ഡോ. ബി ഉമാദത്തന്റെ ‘അവയവദാനം അറിയേണ്ടതെല്ലാം’
ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി വരുമ്പോഴാണ് ഇതിന്റെ നിയമക്കുരുക്കുകള്‍ എത്ര മാത്രമുണ്ടെന്ന് നാം തിരിച്ചറിയുന്നത്. അവയവദാന സംബന്ധിയായ ആരോഗ്യനിയമവശങ്ങളിലുള്ള അജ്ഞത മൂലം ഒട്ടേറെ ആളുകള്‍ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. നിയമത്തെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമുള്ള അജ്ഞത മൂലമാണ് പലപ്പോഴും ഈ ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത്.
അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ.ബി ഉമാദത്തന്റെ അവയവദാനം- അറിയേണ്ടതെല്ലാം എന്ന ഈ കൃതി വിഷയസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിക്കേണ്ട മുഴുവന്‍ അപേക്ഷാഫോറങ്ങളും മലയാളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇതു സംബന്ധിച്ച എല്ലാ കോടതി ഉത്തരവുകളും ഓര്‍ഡിനന്‍സുകളും ലളിതമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫ് പ്രസിദ്ധീകരിച്ച ഈ കൃതിക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരനാണ് അവതാരിക എഴുതിയത്.
അവയവദാനം അറിയേണ്ടതെല്ലാം എന്ന കൃതിക്ക് ഡോ. ബി. ഉമാദത്തന്‍ രചിച്ച ആമുഖക്കുറിപ്പ്
“ചികിത്സാവശ്യങ്ങള്‍ക്കായി ഒരു മനുഷ്യന്റെ അവയവങ്ങള്‍ അവന്റെ ശരീരത്തില്‍നിന്നും നീക്കം ചെയ്യുന്നതിനും മറ്റൊരാളിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതിനും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം മനുഷ്യാവയവങ്ങളുടെ കച്ചവടങ്ങള്‍ക്ക് തടയിടാനും വേണ്ടിയാണ് 1994-ല്‍ മനുഷ്യാവയവദാന നിയമം (Transplantation Of Human Organs Act ) പ്രാബല്യത്തില്‍ വന്നത്. ഈ നിയമം നടപ്പാക്കിയതിനുശേഷവും രാജ്യത്തിന്റെ പല ഭാഗത്തും അവയവക്കച്ചവടം നടക്കുന്നുണ്ടായിരുന്നു. ഈ നിയമത്തില്‍ പോരായ്മകളേറെയുണ്ടായിരുന്നു. പല വകുപ്പുകളിലും ഉണ്ടായിരുന്ന അവ്യക്തകള്‍ കാരണം ഈ നിയമം പൂര്‍ണ്ണമായി പ്രയോജനം ചെയ്തില്ല. ഉദാഹരണത്തിന് അസാധാരണ മരണങ്ങളില്‍ പെട്ട മൃതദേഹങ്ങളില്‍നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുവാന്‍ നിയമപരമായി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വളരെ ലഘുവായ ശിക്ഷയാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. 2011-ല്‍ ലോകസഭ മനുഷ്യാവയവദാന നിയമം ഭേദഗതി ചെയ്തു. 2014-ല്‍ മനുഷ്യാവയവദാന നിയമത്തിന്റെ ചട്ടങ്ങളും (TOHO Rules) പ്രാബല്യത്തില്‍ വന്നു.
പുതിയ നിയമപ്രകാരം അവയവദാനവും അവയവമാറ്റശസ്ത്രക്രിയകളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഉപദേശക-നിയന്ത്രണ സമിതികള്‍ പ്രാബല്യത്തില്‍ വന്നു. ആശുപത്രികളില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തുന്ന സമിതിയില്‍ ഒരു ന്യൂറോളജിസ്‌റ്റോ, ന്യൂറോസര്‍ജനോ ഉണ്ടായിരിക്കണമെന്ന നിബന്ധനയ്ക്ക് അയവു വരുത്തി. അത്തരം ഡോക്ടര്‍മാരില്ലെങ്കില്‍ ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഏതെങ്കിലും സര്‍ജനോ, ഫിസിഷ്യനോ, അനസ്‌തെറ്റിസ്‌റ്റോ, ഇന്റന്‍സിവിസ്‌റ്റോ മസ്തിഷ്‌കമരണസര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.
