ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മോഹിപ്പിച്ച അന്യഭാഷാകവിതകള്‍
പ്രിയപ്പെട്ടവളേ, നീ ഓര്‍ക്കുന്നുവോ ഗ്രീഷ്മകാലത്തെ ആ സുന്ദരപ്രഭാതം… കമിതാക്കളായ നമ്മള്‍ അന്ന് ഗ്രാമപാതയിലൂടെ ഉല്ലാസത്തോടെ നടക്കുകയായിരുന്നു. കൈകള്‍ പരസ്പരം കോര്‍ത്ത് ഹൃദയങ്ങള്‍ ഒന്നായി ചേര്‍ത്ത് ഉഷസ്സിന്റെ ആദ്യ രശ്മികള്‍ പതിക്കുന്ന വഴിയോരകാഴ്ചകള്‍ കണ്ട്….
പ്രേമം കൊണ്ട് ത്രസിക്കുന്ന മനസ്സും പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയങ്ങളും പെട്ടെന്നാണ് മാഞ്ഞത്. അവിടെ വഴിവക്കില്‍ ഒരു മൃഗത്തിന്റെ ചീഞ്ഞ ജഡം. വിഷകരമായ വിയര്‍പ്പ് പൊടിഞ്ഞും ദുഷിച്ച വായുനിറഞ്ഞ പെരുവയര്‍ നാണവും മാനവുമില്ലാതെ ലോകത്തെ കാട്ടി കാലുപൊക്കിക്കിടക്കുന്ന ആ മൃഗജഡം ഒരു കാമാര്‍ത്തയെ ഓര്‍മ്മിപ്പിക്കുന്നു. ആ ജീവിയെ സൃഷ്ടിക്കാന്‍ വിശ്വപ്രകൃതി ഉപയോഗിച്ച മൂലകമെല്ലാം നൂറുമടങ്ങായിട്ട് പ്രകൃതിയിലേക്കു തിരിച്ചു കൊടുക്കുന്നതിനായിരിക്കാം ആ ജഡം ഇപ്രകാരം സ്വയം പാകപ്പെടുന്നത്. ആ ജീര്‍ണ്ണതയ്ക്കുമേല്‍ ആകാശത്തുനിന്ന് സൂര്യന്‍ അല്‍പം ചൂടും പകരുന്നുണ്ടായിരുന്നു. അപ്പോള്‍ കെട്ടഴുകിയ വയറിനു ചുറ്റും മുളിപ്പറക്കുന്ന ഈച്ചകള്‍ , കരിംപുഴുക്കളുടെ കൂട്ടങ്ങള്‍ കുഷ്ഠരക്തംപോലെ തൊലിക്കടിയില്‍നിന്നും പുറത്തുവരുന്നു. അപ്പുറത്തുള്ള പാറയ്ക്കു പിന്നില്‍ ചത്തമൃഗത്തിന്റെ ബാക്കി ഭാഗം തിന്നുതീര്‍ക്കാന്‍ ഒരു പെണ്‍പട്ടി കാത്തുനില്ക്കുന്നു… ബീഭത്സമായ ഈ കാഴ്ചകളുടെ ഓര്‍മ്മകള്‍ പ്രണയിനിയിലേക്ക് സംക്രമിപ്പിക്കുകയാണ് നഷ്ടപ്രണയിയായ കാമുകന്‍ .
ആധുനികതാപ്രസ്ഥാനത്തിന്റെ ആദ്യപ്രചോദകന്‍ എന്ന നിലയ്ക്ക് പാശ്ചാത്യ കവിതയില്‍ സ്വാധീനം ചെലുത്തിയ പ്രശസ്ത ഫ്രഞ്ച് പ്രതീകാത്മകകവി ഷാള്‍സ് ബോദ്‌ലേയുടെ ‘മൃഗജഡം’ എന്ന കവിത ഇവിടെ ആരംഭിക്കുന്നു.
മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തി, ഈ കവിത ഒരിക്കല്‍ ഒരു നിറഞ്ഞ സാഹിത്യ സദസ്സില്‍ ചൊല്ലുമ്പോള്‍ നീണ്ട നിശ്ശബ്ദത അവിടെ തളംകെട്ടിനിന്നു.
”ഓമനേ, സുന്ദര ഗ്രീഷ്മ പ്രഭാതത്തില്‍
നാമൊരുമിച്ചു നടക്കുന്ന വേളയില്‍
ഏതോ മൃഗത്തിന്റെ ചീഞ്ഞജഡം ചരല്‍ –
പാതയോരത്തു നാം കണ്ടതോര്‍ക്കുന്നുവോ?”
ചായം തേച്ച മുഖങ്ങള്‍ , നിറം പിടിപ്പിച്ച ചുണ്ടുകള്‍ സൗന്ദര്യമെന്ന മായിക വിഭ്രമത്തില്‍ ‘കുന്തിച്ചു കുന്തിച്ചു’ സ്വയം അഹങ്കരിക്കുന്ന പൊങ്ങച്ച സഞ്ചികള്‍ – ഒരു നിമിഷം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ.
കാമുകന്‍ പ്രണയിനിയോടു പറയുന്നു:
”എന്റെ മാലാഖേ, പ്രണയമേ, കണ്‍കള്‍തന്‍
തങ്കനക്ഷത്രമേ, ആത്മപ്രകാശമേ
നീയുമിതേപോലെ ചീഞ്ഞഴുകും നാളെ
നീയുമിതേപോലെ നാറിപ്പുഴുത്തുപോം”
സൗന്ദര്യത്തെ അതിന്റെ വിപരീതലത്തിലേക്കും അദ്ധ്യാത്മികയിലേക്കും നിര്‍ദ്ധാരണം ചെയ്യപ്പെടുന്ന ഈ കവിത മറ്റൊരു തലത്തില്‍ അന്തരംഗത്തെ പ്രകമ്പിതമാക്കുന്നു.
അയാള്‍ പിന്നെയും പറയുന്നു.
പ്രിയേ, എത്ര ഭീതിജനകമാണിത്! ഇതുപോലെയാണ് നിന്റെ അന്ത്യരംഗവും. അന്ത്യശുശ്രൂഷകള്‍ക്കുശേഷം പൂക്കള്‍ വിടരുന്ന പൊന്തപ്പടര്‍പ്പുകള്‍ക്കും പുല്ലിനും താഴെയുള്ള മണ്ണിന്നടിയില്‍ നീ വിശ്രമം കൊള്ളുമ്പോള്‍ , അഴുകുന്ന നിന്നെ ഉമ്മവയ്ക്കുകയും ഉണ്ണുകയും ചെയ്യുന്ന പുഴുക്കളോടൊക്കെ നഷ്ടപ്പെട്ട പ്രണയത്തിന്റെ പൂര്‍ണ്ണമായ സ്വരൂപവും ദിവ്യമായ ചൈതന്യവും ഞാന്‍ എന്നെന്നേക്കും ഉള്ളില്‍ സൂക്ഷിക്കുന്നു എന്ന രഹസ്യം നീ പറഞ്ഞു കൊടുക്കുമല്ലോ…
ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ മോഹിപ്പിച്ച ഏതാനും അന്യഭാഷാ കവിതകള്‍ പലകാലങ്ങളിലായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അത്തരം കവിതകളുടെ സമാഹാരമാണ് ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍ ‘ എന്ന പുസ്തകം. ഷാള്‍സ് ബോദ്‌ലയോടൊപ്പം പാബ്ലോ നെരൂദ, ഗാര്‍സിയ ലോര്‍ക, രബീന്ദ്രനാഥ ടാഗോര്‍, ടെനിസന്‍, കിനോഷിത യൂജി, മറീന സ്വതയെവ, പോള്‍സെലാന്‍, ഡബ്ലു ബി യേറ്റ്‌സ് തുടങ്ങിയ 22 വിശ്വമഹാകവികളുടെ 34 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തയ്യാറാക്കിയത് : അരവിന്ദന്‍
Comments are closed.