DCBOOKS
Malayalam News Literature Website

‘മാണിക്യ മലരായ പൂവീ’യുടെ രചയിതാവ് പി.എം.എ ജബ്ബാറിന് സഫാമക്കയുടെ പുരസ്‌കാരം

റിയാദ്: ‘മാണിക്യ മലരായ പൂവീ’ എന്ന മാപ്പിളപ്പാട്ടിന്റൈ രചയിതാവും റിയാദില്‍ പ്രവാസിയുമായ പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയ്ക്ക് സഫാമക്ക പുരസ്‌കാരം. റിയാദിലെ സഫാമക്ക മെഡിക്കല്‍ ഗ്രൂപ്പാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രതിഭയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോയ കലാകാരന് ഉചിതമായ ആദരവെന്ന നിലയിലാണ് മെഡിക്കല്‍ ഗ്രൂപ്പിന് കീഴിലുള്ള കള്‍ച്ചറല്‍ വിങ് പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അരിപ്ര അറിയിച്ചു.

താന്‍ 40 വര്‍ഷം മുമ്പെഴുതിയ പാട്ട് ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ പുതിയ തരംഗം സൃഷ്ടിക്കുകയും പ്രശസ്തിയിലേക്കുയരുകയും ചെയ്യുമ്പോഴും അതിന്റെ പേരില്‍ ഒരു പ്രതിഫലവും ആവശ്യപ്പെടാതെ റിയാദ് മലസിലെ ഒരു ബഖാലയിലെ ചെറിയ ജോലിയുമായി ഉപജീവനം നടത്തുന്ന ജബ്ബാര്‍ എന്ന പ്രതിഭ ഇനിയും അംഗീകരിക്കപ്പെടാതെ പോകരുതെന്ന താല്‍പര്യം പുരസ്‌കാര പ്രഖ്യാപനത്തിന് പ്രേരകമായെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

ഒന്നര പതിറ്റാണ്ടായി റിയാദിലെ മലയാളി പ്രവാസി സമൂഹത്തിന്റെ ഭാഗമായിരുന്നിട്ടും അദ്ദേഹത്തെ ആരും അറിഞ്ഞില്ല. പാട്ടെഴുത്ത് കലോപാസനക്ക് വേണ്ടി മാത്രമാണെന്നും പ്രതിഫലത്തിന് വേണ്ടിയല്ലന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ഹൃദയത്തെ സ്പര്‍ശിച്ചു. അതുകൊണ്ടാണ് ഇനിയും വൈകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിയാദില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. തൃശൂര്‍ കൊടുങ്ങല്ലൂരിന് സമീപം കരുപ്പടന്ന സ്വദേശി പി.എം.എ ജബ്ബാര്‍ മലസിലുള്ള ആഷിഖ് സ്‌റ്റോറില്‍ ജീവനക്കാരനാണ്. 16-ാം വയസ് മുതല്‍ മാപ്പിളപ്പാട്ടുകളെഴുതി തുടങ്ങിയ അദ്ദേഹം ഇതിനകം 500ലേറെ പാട്ടുകള്‍ എഴുതിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും നാല് പതിറ്റാണ്ടായി മലയാളി പാടിക്കൊണ്ടിരിക്കുന്നതും ‘മാണിക്യ മലരായ പൂവീ’യാണ്.

 

Comments are closed.