നിയമത്തിന്റെ ഭേദഗതിയിലെ ഒരു പുതിയ വ്യവസ്ഥയനുസരിച്ച് അവയവവച്ചുമാറ്റത്തിന് (swap transplant) നിയമസാധുത ലഭിച്ചിരിക്കുന്നു. ഉദാഹരണത്തിന് അടുത്ത ബന്ധുവായ ദാതാവിന്റെ അവയവം ഒരു സ്വീകര്‍ത്താവിന് യോജിക്കുന്നില്ല. അതുപോലെ മറ്റൊരു ജോഡിയിലെ ദാതാവിന്റെ അവയവം അയാളുടെ ബന്ധുവിന് യോജിക്കുന്നില്ല. എന്നാല്‍ ആദ്യത്തെ ജോഡിയിലെ സ്വീകര്‍ത്താവിന് യോജിക്കുകയും, ആദ്യത്തെ ജോഡിയിലെ ദാതാവിന്റെ അവയവം രണ്ടാമത്തെ ജോഡിയിലെ സ്വീകര്‍ത്താവിന് യോജിക്കുകയും ചെയ്യുന്നെങ്കില്‍ പരസ്പരം അവയവങ്ങള്‍ നല്‍കാവുന്നതാണ്. തീവ്രപരിചരണ ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളില്‍ അവയവങ്ങള്‍ നീക്കം ചെയ്യുവാനുള്ള അധികാരം നല്‍കിയിരിക്കുന്നു. ഈ ആശുപത്രികള്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നും സമ്മതപത്രം വാങ്ങിയിരിക്കണം.
പോലീസ് അന്വേഷണവും പോസ്റ്റുമോര്‍ട്ടം പരിശോധനയും ആവശ്യമായി വരുന്ന അസാധാരണ മരണം സംഭവിച്ച മൃതദേഹങ്ങളില്‍നിന്നും അവയവങ്ങള്‍ ശേഖരിക്കുമ്പോള്‍ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്ടര്‍ക്ക് മരണകാരണം കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകാതിരിക്കുവാന്‍ വേണ്ട വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവയവങ്ങള്‍ ശേഖരിക്കുന്ന ആശുപത്രികളിലും അവ മാറ്റിവയ്ക്കുന്ന ആശുപത്രികളിലും ആവശ്യമായ ഉപകരണങ്ങള്‍, ജീവനക്കാര്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളും നിയമഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയവ മാറ്റശസ്ത്രക്രിയകള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് വേണ്ട യോഗ്യതകള്‍, പരിചയം, എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും നിയമത്തില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ഒരു ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ അവയവങ്ങള്‍, കലകള്‍, അവയവമാറ്റം എന്നിവയെ നിയന്ത്രിക്കുന്ന ഒരു സമിതി (National Organs and Tissues Transplant Organisation (NOTTO) രൂപീകരിച്ചിട്ടുണ്ട്. അതുപോലെ പ്രാദേശികമായ സമിതികളും (Regional Organs and Tissues Transplant Organisation (ROTTO), സംസ്ഥാനതലത്തിലെ സമിതികളും (State Organs and Tissues Transplant Organisation (SOTTO) സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവയവങ്ങള്‍ ദാനം ചെയ്തവരുടെയും അവ സ്വീകരിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന രജിസ്ട്രിയും ആരംഭിച്ചിട്ടുണ്ട്. അവയവദാന നിയമം ലംഘിക്കുന്നവര്‍ക്ക് വളരെ കടുത്ത ശിക്ഷയാണ് ലഭിക്കുക.
ഇതൊക്കെയാണെങ്കിലും നിയമത്തിന്റെ കുരുക്കുകളില്‍ പെട്ട് അവയവ ദാനത്തിനും അവയവമാറ്റത്തിനും നിരവധി തടസ്സങ്ങള്‍ ഉണ്ടാവുകയുംനടപടികള്‍ വൈകുകയും ചെയ്യുന്നു. ഇത് മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. ഇന്ത്യയില്‍ അവയവങ്ങളുടെ ദൗര്‍ലഭ്യം വളരെ വലുതാണ്. അവയവം ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കഴിയുന്ന പല രോഗികളും സമയത്ത് അവയവം കിട്ടാതെ മരണമടയുന്നു. പത്തുലക്ഷം പേരില്‍ 150-200 പേര്‍ കടുത്ത വൃക്കരോഗം ബാധിച്ചവരാണ്. ഗുരുതരമായ കരള്‍രോഗം ബാധിച്ചവരുടെ സംഖ്യ കൂടിവരുന്നു. ഇതിനുള്ള ഏകപരിഹാരം ജനങ്ങളെ അവയവദാനത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും മരിച്ചവരില്‍നിന്നുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുകയുമാണ്.
