അവയവദാനം അറിയേണ്ടതെല്ലാം
ഇന്ന് ലോക അവയവദാന ദിനം. ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി വരുമ്പോഴാണ് ഇതിന്റെ നിയമക്കുരുക്കുകള്‍ എത്ര മാത്രമുണ്ടെന്ന് നാം തിരിച്ചറിയുന്നത്.
ചികിത്സാവശ്യങ്ങള്‍ക്കായി ഒരു മനുഷ്യന്റെ അവയവങ്ങള്‍ അവന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനും മറ്റൊരാളിന്റെ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്നതിനും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിനോടൊപ്പം മനുഷ്യാവയവങ്ങളുടെ കച്ചവടങ്ങള്‍ക്ക് തടയിടാനും വേണ്ടിയാണ് 1994-ല്‍ മനുഷ്യാവയവദാന നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമം വന്നതിനു ശേഷവും അവയവക്കച്ചവടം നടക്കുന്നുണ്ടായിരുന്നു. ഈ നിയമത്തിന് പോരായ്മകളും ഏറെയുണ്ടായിരുന്നു. പല വകുപ്പുകളിലും ഉണ്ടായിരുന്ന അവ്യക്തതകള്‍ കാരണം ഈ നിയമം പൂര്‍ണമായി പ്രയോജനം ചെയ്തില്ല. 2011-ല്‍ ലോക്‌സഭ മനുഷ്യാവയയവദാന നിയമം ഭേദഗതി ചെയ്തു. 2014-ല്‍ മനുഷ്യാവയവദാന നിയമത്തിന്റെ ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നു.
അവയവദാന സംബന്ധിയായ ആരോഗ്യ-നിയമവശങ്ങളിലുള്ള അജ്ഞത മൂലം ഒട്ടേറെ ആളുകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. നിയമത്തെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമുള്ള അജ്ഞത മൂലമാണ് പലപ്പോഴും ഈ ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത്. അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ.ബി ഉമാദത്തന്റെ അവയവദാനം-അറിയേണ്ടതെല്ലാം എന്ന ഈ പുതിയ കൃതി വിഷയസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിക്കേണ്ട മുഴുവന്‍ അപേക്ഷാഫോറങ്ങളും മലയാളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇതു സംബന്ധിച്ച എല്ലാ കോടതി ഉത്തരവുകളും ഓര്‍ഡിനന്‍സുകളും ലളിതമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരനാണ് ഈ കൃതിക്ക് അവതാരിക എഴുതിയത്.
Comments are closed.