DCBOOKS
Malayalam News Literature Website

ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം

പ്രവാസി മലയാളികള്‍ക്ക് വായനയുടെ വിരുന്നൊരുക്കി ബഹ്‌റിന്‍ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ബി.കെ.എസ്-ഡി. സി അന്താരാഷ്ട്ര പുസ്തകമേളക്ക് മികച്ച പ്രതികരണം. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ വിവിധ വിഭാഗങ്ങളിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കുചേരുന്നു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ പ്രകാശ് രാജാണ് മേള ഉദ്ഘാടനം ചെയ്തത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം എന്ന കൃതിയുടെ പ്രകാശനകര്‍മ്മവും വേദിയില്‍വെച്ച് നടന്നു.

ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകാശ് രാജ് രചിച്ച നമ്മെ വിഴുങ്ങുന്ന മൗനം എന്ന കൃതിയുടെ പ്രകാശനകര്‍മ്മം

കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ള കഥാകൃത്ത് എന്‍.എസ് മാധവന് സമ്മാനിച്ചു. ബഹ്‌റിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ള കഥാകൃത്ത് എന്‍.എസ്. മാധവന് സമ്മാനിക്കുന്നു.

പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.

Comments are closed.