ചില രാജ്യങ്ങളില്‍ ഒരു വ്യക്തി അയാളുടെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുവാനുള്ള സന്നദ്ധത അയാളുടെ ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തണം. അപ്രകാരം സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അത്യാവശ്യ ഘട്ടങ്ങളില്‍ അവയവം ലഭിക്കുവാനുള്ള അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഇപ്പോഴത്തെ നിയമത്തിലെ ഏറ്റവും വലിയ പോരായ്മ അവയവങ്ങള്‍ ദാനം ചെയ്യുവാനായി ജീവിച്ചിരിക്കുമ്പോള്‍തന്നെ സമ്മതപത്രം എഴുതി വച്ചിട്ടുള്ളയാള്‍ മരിക്കുമ്പോള്‍ ബന്ധുക്കളുടെ സമ്മതംകൂടി ഉണ്ടെങ്കില്‍ മാത്രമേ മൃതശരീരത്തില്‍നിന്നും അവയവങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളു എന്നതാണ്. പലപ്പോഴും ബന്ധുക്കള്‍ പരേതന്റെ അഭിലാഷത്തെ ബഹുമാനിക്കാറില്ല. ജീവിച്ചിരിക്കുമ്പോള്‍ ഒരാള്‍ തയ്യാറാക്കിയിട്ടുള്ള അവയവദാനപത്രത്തിന് നിയമപരിരക്ഷ നല്‍കേണ്ടതാണ്. സമ്മതപത്രം അനുസരിച്ച് പരേതന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ ബന്ധുക്കള്‍ ബാധ്യസ്ഥരായിരിക്കണം. അവയവ ദാനത്തിന് വേണ്ടി പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് നിരോധിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ പുറപ്പെവിച്ചിരുന്ന ഉത്തരവിനെതിരായി 16 പേര്‍ കേരള ഹൈക്കോടതിയില്‍ റിട്ട് അന്യായങ്ങള്‍ നല്‍കിയിരുന്നു. ബഹു.കോടതി മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് അവയവക്കച്ചവടം പ്രോല്‍സാഹിപ്പിക്കുമെന്ന കാരണത്താല്‍ ആ അന്യായങ്ങള്‍ നിരസിച്ചു. എന്നാല്‍ ജീവകാരുണ്യപരമായ അവയവദാനത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. (അനുബന്ധം 7) സര്‍ക്കാര്‍ വിശദമായ ഒരു ഉത്തരവിലൂടെ ജീവകാരുണ്യപരമായ അവയവദാനത്തിനും വച്ചുമാറ്റ അവയവദാനത്തിനും ആവശ്യമായ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു (അനുബന്ധം 8).
അവയവദാന നിയമത്തെയും നടപടിക്രമങ്ങളെയും (TOHO Act and Rules) ലളിതമായി വിശദീകരിക്കുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ രചനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ഇതിന്റെ നക്കല്‍ പരിശോധിക്കുകയും ചെയ്ത ജില്ലാ ജഡ്ജിയും കേരള ജൂഡിഷ്യല്‍ അക്കാദമിയുടെ അഡീഷണല്‍ ഡയറക്ടറുമായ ശ്രീ പി ജി അജിത്കുമാര്‍ അവര്‍കളോട് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു.
ഈ പുസ്തകത്തിന് പ്രൗഢഗംഭീരമായ ഒരു അവതാരിക എഴുതിയ ബഹു: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശ്രീ കെ ടി ശങ്കരന്‍ അവര്‍കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ഈ ഗ്രന്ഥരചനയില്‍ വളരെയധികം സഹായിച്ച, നാലു ദശാബ്ദങ്ങളായി എന്റെ നല്ല പകുതിയായ പദ്മകുമാരിക്ക് എന്റെ സ്‌നേഹാതിരേകം. പുസ്തകം പ്രകാശനം ചെയ്ത ഡി സി ബുക്‌സിന്റെ സാരഥി രവി ഡിസിക്കും, എഡിറ്റര്‍ സഞ്ജീവ് പിള്ളയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ സ്‌നേഹാദരങ്ങള്‍.”
ഡോ. ബി. ഉമാദത്തന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.