പാപത്തെ പ്രണയം പോലെ വിശുദ്ധമാക്കുന്ന ആയുസ്സിന്റെ പുസ്തകം
സി വി ബാലകൃഷ്ണന്റെ ‘ആയുസിന്റെ പുസ്തകം‘എന്ന പുസ്തകത്തിന് വിപിന്‍ പരമേശ്വരന്‍ എഴുതിയ വായനാനുഭവം.
‘ലോകം കൂടുതല്‍ കൂടുതല്‍ ഇരുണ്ടു വരികയാണെങ്കിലും നമ്മുടെ ചെറിയ മെഴുകുതിരികളിലും സ്‌നേഹസന്ദേശങ്ങളിലും നമുക്ക് വിശ്വസിക്കാതെ പറ്റുമോ? അല്ലാത്തപക്ഷം ആ ഇരുട്ട് നമ്മെ തന്നെയും വിഴുങ്ങും. വലിയ കൊടുങ്കാറ്റ് വീശുമ്പോഴും ഒരു വിശ്വാസം മുറുകെപ്പിടിച്ച് നമുക്ക് നമ്മുടെ മെഴുകുതിരികള്‍ അണയാതെ നോക്കാം. അതുപോലെ കുന്തിരിക്കത്തിന്റെ ഗന്ധം പോകാതെയും നമ്മുടെ മണിനാദങ്ങള്‍ വ്യര്‍ത്ഥമാകാതെയും.’ സി വി ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകം എന്ന കൃതിയിലെ ഭാഗമാണിത്.
വിലക്കുകളുടെ കഥയാണ് സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം. പുസ്തകം ആരംഭിക്കുന്നത് റാഹേലിന്റെ വിലാപത്തില്‍ നിന്നാണ്, റാഹേല്‍ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു, ഓടുന്നതിനിടയില്‍ അവള്‍ ആനിയും യോഹന്നാനും വരുന്നത് കണ്ടു. കരച്ചിലടക്കി കണ്ണുതുടച്ച് ഒന്നുമേതും സംഭവിക്കാത്തതു പോലെ നിന്നു. പക്ഷെ നെഞ്ച് നിലവിളിക്കുക തന്നെയായിരുന്നു…
മധ്യതിരുവിതാകൂറില്‍ നിന്നും മലബാറിലേക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന നോവലിലൂടെ യോഹന്നാന്‍ എന്ന കൗമാരക്കാരന്റെ ചിത്രമാണ് കഥാകൃത്ത് വരച്ചുകാട്ടുന്നത്. തോമയും യോഹന്നാനും സാറായും മാത്യൂവും ആനിയും ജോഷിയും റാഹേലും യാക്കോബും ഒക്കെ മനസ്സിനെ ഒരുപാട് സ്പര്‍ശിക്കുന്ന വിധത്തില്‍ കഥ പറഞ്ഞു പോകുന്ന സിവി ബാലകൃഷ്ണന്റെ എഴുത്ത് മനോഹരമാണ്. നിയതിയുടെ വഴികളില്‍ ഊര്‍ന്നുപോകുന്ന ജീവിതത്തില്‍ തിരതള്ളിയെത്തുന്ന പാപബോധത്തിന്റെ വിഹ്വലതകള്‍ക്കും അപ്പുറം ജീവിതത്തില്‍ നിന്ന് അവാച്യമായ മുക്തി തേടിയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരം നോവലിന് പുതിയൊരു ഭാഷ്യം ചമയ്ക്കുന്നു. പാപപുണ്യങ്ങളുടെ കഥ അവിടെ ആരംഭിക്കുന്നു. ഉടലിന്റെയും ആത്മാവിന്റെയും വ്യാകുലതകളെയും അസന്ദിഗ്ധതകളെയും നിര്‍വചിക്കുകയാണ് സി.വി ബാലകൃഷ്ണന്‍.
മനുഷ്യവിചാരവികാരങ്ങളുടെ വേലിയേറ്റം അടയാളപ്പെടുത്തുന്ന ഒരു നോവലാണിത്. മനുഷ്യന്റെ, അവന്‍ തീര്‍ത്ത മതത്തിന്റെ പാപപുണ്യബോധങ്ങളുടെ, നമ്മതിന്മകളുടെ, അവന്റെ സ്വാതന്ത്ര്യത്തെ, അവന്റെ ഒറ്റപ്പെടലുകളെ, അവന്റെ ആത്മാഹുതികളെ മനോഹരമായ ഭാഷയില്‍ സിവി എഴുതിവെക്കുന്നു. പാപബോധങ്ങളെ പ്രണയം പോലെ വിശുദ്ധമാക്കുന്ന ആയുസ്സിന്റെ പുസ്തകം പാപത്തിന്റെ രുചിയറിഞ്ഞവര്‍ ഒരിക്കലെങ്കിലും വായിച്ചറിയണം. ജീവിതത്തിന്റെ ക്ഷുഭിത സംഘര്‍ഷങ്ങളെ അത്രമേല്‍ തീവ്രമായി സി.വി ബാലകൃഷ്ണന്‍ എഴുതിയിരിക്കുന്നു.
ജീവിതത്തില്‍ തന്നെ ഭൂതാവിഷ്ടരായി തീര്‍ന്ന ഗ്രാമീണരുടേയും അവര്‍ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥയെന്നതിനൊപ്പം ആ അസ്വസ്ഥ ലോകത്തില്‍ മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടേയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കൂടി കഥയെന്ന് ഈ കൃതിയെ പ്രമുഖ കഥാകൃത്ത് സക്കറിയ വിശേഷിപ്പിക്കുന്നു.
Comments are closed.