വിസ്മയം തീര്‍ക്കുന്ന ‘ബാലിദ്വീപ്’
കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്.കെ പൊറ്റെക്കാട് നടത്തിയ യാത്രയുടെ വിവരണവിവരണമാണ് ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും രാമേശ്വരവും ഒക്കെ ഇന്നും തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്ന ബാലിജനതയുടെ സംസ്‌കാരവും ജീവിതചര്യയും സ്വതസിദ്ധമായ ശൈലിയില്‍ വര്‍ണ്ണിക്കുന്ന കൃതിയാണ് എസ്.കെ. പൊറ്റെക്കാടിന്റെ ബാലിദ്വീപ്. ബാലിദ്വീപിന്റെ പതിമൂന്നാം പതിപ്പ് ഇപ്പോള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാലിദ്വീപിന് എസ്.കെ പൊറ്റെക്കാട് എഴുതിയ ആമുഖം
ഇന്‍ഡൊനേഷ്യയിലേക്ക് പുറപ്പെടാന്‍ ആദ്യമായി എന്നെ പ്രലോഭിപ്പിച്ചത് ബാലിദ്വീപിനെക്കുറിച്ച് ഒരമേരിക്കന്‍ മാസികയില്‍ വായിക്കാനിടയായ ഒരു ലേഖനമാണ്. മാറുമറയ്ക്കാത്ത തങ്കമേനികളായ മങ്കമാരും ശുദ്ധ നാടന്‍ കലാബോധം കല്ലില്‍ വാര്‍ത്തുവെച്ച ക്ഷേത്രങ്ങളും കന്യകമാരുടെ ഉറച്ചല്‍ നൃത്തങ്ങളും മറ്റും ആ ലേഖനത്തില്‍ സ്ഥലംപിടിച്ചിരുന്നുവെങ്കിലും എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത് മറ്റു ചില വസ്തുതകളായിരുന്നു. ബാലിദ്വീപ് എന്ന തലക്കെട്ടു മാറ്റിനിര്‍ത്തിയാല്‍ ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേരളത്തിലെ ഏതോ ഒരു ഗ്രാമത്തെപ്പറ്റിയാണെന്നു തോന്നിപ്പോകും. കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരള സംസ്‌കാരപ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അങ്ങനെതന്നെ ഇന്നും കണ്ടെത്താവുന്ന ഒരു കൊച്ചുനാട് നാലായിരം മൈല്‍ അകലെ നിലകൊള്ളുന്നുണ്ടെന്ന വസ്തുത എന്നെ ആവേശംകൊള്ളിച്ചു. ‘സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ’ ബാലിദ്വീപു സന്ദര്‍ശിക്കുമ്പോള്‍ ഈ വസ്തുതകളിലേക്കു വെളിച്ചം വീശുന്ന ചരിത്രാംശങ്ങള്‍ തേടിപ്പിടിക്കാന്‍ ഒരു പരിശ്രമം നടത്തണമെന്നും ഞാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയും മലയാ-ഇന്‍ഡൊനേഷ്യന്‍ നാടുകളും തമ്മിലുള്ള പ്രാചീന സാംസ്‌കാരികന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന പല ഗ്രന്ഥങ്ങളും നമുക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബാലിയും പ്രാചീനകേരളവും തമ്മിലുള്ള സവിശേഷ ബന്ധങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മുതിര്‍ന്നിട്ടില്ല. ഈ രണ്ടു നാടുകളും തമ്മില്‍ ഒരു പ്രാചീനന്ധമുണ്ടെന്ന ആശയം തന്നെ അവരുടെ ഉള്ളില്‍ കടന്നുകൂടിയിട്ടില്ലെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കേണ്ടതു മലയാളികളാണ്. ചുരുക്കം ചില മലയാളികള്‍ ബാലിദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. ബാലി-കേരള ബന്ധത്തിന്റെ ഗന്ധം അവര്‍ക്കനുഭവെപ്പട്ടിരുന്നുവോ എന്നറിഞ്ഞുകൂടാ.
ഈ ആശയം ഉള്ളിലൊതുക്കിക്കൊണ്ടാണ് ഞാന്‍ ബാലിദ്വീപില്‍ ഇറങ്ങിയത്. ബാലിദ്വീപിലെ എന്റെ താമസവും സഞ്ചാരങ്ങളും കാഴ്ചകളും അനുഭവങ്ങളും എന്റെ വിശ്വാസത്തിന് വെളിച്ചവും വളര്‍ച്ചയും നല്‍കിക്കൊണ്ടിരുന്നു. ഞാന്‍ ചരിത്രഗവേഷകനല്ല. എന്നാലും കേരളത്തിന്റെ പുരാതനചരിത്രത്തിലെ കാണാതായൊരു സ്വര്‍ണ്ണക്കണ്ണി ബാലിദ്വീപില്‍ വീണുകിടക്കുന്നുവെന്ന് എനിക്കു തോന്നുന്നു.
