ഇനിയും ഞാന്‍ കീഴ്പ്പെട്ടുവെന്നു വരില്ല…!
നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ പാശ്ചാത്യമൂല്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നുവെന്നോ, ഇസ്ലാമിനേയും ഗോത്രവര്‍ഗ്ഗപാരമ്പര്യത്തേയും തള്ളിപ്പറയുന്നുവെന്നോ, അവര്‍ അവസാനം അമേരിക്കന്‍ ഐക്യനാടുകളില്‍ അഭയം തേടിയെന്നോ ഒക്കെ. പക്ഷേ, സ്ത്രീയുടെ ഇശ്ഛാശക്തിയേയും നിശ്ചയദാര്‍ഢ്യത്തേയും പറ്റി ഇത്രക്ക് സംസാരിക്കുന്ന മറ്റൊരു കൃതി ഇല്ലതന്നെ. പീഡിതസാഹചര്യങ്ങളില്‍നിന്നും കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ഇതു വായിക്കേണ്ടതാണ്. കാരണം, അത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷനേടി സ്വതന്ത്രരാവുന്നതാണ് ശരിയായ രീതി, അല്ലാതെ അതിന് അടിമപ്പെടുന്നതല്ല എന്നു മനസ്സിലാക്കുവാനായി. കഷ്ടപ്പാടുകള്‍ക്ക് കീഴടങ്ങുകവഴി സ്ത്രീകള്‍ അവര്‍ക്കും ചുറ്റുമുള്ള ലോകത്തിനും നരകം നല്‍കുന്നു. അതിജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് സ്വന്തമായും ലോകത്തിനും പ്രകാശം നല്‍കുന്ന മാര്‍ഗ്ഗം. തെറ്റായ സാമുഹ്യവ്യവസ്ഥിതിക്ക് കീഴടങ്ങുന്നതിനെക്കാള്‍, മറ്റൊരു വലിയ തെറ്റുമില്ല.
‘ചിലപ്പോഴൊക്കെ മൌനം അനീതിക്ക് കൂട്ടുനില്ക്കും.’ തന്റെ ജീവിതം തുറന്നെഴുതാന്‍, തനിക്ക് ലോകത്തോട് പറയാനുള്ളതു പറയാന്‍ അയാനെ പ്രേരിപ്പിച്ചത് അതാണ്. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതിലെ ഉത്ക്ക്ണ്ഠ അയാന്‍ പങ്കുവയ്ക്ക്ക്കുന്നു. ഇതാണ് അവരുടെ പിന്നോക്കാവസ്ഥക്കു കാരണമെന്നും അയാന്‍ കണ്ടെത്തുന്നു. ഓരോ തലമുറ കഴിയുന്തോറും പിന്നോക്കാവസ്ഥക്ക് ആക്കം കൂടുന്നു.
കേരളത്തിലെ സാക്ഷരരായ സ്ത്രീകള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്, അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ. ‘ അവിശ്വാസി’ . 2006 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തില്‍ ലഭ്യമാണ്. (ഡി.സി. ബുക്‌സ്, പരിഭാഷ: പ്രശാന്ത് കുമാര്‍) . വായിക്കുമ്പോള്‍ എന്നെപ്പോലെ എല്ലാവരും പറയും,’ ഈശ്വരാ, ഞാന്‍ സൊമാലിയായിലും സൌദി അറേബ്യയിലുമൊന്നുമല്ലല്ലൊ ജനിച്ചത്! സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള മലയാളനാട്ടിലാണല്ലോ. ഇവയോടു താരതമ്യം ചെയ്താല്‍ എന്റെ പ്രയാസങ്ങള്‍ എനിക്കു തരണംചെയ്യാവുന്നതല്ലേയുള്ളൂ?’. ജീവിതാഭിമുഖ്യം നിറഞ്ഞ ഈ പുസ്തകം അനേകം പേര്‍ക്കു വെളിച്ചം നല്‍കി. അതാണല്ലോ ലോകത്ത ഏറ്റവുമധികം സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി ടൈ മാസിക അയാനെ തിരഞ്ഞെടുത്തത്.
