DCBOOKS
Malayalam News Literature Website

അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം; അന്തിമവാദം ഇന്നു തുടങ്ങും

അയോധ്യയില്‍ ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ അന്തിമവാദം ഇന്നു തുടങ്ങും. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹര്‍ജികളാണ് ഇന്നു പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് മുമ്പാകെയാണ് വാദം. വിഷയത്തിനുള്ള പ്രാധാന്യവും ഭരണഘടനാവശവും പരിഗണിച്ച് കേസ് ഏഴംഗവിശാല ഭരണഘടനാബെഞ്ചിനു വിടണമെന്ന് ഇന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണു ബെഞ്ചിലെ അംഗങ്ങള്‍.

കേസിലെ വിവിധ ഹര്‍ജിക്കാരായ ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാം ലല്ല, രാമജന്‍മഭൂമി ട്രസ്റ്റ് എന്നിവയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, കെ. പ്രസന്നന്‍, സി.എസ് വൈദ്യനാഥ് എന്നിവരും സുന്നി വഖഫ് ബോര്‍ഡ്, ബാബ്രി മസ്ജിദ് ആക്ഷന്‍കമ്മിറ്റി, വ്യക്തി നിയമ ബോര്‍ഡ് എന്നിവയ്ക്കുവേണ്ടി കപില്‍ സിബല്‍, ദുശ്യന്ത് ദവെ, രാജീവ് ധവാന്‍ എന്നിവരും ഹാജരാകും.

Comments are closed.