിന്റെ ലോകം: ബാര്‍ അഥവാ മദ്യശാല. മലയാളികളുടെ പൊതുജീവിതത്തിലെ സര്‍വ്വവ്യാപിയായ സാന്നിദ്ധ്യമാണ് ബാര്‍–അവയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അവയുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കുപോലും അവയൊരുരഹസ്യപ്രപഞ്ചമാണ്. അവിടെ കലയും സാഹിത്യവും സിനിമയും തത്ത്വശാസ്ത്രവും രാഷ്ട്രീയവുമെല്ലാം വാചാലസ്വപ്നങ്ങളിലേര്‍പ്പെടുന്നു.
സാധാരണക്കാരന്റെ ആശ്വാസകേന്ദ്രങ്ങളാണ് അവ. എല്ലുമുറിയെ പണിയെടുത്തു വരുന്നവന്
കുറച്ചുസമയത്തെ അത്താണി. അവയ്ക്കുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ പകലുകളും രാത്രികളും മാറുന്നതറിയാതെ ജീവിതത്തിന്റെ നല്ല പങ്കും ചെലവഴിക്കുന്ന ജീവനക്കാരുടെ ലോകവും അതുപോലെതന്നെ രഹസ്യാത്മകങ്ങളാണ് പ്രത്യക്ഷത്തില്‍. ബാറിലെ അര്‍ദ്ധാന്ധകാരത്തില്‍ നിഴലുകളെപ്പോലെ നമ്മെ സമീപിക്കുകയും സേവനം നല്‍കുകയും ചെയ്യുന്ന ബാര്‍മാന്റെയും വെയിറ്ററുടെയും പിന്നില്‍ സജീവവും സങ്കീര്‍ണ്ണവുമായ മനുഷ്യജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സ്പന്ദിക്കുന്നുണ്ട്.
പ്രതാപന്റെ ‘ബാര്‍മാന്‍’ ആ ലോകത്തിലേക്കും ഇവിടെ അധ്വാനിക്കുന്ന ജീവിതങ്ങളിലേക്കുമുള്ള, എന്റെയറിവില്‍ മലയാളത്തിലാദ്യത്തെ നോവല്‍ കാല്‍വയ്പാണ്. ശക്തവും ലളിതവും വേഗതയാര്‍ന്നതുമാണ് പ്രതാപന്റെ ആഖ്യാനം. സമൃദ്ധവും സജീവവും സംഭവബഹുലവുമാണ് കഥാകഥനം. നമ്മുടെ കണ്‍വെട്ടത്തുതന്നെയുള്ള കാണാമറയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു മായാലോകത്തിന്റെ അറിവുകളും അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞുനില്‍ക്കുന്ന ‘ബാര്‍മാന്‍’ മലയാള നോവലിലെ ഒന്നാന്തരമൊരു വായനാനുഭവമാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.