മകള്‍ക്കായി കരുതിവെച്ച ബാലഭാസ്‌കറിന്റെ സമ്മാനം
സംഗീതപ്രേമികളുടെ മനസ്സില്‍ നോവിന്റെ ഒരായിരം ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മടങ്ങിയത്. സംഗീതത്തെ ജീവനു തുല്യം സ്‌നേഹിച്ച ആ അതുല്യപ്രതിഭയുടെ കരവിരുതില്‍ നിന്നും ഉയിര്‍കൊണ്ട നാദവിസ്മയങ്ങളെ ഒരു തേങ്ങലോടെയല്ലാതെ ഇന്ന് കേള്‍ക്കാനാവില്ല. അത്രമേല്‍ ഹൃദയഭേദകമായിരുന്നു ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം. നിലയ്ക്കാത്ത കരഘോഷങ്ങള്‍ക്ക് മുമ്പില്‍ നിര്‍മ്മലചിത്തനായി, ഏറെ ലാളിത്യത്തോടെ, കൂപ്പുകൈകളോടെ, നിഷ്‌ക്കളങ്കമായ പുഞ്ചിരിയോടെ വേദികളില്‍ നിറഞ്ഞു നിന്ന ആ സൗമ്യസാന്നിധ്യത്തിന്റെ ഓര്‍മ്മയില്‍ മെന്റലിസ്റ്റ് ആദി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
മകള്‍ തേജസ്വിനി ആദ്യമായി ബാലഭാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോഴുള്ള വീഡിയോ ആണിത്. പരിപാടിക്കു മുമ്പായി ബാലഭാസ്‌കര്‍ മകളെ സദസ്സിന് പരിചയപ്പെടുത്തുന്നുണ്ട്. അതിനു ശേഷം കുഞ്ഞിനായി നീലാംബരി രാഗത്തില്‍ ബാലഭാസ്‌കര്‍ വയലിനില്‍ സൃഷ്ടിക്കുന്ന നാദം കാഴ്ചക്കാരെ ഈറനണിയിക്കുന്നതാണ്. ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച ഈ വീഡിയോ റിലീസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ആദി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരണമടഞ്ഞത്. മകള്‍ തേജസ്വിനി അപകടത്തില്‍ തത്ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments are closed.