ടി പി വിനോദിന് എ.അയ്യപ്പൻ കവിതാപുരസ്കാരം
മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം – എ.അയ്യപ്പൻ കവിതാ പുരസ്ക്കാരത്തിന് ടി.പി.വിനോദിന്റെ സത്യമായും ലോകമേ എന്ന കവിതാ സമാഹാരം അർഹമായി. ഡി സി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി.പി.രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. 2025 ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.
ഈ പട്ടണത്തിന്റെ ബസ് സ്റ്റോപ്പുകളിൽ, ചായക്കടകളിൽ, ഷോപ്പിങ് മാളുകളിൽ – എല്ലായിടത്തും വിനോദ് കവിത കണ്ടെത്തുന്നു. ഉഴുന്നുവടയും ജീവിതവും, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ.. ഗസൽ നെയ്യുന്നു, തുടങ്ങീ 51 കവിതകൾ ഉൾപ്പെടുന്നതാണ് പുരസ്കാരത്തിന് അർഹമായ കവിതസമാഹാരം. മലയാളത്തിലെ യുവകവികളിൽ വാക്കുകളുടെ മിതവ്യയത്തിലും പ്രയോഗസൂക്ഷ്മതയിലും വിനോദ് പ്രകടിപ്പിക്കുന്ന ശ്രദ്ധയും കൈയ്യടക്കവും അഭിനന്ദനീയമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലയിലെ കൊയ്യം സ്വദേശിയായ ടി പി വിനോദ് നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത്?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം, സത്യമായും ലോകമേ എന്നീ അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്ലാതെന്ത്? എന്ന സമാഹാരത്തിന് ബി. സി. വി. കവിതാപുരസ്കാരം ലഭിച്ചു. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, WTP Live പുരസ്കാരം, പൂർണ-ആർ. രാമചന്ദ്രൻ പുരസ്കാരം, സച്ചി സ്മാരക പുരസ്ക്കാരം എന്നിവയും ലഭിച്ചു.