ലളിതജീവിതത്തിനുള്ള ബാലപാഠങ്ങള്‍
ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷികമൂല്യങ്ങള്‍ തന്റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാര്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂര്‍ത്തങ്ങളെ കുട്ടികള്‍ക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഉല്ലല ബാബു. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ബാപ്പുജി കഥകളുടെ നാലാം പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
ഗാന്ധിജിയുടെ ജീവിതം എന്ന കഥയില്‍നിന്ന്
സബര്‍മതി ആശ്രമം. ഒരു ദിവസം ഗാന്ധിജിയെ കാണാന്‍വേണ്ടി വിദേശത്തുനിന്നു രണ്ടു വ്യക്തികള്‍ ആശ്രമത്തിലെത്തി.ആശ്രമമുറ്റത്തെ കിണറ്റിന്‍കരയില്‍ ഒരു വൃദ്ധന്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുന്നത് അവന്‍ കണ്ടു. അവന്‍ വൃദ്ധനോട് അന്വേഷിച്ചു.
‘മഹാത്മാഗാന്ധി എവിടെ?’
‘നിങ്ങള്‍ ഇവിടെ ഇരിക്കൂ. അദ്ദേഹം ഇപ്പോള്‍ വരും.’ പൂമുഖത്തുകിടന്ന ബഞ്ച് ചൂണ്ടിക്കാണിച്ചുകൊണ്ട് വൃദ്ധന്‍ പറഞ്ഞു. വിദേശികള്‍ ബഞ്ചില്‍ ഇരുന്നു. പിന്നെയും അദ്ദേഹം അലക്കുജോലിയില്‍ മുഴുകി.
കുറച്ചുകഴിഞ്ഞ് വസ്ത്രങ്ങള്‍ അലക്കി ഉണങ്ങാനിട്ട് അദ്ദേഹം വിദേശ സുഹൃത്തുക്കള്‍ ഇരിക്കുന്നിടത്തേക്കു ചെന്നു. വൃദ്ധന്‍ അവരുടെ അടുത്ത് തിണ്ണയില്‍ ഇരുന്നു. എന്നിട്ട് ചോദിച്ചു.
‘നിങ്ങള്‍ എന്തിനാണ് ഗാന്ധിജിയെ കാണാന്‍ വന്നത്? ഞാന്‍തന്നെയാണ് ഗാന്ധിജി.’
വിദേശികള്‍ അത്ഭുതപ്പെട്ടുപോയി.
അദ്ദേഹം മുഖത്തോടുമുഖം നോക്കി.
ഇദ്ദേഹമാണോ ഗാന്ധിജി? ലോകപ്രശസ്തനായ ഒരു വ്യക്തി സ്വന്തം കൈകൊണ്ട് വസ്ത്രം അലക്കുമോ?
വിദേശ സുഹൃത്തുക്കളുടെ മുഖം ശ്രദ്ധിച്ചിട്ട് ഗാന്ധിജി പറഞ്ഞു:
‘സബര്‍മതി ആശ്രമത്തില്‍ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ല. ഇവിടെ അവനവന്റെ ജോലി അവനവന്‍ തന്നെ ചെയ്യുന്നു. ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതും മുറി വൃത്തിയാക്കുന്നതും വസ്ത്രം കഴുകുന്നതുമെല്ലാം അവരവര്‍ തന്നെ. ‘
തെല്ലിട നിര്‍ത്തി വിദേശികളുടെ മുഖത്തേക്കു ഗാന്ധിജി നോക്കി. അവരുടെ മുഖത്തുനിന്ന് അപ്പോഴും ആശ്ചര്യം വിട പറഞ്ഞിരുന്നില്ല. ഗാന്ധിജി തുടര്‍ന്നു.
‘ഒരാളുടെ ജീവിതം എത്രയും സരളമായിത്തീരുന്നുവോ അത്രയും അയാള്‍ ലോകത്തെ സേവിക്കാന്‍ അര്‍ഹനായിത്തീരുന്നു. സ്വന്തം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മറ്റുള്ളവരെ എങ്ങനെ സേവിക്കാന്‍ കഴിയും. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും ഏതൊരാളെയും കൂടുതല്‍ ഈശ്വരനോടടുപ്പിക്കുന്നു.
ഗാന്ധിജിയുടെ വാക്കുകള്‍ വിദേശികള്‍ക്ക് പുതിയ അനുഭവമായി. ലളിതജീവിതത്തിന്റെ ബാലപാഠം ഉള്‍ക്കൊണ്ടശേഷമാണ് അവര്‍ തിരിച്ചുപോയത്.
Comments are closed.