അയനം- എ അയ്യപ്പന്‍ കവിതാപുരസ്‌കാരസമര്‍പ്പണം ഫെബ്രുവരി 29ന്
മലയാളത്തിന്‍റെ പ്രിയകവി എ. അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരം ഫെബ്രുവരി 29ന് പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍
പ്രശസ്ത അസമിയ കവി നിലിംകുമാർ അനിത തമ്പിക്ക് സമ്മാനിക്കും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ് ‘ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. വിജേഷ് എടക്കുന്നി, പി പി രാമചന്ദ്രന്‍, സുബീഷ് തെക്കൂട്ട്, വി കെ സുബൈദ, എം എസ് ബനേഷ്, ഡോ.സന്തോഷ് എച്ച് കെ, അനിത തമ്പി, എം ആര്‍ മൗനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അന്‍വര്‍ അലി ചെയര്‍മാനും എം.എസ്.ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത. കവിത്വത്തെ അലസധൂര്‍ത്തതയോടെ അഴിച്ചുവിടാതെ വിവിധ ശൈലികളുടെ നാഴികളിലും ആവനാഴികളിലും സൂക്ഷിച്ച് വേണ്ട സമയത്തുമാത്രം തൊടുക്കുന്നു ഈ കവി. സവിശേഷമായ പെണ്ണനുഭവങ്ങൾ ഉൾപ്പെടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ മനുഷ്യാനുഭവങ്ങളും അനുഭൂതികളും സൂക്ഷ്മമായും സ്വാഭാവികമായും കവിതയിലേക്ക് മൊഴിമാറുന്നു അനിതയുടെ രചനയിൽ. “പുഴുവിനെയൂട്ടുംപോലെ എളുപ്പമല്ല എനിക്കെന്‍റെ പൂവിനെയുണര്‍ത്താന്‍” എന്ന് ഇലയുടെ ആത്മഭാഷണം അവതരിപ്പിക്കുംപോലെ, കവിതയുണര്‍ത്തലും എളുപ്പപ്പണിയല്ലെന്ന് അനിത അറിയുന്നു. അന്ധകാരനഴിയില്‍ അന്തിനേരത്ത് അസ്തമിക്കുന്ന ചുവന്ന ദൈവമായി കെ.ആര്‍. ഗൗരിയമ്മയെ ആവിഷ്കരിക്കുന്ന അതേ അനിത തന്നെ മുരിങ്ങ വാഴ കറിവേപ്പ് എന്നിങ്ങനെ നിസ്വസസ്യലോകത്തിൻ്റെ അകാല്പനിക ജൈവസത്തയെ ഉള്ളാരമുള്ള കവിതയാക്കി വാറ്റിയെടുക്കുന്നു. സാമാന്യമായ ആസ്വാദനരുചികളിൽ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി സ്വീകരിച്ചുകൊണ്ടും ലോകമെങ്ങുമുള്ള കവിമൊഴികളുടെ തരംഗദൈർഘ്യങ്ങളെ തന്നിലൂടെ പകര്‍ന്നാടിക്കൊണ്ടും അനിത, ഇതാണെന്നുടെ നിറപാത എന്ന് മലയാള കവിതയെ ബഹുലോകങ്ങളിലേക്ക് വിടര്‍ത്തുന്നതായും ജൂറി അഭിപ്രായപ്പെട്ടു.
Comments are closed.