DCBOOKS
Malayalam News Literature Website

കവിതകളിലെ സ്വാദ് തൊട്ടറിഞ്ഞ ‘ആവി പാറുന്ന പാത്രം’

മലയാളത്തിലെ കവിതകളിലും മുക്തകങ്ങളിലും ശ്ലോകങ്ങളിലുമായി ചിതറിക്കിടക്കുന്ന മലയാള രുചികളുടെ പ്രഥമസമാഹാരമണ് എം.പി സതീശന്‍ രചിച്ച ആവി പാറുന്ന പാത്രം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ അനേകം ചേരുവകളെ കണ്ടെടുത്ത് അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്. തെളിമയാര്‍ന്ന ഭാഷയും ഹൃദ്യവും അവതരണവും കൊണ്ട് ഈ കൃതി വായനക്കാരെ ഗൃഹാതുരസ്മരണകളിലേക്ക് നയിക്കുന്നു. ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ആവി പാറുന്ന പാത്രം എന്ന കൃതിയുടെ  ആദ്യ പതിപ്പ് പുറത്തിറങ്ങി.

ഈ കൃതിക്ക് പ്രൊഫ.എം.കെ. സാനു രചിച്ച അവതാരിക

കാവ്യരചനകളിലെ സനാതനമൂല്യം

രാത്രി ഒമ്പതര മണിക്കാണ് ഈ പുസ്തകം എനിക്കു കിട്ടിയത്. വെറുതെയൊന്നു മറിച്ചുനോക്കണമെന്നേ അപ്പോള്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ, വായിച്ചുതുടങ്ങിയപ്പോള്‍ പുസ്തകം താഴെവയ്ക്കാന്‍ തോന്നിയില്ല. പത്തുമണിക്കു കൃത്യമായുറങ്ങുന്ന ഞാന്‍ പന്ത്രണ്ടുമണിവരെ പുസ്തകത്തില്‍ രസിച്ച്, ചുറ്റുപാടുകള്‍ മറന്ന്, ഇരുന്നുപോയി.

പത്രപ്രവര്‍ത്തകനായ എം.പി. സതീശന്‍ മലയാള മനോരമയിലെഴുതിയ കുറിപ്പുകളാണ് പുസ്തകത്തിലെ ഉള്ളടക്കം. എന്നാല്‍ അദ്ദേഹത്തില്‍ സദാസമയവും സ്പന്ദിക്കുന്ന കാവ്യാസ്വാദകന്‍ പത്രപ്രവര്‍ത്തകനെ തോല്‍പ്പിച്ചുകൊണ്ട് കുറിപ്പുകളില്‍ ആധിപത്യം ചെലുത്തുന്നതായി നാം കാണുന്നു. പത്രക്കുറിപ്പുകളിലെ താത്കാലികമൂല്യത്തിനു പകരം കാവ്യരചനകളിലെ സനാതനമൂല്യം ഈ രചനകളെ പരിശോഭി തമാക്കുകയും ചെയ്യുന്നു.

വ്യത്യസ്തമായ കുറിപ്പുകളൊക്കെയും ഒരേ പ്രമേയത്തിന്റെ ചരടിലാണ് സതീശന്‍ മനോരഞ്ജകമാം വിധം കോര്‍ത്തിണക്കിയിരിക്കുന്നത്. ‘പാചകരുചി നന്നായി ആസ്വദിച്ച മലയാളസാഹിത്യം’ എന്ന് അദ്ദേഹം പ്രാരംഭത്തില്‍ കുറിക്കുന്ന വാക്കുകളില്‍ ആ പ്രമേയം ഒതുങ്ങുന്നു. അതിവിപുലമാണ് എം.പി. സതീശന്റെ സാഹിത്യപരിചയം. ആ പരിചയം ഹൃദയബന്ധമായി വളര്‍ന്നതിനുശേഷം മാത്രമേ അദ്ദേഹം താനാസ്വദിച്ച ‘രസം’ രചനയിലൂടെ ആവിഷ്‌കരിക്കുന്നുള്ളൂ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് ആത്മാവിഷ്‌കരണത്തിന്റെ ഹൃദയസ്പര്‍ശിയായ വശ്യതയാല്‍ ഈ പുസ്തകം സമാകര്‍ഷകമായിത്തീര്‍ന്നിരിക്കുന്നു. എന്റെ വൃദ്ധമാനസം പോലും ചുറ്റുപാടുകള്‍ മറന്ന് ഈ പുസ്തകത്തില്‍ ലയിച്ചുപോയതു സ്വാഭാവികം.

ഈ രചനകളിലുടനീളം, നര്‍മ്മരസം തേനില്‍ മാധുര്യമെന്നപോലെ കലര്‍ന്നിരിക്കുന്നു. നിസ്സംഗമായ ആ നര്‍മ്മരസം അനുവാചകരിലെ ആലോചനാശീലം ഉണര്‍ത്തുകയും ചലനോന്മുഖമാക്കുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ച. ആ അവസ്ഥയില്‍ അവര്‍ കേരളസംസ്‌കാരത്തിന്റെ തനതായ സാംസ്‌കാരിക സവിശേഷതകളുമായി ബന്ധപ്പെടുന്നു. മലയാള കാവ്യങ്ങളിലെ വൈവിധ്യമാര്‍ന്ന പാചകരുചികളിലൂടെ ഒരു ജനതയുടെപൊതുവായ ജീവിതശൈലികളിലും അതിലെ ഹൃദ്യമായ ഗുണവിശേഷങ്ങളിലും അനുവാചകര്‍ എത്തിച്ചേരുന്നു.

സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരികമായ അധിനിവേശത്തെപ്പറ്റി ധാരാളം പരാതികളുയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എം.പി. സതീശന്റെ രസപ്രദമായ ഈ ഗ്രന്ഥം ഔഷധഗുണം പകര്‍ന്നു കേരളമനസ്സിനെ ഉത്തേജിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം.

Comments are closed.