DCBOOKS
Malayalam News Literature Website

വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്

നവംബർ ലക്കം പച്ചക്കുതിരയില്‍

സി.വി. ബാലകൃഷ്ണന്‍

‘ആയുസ്സിന്റെ പുസ്തക’ത്തില്‍ കുടിയേറ്റത്തിന്റെ ചരിത്രം വിവരിക്കുന്നില്ല. പക്ഷേ, പശ്ചാത്തലമായി അതുണ്ട്. കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു കൃതി എഴുതപ്പെടുമായിരുന്നില്ല. കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസില്‍ വന്നിറങ്ങി നീലേശ്വരം വഴിചോയ്യംകോട്, കുന്നുംകൈ, ഭീമനടി, വെള്ളരിക്കുണ്ട്, പുങ്ങംചാല്‍, നാട്ടക്കല്‍ എന്നിത്യാദി സ്ഥലങ്ങള്‍ കാല്‍നടയായി താണ്ടി മാലോത്ത് കസ്ബയിലെ കുന്നുകള്‍ക്കിടയില്‍ വേരുകളാഴ്ത്തിയ ആദ്യ കുടുംബങ്ങളിലൊന്നായിരുന്നു പൗലോയുടേത്.: മലയാളനോവല്‍ സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ ‘ആയുസ്സിന്റെ പുസ്തകം’ 40 വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി നോവലിന്റെ ദേശം സന്ദര്‍ശിക്കാനെത്തിയ നോവലിസ്റ്റിന്റെ ഓര്‍മ്മകള്‍.

നാലു പതിറ്റാണ്ടിനപ്പുറത്ത് മഞ്ഞിന്റെ നനവാര്‍ന്നൊരു ഡിസംബര്‍സന്ധ്യയില്‍ ആ ദേശത്ത് ചെന്നുചേരുമ്പോള്‍ എനിക്ക് തോന്നിയത് എത്രമേല്‍ ഏകാന്തമായ ഒരിടം എന്നാണ്. ചുറ്റിലും കുന്നുകള്‍. പല അടരുകളായി അവ ദേശത്തെ ചൂഴ്ന്ന് നിന്നു. തെക്കുവശത്തുള്ള ചട്ടമലയിറങ്ങവെ ഒരു സ്വപ്‌നം കാണുന്ന പ്രതീതി. താഴെ സമതലം കാത്തുകിടന്നു.

മാലോത്തിന്റെ കിഴക്കേയറ്റം കൊന്നക്കാടാണ്. അതിനപ്പുറം കുടക്. അതിര്‍ത്തിയില്‍ രണ്ടു സംസ്ഥാനങ്ങളുടെ നിബിഡവനങ്ങള്‍. കാട്ടുപാതകൡലൂടെ വാകമണ്ഡലത്തിലേക്കും തലക്കാവേരിയിലേക്കും ഏറെ ദൂരമില്ല.

pachakuthiraചട്ടമല, പന്നിയാര്‍മാനി, മൈലാടി, നെല്ലിവരക്കുന്ന്, പാമത്തട്ട്, മുടന്തന്‍പാറ, കുറിച്ചിമല എന്നിങ്ങനെയൊക്കെ വിളിക്കപ്പെടുന്ന കുന്നുകള്‍ പല ആകാരങ്ങളിലാണ്. അവയുടെ നിറം കാണെക്കാണെ മാറും. ചിലപ്പോള്‍ പച്ചയുടെ വകഭേദങ്ങള്‍. മറ്റു ചിലപ്പോഴാകട്ടെ, നീലയുടെ. ഓരോന്നിനും പിറകില്‍ ഛായാരൂപങ്ങളായി വേറെയും കുന്നുകള്‍. സാന്ധ്യദീപ്തിയില്‍ അവ ഇളകുന്നതായും സ്ഥാനം മാറുന്നതായും തോന്നും. ചില കുന്നുകള്‍ക്ക് പ്രകടമായും സ്ത്രൈണപ്രകൃതമായിരുന്നു. മഞ്ഞിലും നിലാവിലും അവയുടെ ലാവണ്യമേറും. ഞാന്‍ അതിരറ്റ വിസ്മയത്തോടെ താഴ്‌വരയില്‍ നില്ക്കും. കാതുകളിലേക്ക് ഏതൊക്കെയോ സ്വരങ്ങള്‍ വന്നെത്തും. ഇത്തിരി വെട്ടവുമായി മിന്നാമിനുങ്ങുകള്‍ പറക്കും.

അക്കാലത്ത് ഗ്രാമത്തില്‍ വൈദ്യുതിയില്ല. മണ്‍വീടുകളിലും പുല്‍ക്കുടിലുകളിലും രാവിരുട്ടില്‍ തെളിയുക മണ്ണെണ്ണവിളക്കുകളാണ്. കത്തിച്ച ചൂട്ടുകറ്റകളും വീശി രാത്രി സഞ്ചാരികള്‍ ആഞ്ഞ് നടന്നു. തലങ്ങും വിലങ്ങും പാമ്പുകളിഴയുകയാവും. കൊറ്റന്മാരെയും പേടിക്കണം. കൂര്‍ത്ത തേറ്റകളുമായി അവ ഏതു പൊന്തയ്ക്ക് പിറകില്‍ നിന്നാണ് മുന്നില്‍ ചാടിവീഴുകയെന്നറിയില്ല.

ഇടയ്‌ക്കെപ്പോഴോ വിനാശകാരികളായ ഒട്ടുറുമകളുടെ വരവുണ്ടായി. അതൊരു വമ്പിച്ച പടനീക്കത്തിന്റെ മട്ടിലായിരുന്നു. ചുവരുകളിലും മേല്‍ത്തട്ടുകളിലും ഓടുകളിലും വാതില്‍പ്പാളികളിലും ജനലുകളിലും അടുക്കളയിലുമെല്ലാം ഓട്ടുറുമകളുടെ അക്ഷൗഹിണികള്‍.

പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

സി വി ബാലകൃഷ്ണന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.