ഞാന്‍ ബാലിദ്വീപിേനാട് ‘ത്യാങ് പാമിത്ത്’പറഞ്ഞു വിടവാങ്ങിയിട്ട് വര്‍ഷം അഞ്ചുകഴിഞ്ഞു. ബാലി എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായ ഇന്‍ഡൊനേഷ്യയെക്കുറിച്ചുള്ള ഗ്രന്ഥം ‘ഇന്‍ഡൊനേഷ്യന്‍ ഡയറി’ മൂന്നു കൊല്ലം മുമ്പ് പുറത്തുവന്നു. എന്നാല്‍, ബാലിദ്വീപിനെക്കുറിച്ചുള്ള ഗ്രന്ഥം എഴുതി പൂര്‍ത്തിയാക്കുവാന്‍ പിന്നെയും രണ്ടു കൊല്ലം വേണ്ടിവന്നു. ബാലിദ്വീപിനെപ്പറ്റി-വിശേഷിച്ചും ലോകത്തില്‍ ഇന്ത്യയ്ക്കു പുറത്ത് ഇന്നും നിലനിന്നുവരുന്ന ഒരേയൊരു പ്രാചീന ഹൈന്ദവജനതയെപ്പറ്റി പൂര്‍ണ്ണവിവരങ്ങളടങ്ങിയ ഒരു വലിയ ഗ്രന്ഥം തയ്യാറാക്കണമെന്നായിരുന്നു എന്റെ മോഹം. അതു തൃപ്തികരമായി നിര്‍വ്വഹിപ്പാന്‍ എനിക്കു സാധിച്ചില്ല. എന്റെ വിദേശപര്യടനചരിത്രത്തിലെ കാതലായ പല ഭാഗങ്ങളും പുറത്തു വരാനിരിക്കുന്നേയുള്ളു. അവയെല്ലാം തൃപ്തികരമായി എഴുതി പൂര്‍ത്തിയാക്കുവാന്‍ എത്രകാലം പിടിക്കുമെന്ന് എനിക്കുതന്നെ നിശ്ചയമില്ല (സഞ്ചാരത്തിനു ചെലവഴിച്ച കാലത്തെക്കാളും അനുഭവിച്ച ക്ലേശങ്ങളെക്കാളും കൂടുതല്‍ കാലവും ക്ലേശങ്ങളും ആ സഞ്ചാരവിവരണങ്ങളെഴുതി പൂര്‍ത്തിയാക്കുവാന്‍ വേണ്ടിവരുന്നുഎന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്). അക്കൂട്ടത്തില്‍ ബാലിദ്വീപും അനിശ്ചിതകാലത്തിന്റെ അണിയറയില്‍ അകപ്പെട്ടുപോകരുതെന്നു കരുതി മാത്രമാണ്, കേവലം ബാല്യദശയിലുള്ള ഈ ബാലിദ്വീപ് കേരളീയരുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ബാലിദ്വീപും കേരളക്കരയും തമ്മിലുള്ള പ്രാചീനന്ധത്തിന്റെ സുന്ദരസ്വപ്നങ്ങളുണര്‍ത്തുന്ന ചില ഐതിഹ്യങ്ങളും ഹൈന്ദവചിന്താഗതിയിലൂടെയുള്ള ചില നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കിത്തീര്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടുറഞ്ഞു കിടക്കുന്ന പ്രാചീന കേരളചരിത്രക്കലവറയിലേക്ക് നാലായിരം മൈല്‍ അകെലയുള്ള ബാലിദ്വീപില്‍നിന്നു ചില മിന്നാമിനുങ്ങുകള്‍ പറന്നുവരുന്നുണ്ടെന്ന വാര്‍ത്ത ഒരു സഞ്ചാരിയുടെ നിലയില്‍ കേരളചരിത്രഗവേഷകന്മാരുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളു.
