DCBOOKS
Malayalam News Literature Website

നിപ പ്രതിരോധം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ നടപടികളില്‍ കേരള സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോയാണ് ഉപഹാരം സമ്മാനിച്ചത്. കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയിലെ നല്‍കിയ സ്വീകരണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിപ പ്രതിരോധരംഗത്ത് കേരളം സ്വീകരിച്ച വിവിധ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചത്. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനകേന്ദ്രമായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി. 1996-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.

Comments are closed.