എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്
പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും ആലോചനകളിലൂടെയും അഭിമുഖങ്ങളിലൂടെയും എം.എന്‍. കാരശ്ശേരി. സുകുമാര്‍ അഴീക്കോടിനെ അടുത്തറിയാനുള്ള പുസ്തകമാണ് എം.എന്‍. കാരശ്ശേരി എഴുതിയ അഴീക്കോട് മാഷ്.
പുസ്തകത്തിന് എം.എന്‍. കാരശ്ശേരി എഴുതിയ ആമുഖക്കുറിപ്പ്…
തെറ്റിദ്ധരിക്കരുതേ. ഇത് സുകുമാര്‍ അഴീക്കോടിനെപ്പറ്റിയുള്ള സമഗ്രപഠനമല്ല; ആ ഗുരുനാഥനുമായി ബന്ധപ്പെട്ടു ജീവിച്ച നാല്‍പ്പത് കൊല്ലക്കാലത്തെ എന്റെ അനുഭവങ്ങളില്‍നിന്നുള്ള ചില ഓര്‍മക്കുറിപ്പുകളും ഞങ്ങള്‍ അനേകം തവണ വര്‍ത്തമാനം പറഞ്ഞതില്‍നിന്നുള്ള ചില പകര്‍പ്പുകളും മാത്രമാണ്. അഴീക്കോട് മാസ്റ്ററുടെ വ്യക്തിത്വം, പ്രസംഗം, അധ്യാപനം, സാമൂഹ്യവിമര്‍ശനം എന്നിവയെ മാത്രമേ ഈ സമാഹാരം സ്പര്‍ശിക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ സാഹിത്യനിരൂപണം, ഉപനിഷദ്‌വ്യാഖ്യാനം, രാഷ്ട്രീയചിന്ത, പൊതുപ്രവര്‍ത്തനം, കോളമെഴുത്ത്, കായികകലാവിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ ഭാഗങ്ങളെപ്പറ്റി യാതൊന്നും ഇവിടെ പ്രതീക്ഷിക്കരുത് എന്നര്‍ഥം.
ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ആലോചനയേ ഉണ്ടായിരുന്നില്ല. ‘ഭാഷാപോഷിണി’ യുടെ അഴീക്കോട് അനുസ്മരണലക്ക(2012 ഫെബ്രുവരി)ത്തിലേക്കു സുദീര്‍ഘമായി എഴുതണമെന്നു പറഞ്ഞ കെ. സി. നാരായണനാണ് ഇതിലെ മിക്ക കുറിപ്പുകള്‍ക്കും നിമിത്തമായത്. ‘ഭാഷാപോ
ഷിണി’യില്‍ വന്ന ചിലതും മറ്റു പ്രസിദ്ധീകരണങ്ങളില്‍ നേരത്തേവന്ന ലേഖനങ്ങളും അഭിമുഖങ്ങളുമെല്ലാം ചേര്‍ത്ത് സമാഹരമാക്കാം എന്നു നിര്‍ദേശിച്ചതും അദ്ദേഹംതന്നെ. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍(2012) 30 കൊല്ലത്തിനിടയ്ക്ക്(1982-2012) ഞാന്‍ എഴുതിയ 15 ലേഖനങ്ങളാണ് സമാഹരിച്ചത്.
അനുഭവം, അഭിമുഖം എന്നു വകതിരിച്ചിരിക്കുന്ന അവയില്‍ ചില പിഴകള്‍ തിരുത്തുക, ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുക തുടങ്ങി ചില്ലറ പരിഷ്‌കരണങ്ങളേ ആദ്യപതിപ്പിനുവേണ്ടി നടത്തിയിട്ടുള്ളൂ. പാവത്താനും ഭാവത്താനും, മതേതരഭാരതം എന്നീ കുറിപ്പുകള്‍ മാത്രമാണു പുസ്തകത്തിനുവേണ്ടി പുതുതായി എഴുതിയത്. ഈ രചനകളില്‍ പലതിനും പ്രേരണ നല്‍കിയ വി. ആര്‍. ഗോവിന്ദനുണ്ണി, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, പാലക്കീഴ് നാരായണന്‍, കമല്‍റാം സജീവ്, എം. പി. സുരേന്ദ്രന്‍ തുടങ്ങിയവരുടെ സൗഹാര്‍ദത്തെ ഞാന്‍ ഈ നേരത്ത് അഭിവാദ്യം ചെയ്യുന്നു. ഈ പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ് ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
അഴീക്കോട് മാസ്റ്ററുടെ കാലം കഴിഞ്ഞ് പ്രേംചന്ദ്, സി.പി. അബൂബക്കര്‍ എന്നീ സുഹൃത്തുക്കളുടെ പ്രേരണയില്‍ എഴുതിയ ‘ചില പ്രതിധ്വനികള്‍’, ‘പ്രസംഗത്തിന്റെ പാഠങ്ങള്‍’ എന്നീ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് രണ്ടാം പതിപ്പിനുവേണ്ടി ചെയ്ത പരിഷ്‌കാരം; പിന്നെ ചില പിഴകള്‍ തിരുത്തിയതും. അച്ചുപിഴ പരിശോധിച്ചത് എം. അശോകന്‍ മാസ്റ്ററാണ്. രണ്ടാംപതിപ്പ് പുറത്തുകൊണ്ടുവരുന്ന സുകുമാര്‍ അഴീക്കോട് ട്രസ്റ്റിന്റെ അംഗങ്ങള്‍, ഇക്കാര്യത്തില്‍ വ്യക്തിപരമായി താല്പര്യം കാണിച്ച ട്രസ്റ്റ് സെക്രട്ടറി ഡോ. പോള്‍ മണലില്‍ എന്നിവരോട് എനിക്ക് കടപ്പാടുണ്ട്. എല്ലാവര്‍ക്കും നന്ദി. അഴീക്കോട് മാസ്റ്ററുടെ ശിഷ്യനും സഹപാഠികളില്‍ എനിക്കു ഗുരുകല്‍പ്പനും ആയ കൊടുങ്ങല്ലൂര്‍ കെ.ഐ. അബ്ദുല്ല മാസ്റ്റര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു.
Comments are closed.