ഈ ‘ബാലിദ്വീപിന്റെ’ വളര്‍ച്ചയ്ക്ക് ഒട്ടേറെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പത്രമാസികാലേഖനങ്ങളും പോഷകാംശങ്ങളായിത്തീര്‍ന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടത് മിഗൈ്വല്‍ കൊവാറുയാസ്സിന്റെ ‘ബാലി ഐലന്‍ഡ്’ എന്ന ബൃഹദ്ഗ്രന്ഥമാണ്. മെക്‌സിക്കോക്കാരനായ കൊവാറുയാസ് പ്രസിദ്ധനായൊരു ചിത്രകാരനും പ്രഗല്ഭനായൊരു ചരിത്രഗവേഷകനുമാണ്. ബാലിദ്വീപിലെ ഹൈന്ദവജനതയെക്കുറിച്ച് ഒരു സമഗ്രപഠനം നടത്തുന്നതിനുവേണ്ടി ഇദ്ദേഹം രണ്ടുതവണ ബാലിദ്വീപില്‍ ചെന്നു താമസിക്കുകയുണ്ടായി. ബാലിഭാഷ പഠിച്ച , ബാലിക്കാരുെടകൂടെ താമസിച്ച്, അവരുടെ എല്ലാ ജീവിതചലനങ്ങളും എഴുത്തുകാരന്റെയും ചിത്രകാരന്റെയും തൂലികകള്‍കൊണ്ടു പകര്‍ത്തി ഐതിഹ്യങ്ങള്‍ ശേഖരിച്ച്, കിട്ടാവുന്ന എല്ലാ പഴയ ബാലി താളിയോലഗ്രന്ഥങ്ങളും പരിശോധിച്ച് കൊവാറുയാസ് തയ്യാറാക്കിയ ‘ബാലിഐലന്‍ഡ്’, ബാലിദ്വീപിനെസ്സംബന്ധിച്ചുള്ള ഏറ്റവും പ്രമാണപ്പെട്ട ഗ്രന്ഥമാണ്. എന്റെ ഈ ‘ബാലിദ്വീപി’ല്‍ എനിക്കു നേരിട്ടു കണ്ടുപഠിക്കാന്‍ കഴിയാതെപോയ പല വസ്തുതകളും പ്രസ്താവിക്കേണ്ടതായി വന്നിട്ടുണ്ട്. അവയ്‌ക്കെല്ലാം കൊവാറുയാസ്സിനെയാണ് ഞാന്‍ ആശ്രയിച്ചിട്ടുള്ളത്. ഹൈന്ദവധര്‍മ്മത്തെക്കുറിച്ചുള്ള ദുര്‍ബ്ബലബോധംമൂലം ബാലിക്കാരുടെ മതത്തെപ്പറ്റി പറയുമ്പോള്‍ കൊവാറു യാസ്സിനു ചില പ്രമാദങ്ങള്‍ പറ്റിയിട്ടുണ്ട്. ബാലിക്കാരെപ്പറ്റി
തെക്കേ അമേരിക്കക്കാരനായ ഒരു വെള്ളക്കാരന് രണ്ടു കൊല്ലംകൊണ്ടു പഠിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു കേരളീയനു രണ്ടുമാസംകൊണ്ടു മനസ്സിലാക്കാം. കാരണം, ബാലിക്കാരനും കേരളീയനും ഒരു പഴയ സംസ്‌കാരവടവൃക്ഷത്തിന്റെ വിദൂരവര്‍ത്തികളായ രണ്ടു വേടുകളാണ്.
ബാലിക്കാരുടെ ലോകം ബാലിദ്വീപില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. ബാഹ്യലോകത്തെക്കുറിച്ച്, അവര്‍ക്ക് ഒന്നും അറിഞ്ഞുകൂടാ–അറിയാന്‍ അവര്‍ക്ക് ഒട്ടും താത്പര്യവുമില്ല. വിദേശീയരായ സന്ദര്‍ശകര്‍, ബാലിയില്‍ വരുന്നത് എന്തിനാണെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല. ബാലിയില്‍ വന്നിറങ്ങിയ ഒരമേരിക്കന്‍ സന്ദര്‍ശകസംഘത്തെ ചൂണ്ടിക്കാട്ടി ഒരു ബാലിമുത്തശ്ശി തന്റെ പേരക്കുട്ടിയെ പറഞ്ഞുമനസ്സിലാക്കിയത് ഇങ്ങനെയാണ്: ”തങ്ങളുടെ നാട്ടില്‍വെച്ച് എന്തോ കുറ്റം ചെയ്തതിനാല്‍ അവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട കൂട്ടരാണ് ഇവര്‍.”
