ബാഫഖിതങ്ങളുടെ രാഷ്ട്രീയകാലം
സമീര്‍ കാവാഡ്
ബാഫഖി തങ്ങളുടെ രാഷ്ട്രീയജീവിതത്തെ വിലയിരുത്തുന്നതോടൊപ്പം അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഏതര്‍ത്ഥത്തിലാണ് വെളിച്ചമായിത്തീരുന്നതെന്നും അദ്ദേഹത്തെ ആ അര്‍ത്ഥത്തില്‍ പുതുതലമുറ മനസ്സിലാക്കേണ്ടതിന്റെ പ്രസക്തിയെന്താണെന്നും പരിശോധിക്കുന്നു. സ്വതന്ത്ര്യപൂര്‍വ്വ-സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍രാഷ്ട്രീയത്തിലിടപെട്ട ജനനേതാവ് എന്നര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സ്മരണ കാലികപ്രസക്തമാണ്.
കേരളരാഷ്ട്രീയത്തിനും മുസ്ലിം സാമൂഹികജീവിതത്തിലും എക്കാലത്തേക്കും മായാത്ത മാതൃകകള്‍
തീര്‍ത്ത അനശ്വരസാന്നിധ്യമായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം പില്‍ക്കാലത്തഭിമുഖീകരിച്ച പ്രതിസന്ധികളില്‍ തങ്ങള്‍ കാണിച്ച മാതൃകകള്‍ അദ്ദേഹം ഊര്‍ജ്ജംനല്‍കി വളര്‍ത്തിയെടുത്ത പ്രസ്ഥനമെന്ന നിലയില്‍ ലീഗ് എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും, വര്‍ത്തമാനത്തില്‍ ലീഗ് അഭിമുഖീകരിക്കുന്ന രാഷ്ട്രീയസാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഏതൊക്കെ രീതിയില്‍ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കുകയാണിതില്‍.
ബാഫഖി തങ്ങളെക്കുറിച്ച്; ‘രാഷ്ട്രീയത്തില്‍ സത്യസന്ധത പ്രാവര്‍ത്തികമാക്കിക്കാണിച്ചയാള്‍’ എന്ന
അന്നത്തെ കോഴിക്കോട് ഖാസിയുടെ വിശേഷണം ഇന്നും ഏറെ പ്രസക്തമാണ്. ‘വിഭജനത്തിനുശേഷം
മുസ്ലിംകള്‍ അന്തംവിട്ടു നട്ടംതിരിയുമ്പോള്‍ ഐക്യത്തിന്റെയും, സത്യസന്ധതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും ഇസ്ലാമികസന്ദേശവുമായി വന്ന് അവരെ ശരിയായ മാര്‍ഗ്ഗത്തിലേക്കു നയിച്ചയാള്‍ എന്ന നിരീക്ഷണവും ശ്രദ്ധേയം. കാരണം, അക്കാലത്ത് മലബാറിലെ മുസ്ലിംലീഗിന്റെ എല്ലാമെല്ലാമായിരുന്ന സത്താര്‍ സേട്ടടക്കമുള്ളവര്‍ പാകിസ്ഥാനിലേക്ക് കൂടിയേറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥമാക്കപ്പെട്ട അവസ്ഥയില്‍ മലബാറിലെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ബാഫഖി തങ്ങള്‍ പൂര്‍വ്വമാതൃകകളില്ലാത്ത നേതൃപാടവമാണ് പ്രകടിപ്പിച്ചത്. ആ മാതൃക പിന്നീട് പലപ്പോഴും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ആദര്‍ശമായിത്തീര്‍ന്നു, പ്രത്യേകിച്ചും രാഷ്ട്രത്തോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായ ഘട്ടങ്ങളിലെല്ലാം. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തിലും സമുദായത്തില്‍നിന്നും ഇടതുപക്ഷക്കാരില്‍നിന്നും ഒരുപോലെ അത്രമേല്‍ പഴികേട്ട് ഒറ്റപ്പെട്ടുപോയിട്ടും ലീഗിനെ സമാധാനത്തിന്റെയും സംയമനത്തിന്റെയും പാതയില്‍ അടിയുറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതും ബാഫഖി തങ്ങളുടെ നേതൃസ്വാധീന പാടവം കൊണ്ടാണ്.
1956-ല്‍ വയനാട്ടില്‍വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍, മുസ്ലിം ലീഗ് എന്തിനു നിലകൊള്ളുന്നു എന്നതിനെക്കുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ബാഫഖിതങ്ങള്‍ വ്യക്തമാക്കുകയുണ്ടായി, ‘ഗവര്‍മെന്റിനെ അട്ടിമറിക്കാനോ നാട്ടില്‍ കുഴപ്പവും അരാജകത്വവും സൃഷ്ടിക്കാനോ ഇതരസമുദായക്കാരെ ദ്രോഹിക്കാനോ സ്വസമുദായത്തെ അപകടത്തിലാക്കാനോ അല്ല മുസ്ലിംലീഗ് നിലകൊള്ളുന്നത്. ഈ രാജ്യത്തെ നാലുകോടി മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇസ്ലാമിനെ സേവിക്കാനും നാട്ടില്‍ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും നിലനിര്‍ത്താനുമാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നത്.’ ഈ നിലപാടുതറയുടെ ഈടുവെയ്പ്പില്‍ മാത്രമേ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിനു അന്നുമിന്നും പ്രസക്തിയുള്ളൂ.
പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.