ആഫ്രിക്കയുടെ വടക്കുകിഴക്ക് അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു സമാന്തരമായി കിടക്കുന്ന സൊമാലിയ എന്ന ദരിദ്രമുസ്ലീം രാജ്യം, നമുക്ക് കടല്‍ക്കൊള്ളക്കാരുടെ രാജ്യമാണ്. നാടോടികളുടേയും ഗോത്രവര്‍ഗ്ഗക്കാരുടേയും രാജ്യം. അവിടെ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെപ്പോലെ സൊമാലിയായിലും ആഭ്യന്തരയുദ്ധം നിമിത്തം ആളുകള്‍ അഭയാര്‍ഥികളാക്കപ്പെട്ടു.
‘വെയിലത്ത് കിടക്കുന്ന ആട്ടിന്‍കൊഴുപ്പു പോലെയാണ് ഏകയായ സൊമാലി സ്ത്രീ. ഉറുമ്പുകളുടേയും മറ്റു ചെറു ജീവികളുടേയും ആക്രമണത്തില്‍ ഇല്ലാതെയാകും.’ അയാന്റെ അമ്മൂമ്മ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ‘ ഇരതേടുന്ന മൃഗങ്ങള്‍ക്ക് ആടുകളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയും, അതുപോലെതന്നെയാണ് പെണ്‍കുട്ടികളുടെ കാര്യവും. ‘ ഗോത്രവര്‍ഗ്ഗജീവിതം സഹകരണം നിറഞ്ഞതാണെങ്കിലും കര്‍ക്കശനിയമങ്ങളാല്‍ ബന്ധിതമായിരുന്നു. അയാന്‍ ജനിച്ചതും വളര്‍ന്നതും മുസ്ലീമായിട്ടായിരുന്നു1969ല്‍ . സൊമാലിയാ, സൌദി അറേബ്യാ, കെനിയാ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അയാന്റെ ജീവിതാഭുമുഖ്യം ഒന്നുകൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും മാത്രമാണ്, അഛന്‍ നിശ്ചയിച്ച് നടത്തിക്കൊടുത്ത വിവാഹത്തില്‍ നിന്നും രക്ഷപെട്ട് അവര്‍ക്ക് ഹോളണ്ടില്‍ (നെതര്‍ലാണ്ട്) അഭയം തേടാനായത്. അപരിചിതനായ ഭര്‍ത്താവിന്റെ അടുത്തേക്കുള്ള കാനഡാ യാത്രക്കിടയില്‍നിന്നും ഒളിച്ചോടാനായത്. അവിടെ വിദ്യാഭ്യാസം തുടരാനും ബിരുദം നേടാനും എഴുത്തുകാരിയാവാനും സാധിച്ചത്. ലേബര്‍ പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനും ഡച്ച് പാര്‍ലിമെന്റില്‍ അംഗത്വം നേടാനും സാധിച്ചത്. ജനനേന്ദ്രിയ ഛേദത്തിന്റേയും നിര്‍ബന്ധിത വിവാഹത്തിന്റേയും ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്. ഭാഗ്യം എന്ന് അയാന്‍ അതിനെ വിശേഷിപ്പിക്കുന്നുവെങ്കിലും സാഹസികത എന്നും, മന:സ്സാന്നിദ്ധ്യമെന്നും വായനക്കാര്‍ക്ക് മനസ്സിലാവും. പില്‍ക്കാലത്ത് അവിശ്വാസിയാവാനാണ് അയാന്‍ തീരുമാനിക്കുന്നത്.
ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഉള്ള ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന’പെണ്‍കുട്ടികളുടെ സുന്നത്ത്’ ‘ എന്ന ദുരാചാരത്തിന് അയാനും വിധേയയായി. ആണ്‍കുട്ടികളുടേതിനെക്കാള്‍ അത്യന്തം പ്രാകൃതവും വേദനാജനകവുമായ ചടങ്ങ്. പെണ്‍കുട്ടികളുടെ ലൈംഗികാവയവത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി അവരെ ‘ ശുദ്ധീകരിക്കുന്ന’ പ്രക്രിയയാണിത്. എന്നിട്ട് യോനീദളങ്ങള്‍ കൂട്ടിത്തയ്ച്ചുവയ്ക്കും. ഈ പൈശാചികമായ ‘സുന്നത്ത്’ ക്രിയക്ക് ‘ താനും സഹോദരങ്ങളും വിധേയരായതിനെ അയാന്‍ വിവരിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചുവയസ്സിലാണത്രേ ഇതു നടപ്പിലാക്കുന്നത്. മൂത്രം ഒഴുകിപ്പോകാനായി ഒരുദ്വാരം ശ്രദ്ധാപൂര്‍വ്വം സൃഷ്ടിക്കും. പുതുതായി രൂപപ്പെടുന്ന ചര്‍മ്മം അവരുടെ കന്യകാത്വം കാത്തുസൂക്ഷിക്കും എന്നതിനാണിതു ചെയ്യുന്നത്. ഇതിനുശേഷം അവര്‍ക്ക് ലൈംഗികബന്ധം അത്യന്തം പീഡനവും വേദനയും നിറഞ്ഞതായിരിക്കും . വലിയ ബലപ്രയോഗത്തിലൂടേയേ അതു സാധ്യമാകുവത്രേ. സ്ത്രീകള്‍ ലൈംഗികത ആസ്വദിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അണുബാധകാരണം നിരവധി പെണ്‍കുട്ടികള്‍ ഇതുമൂലം മരിക്കുന്നു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വേദനയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.
അതീവ സത്യസന്ധതയോടെയാണ് അയാന്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. തന്റെ പ്രണയബന്ധങ്ങളും, ആദ്യവിവാഹവും എല്ലാം വിവരിക്കുന്നു. നേര്‍ക്കുനേര്‍ സംസാരിക്കുമ്പോലെ നമ്മുടെ അടുത്തുവന്നിരുന്ന് കഥ പറയുന്നു. തന്റേയും കൂട്ടുകാരികളുടേയും ദാമ്പത്യജീവിതത്തിലെ കഷ്ടപ്പാടുകള്‍, ഒടുവില്‍ അഭയം തേടിയ ഡച്ച് സമൂഹത്തിലെ സമരസപ്പെടലുകള്‍എന്നിവ. സൊമാലിയായിലും കെനിയയിലും ശരീരം മുഴുവനും മറക്കുന്ന നീളന്‍ കുപ്പായവും സ്‌കാര്‍ഫും ധരിച്ചാണ് അയാന്‍ പുറത്തിറങ്ങിയിരുന്നത്. സ്ത്രീയുടെ കൈകാലുകളും തലമുടിയും പുറത്തുകണ്ടാല്‍ പുരുഷന്മാര്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുമെന്നാണ് അവരുടെ നാട്ടില്‍ പഠിപ്പിക്കപ്പെട്ടത്. പുരുഷന്മാര്‍ പ്രലോഭിപ്പിക്കപ്പെടും. യൂറോപ്പിലെത്തിയ അയാനെ അവിടത്തെ സ്ത്രീകളുടെ വസ്ത്രധാരണം അത്ഭുതപ്പെടുത്തി. അവിടെ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. എല്ലാവരും സ്വന്തം ജോലികള്‍ ചെയ്യുന്നു. അയാന്‍ പരീക്ഷണാര്‍ഥം സ്‌കാര്‍ഫ് ധരിക്കാതെ പുറത്തിറങ്ങി. ഒന്നും സംഭവിച്ചില്ല. ദൈവം അയാനെ നരകത്തിലേക്കയച്ചില്ല.
‘വെളുത്ത വര്‍ഗ്ഗക്കാര്‍ എന്നെ ഭയപ്പെടുത്തിയില്ല. അവര്‍ക്ക് എന്നില്‍ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു.’
നല്ല പുസ്തകങ്ങള്‍ നല്ല സുഹൃത്തുക്കളേപ്പോലെയാണല്ലോ. ഈ പുസ്തകം വായിക്കുന്നതോടെ എഴുത്തുകാരി സുഹൃത്തായി മാറും. ‘ ഇനിയും ഞാന്‍ കീഴ്പ്പെട്ടുവെന്നു വരില്ല’.സ്വയം സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന് അയാന്‍ കാട്ടിത്തരുന്നു.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ ‘അവിശ്വാസി’ക്ക് ഗീതാഞ്ജലി കൃഷ്ണ എഴുതിയ വായനാനുഭവം.
കടപ്പാട് ; വുമണ്‍ പോയിന്റ്
Comments are closed.