തങ്ങളുടെ മതത്തിന്റേയും സംസ്‌കാരചൈതന്യത്തിന്റേയും പുരാതന മാതൃഭൂമിയായ ഇന്ത്യയെ അവര്‍ മറന്നിരിക്കുന്നു. എന്നാല്‍ അയോദ്ധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും അവര്‍ ബാലിദ്വീപില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവര്‍ രാമായണത്തിന്റേയും ഭാരതത്തിന്റേയും കാലങ്ങളിലേക്കു നീങ്ങി ജീവിക്കുന്നവരാണ്. നവീനവിദ്യാഭ്യാസം സിദ്ധിച്ച ബാലിക്കാര്‍പോലും വീട്ടിലിരിക്കുമ്പോള്‍ ത്രേതായുഗത്തിന്റെ അന്തരീക്ഷത്തില്‍ ചിന്തിക്കുന്നവരാണ്.
രാജവംശജനും, ഉബൂദ്ഗ്രാമാധിപനും ഇംഗ്ലീഷടക്കം അഞ്ചു ഭാഷകള്‍ പഠിച്ച പണ്ഡിതനുമായ എന്റെ ആതിഥേയന്‍ ചൊക്കോര്‍ദ്ദെ അഗുംഗ് ഒരു ബാലന്റെ നിഷ്‌കളങ്കമായ ഔത്സുക്യത്തോടെ എന്നോടു ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു: ”രാമേശ്വരം ഇപ്പോഴുമുണ്ടോ?”
”ഉണ്ട്.” ഞാന്‍ പറഞ്ഞു.
”നിങ്ങള്‍ കണ്ടിട്ടുേണ്ടാ?”
”കണ്ടിട്ടുണ്ട്.”
”എന്റെ ഭഗവാനെ!” ചൊക്കോര്‍ദ്ദെ ഭക്തിപൂര്‍വ്വം മിഴിയടച്ചു ധ്യാനിച്ച് എന്റെ ചുമലില്‍ ഒന്നു സ്പര്‍ശിച്ചു. മന്ത്രം ജപിക്കുംപോലെ ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ”രാമേശ്വരത്തുപോയ പുണ്യവാനെയാണ് ഞാന്‍ തൊടുന്നത്-രാമേശ്വരത്തുപോയ പുണ്യവാനെയാണ് ഞാന്‍ തൊടുന്നത്.”
അതെ, ഞാന്‍ ബാലിദ്വീപിനോട് ‘ത്യാങ് പാമിത്ത്’ (പോയ് വരട്ടെ) എന്നു പറഞ്ഞിട്ട് അഞ്ചുകൊല്ലം കഴിഞ്ഞു. എന്നാലും ഇതെഴുതുമ്പോള്‍ ബാലി ദ്വീപിന്റെ ജീവിതചിത്രങ്ങള്‍ എന്റെ മിഴികളില്‍ മങ്ങാതെ നീങ്ങിവരുന്നു. പാട്ടും കൂത്തും പൊട്ടിച്ചിരികളുംകൊണ്ടു നെയ്‌തെടുത്ത ബാലിജീവിതത്തിന്റെ ചന്തവും ഗന്ധവും എന്നെ പുളകംകൊള്ളിക്കുന്നു. തെങ്ങിന്‍ തോപ്പുകളുടെ ഭംഗി കേരളത്തേയും അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ആ തെങ്ങിന്‍ തോപ്പുകളിലൂടെ അപ്പങ്ങളും നറുമലരുകളും കൂമ്പാരമാക്കിവെച്ച കൂണിന്റെ ആകൃതിയിലുള്ള മരത്തട്ട് തലയേറ്റി നൃത്തഭംഗിയില്‍ നീങ്ങിവരുന്ന രത്‌നകന്യകകളെ ഇവിടെ കാണുകയില്ല. കുന്നിന്‍ചെരുവുകളിലെ നെല്‍വയല്‍ത്തട്ടുകളില്‍ നിന്നുള്ള നീരൊഴുക്കിന്റെ നിത്യസംഗീതം ഇവിടെ കേള്‍ക്കുകയില്ല. ഗ്യാമലിന്‍ വാദ്യസംഗീതം ഇവിടെ മുഴങ്ങുന്നില്ല–പ്രത്യഗ്രനൂതനമായ പ്രകൃതിഭംഗിയുടെ നേപത്ഥ്യത്തില്‍ ജീവിതം നിറപ്പകിട്ടുള്ളൊരുത്സവമായി നിത്യവും കൊണ്ടാടുന്ന ആ നിഷ്‌കളങ്കജനതയെ ഇതാ വീണ്ടും വിദൂരമായ കേരളത്തില്‍നിന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
മാഹി എസ്.കെ. പൊറ്റെക്കാട്ട്
15.06.1958
Comments are closed.