DCBOOKS
Malayalam News Literature Website

വി.എം ദേവദാസിന്റെ കഥാസമാഹാരം ‘അവനവന്‍ തുരുത്ത്’

മലയാളത്തിലെ യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ചെറുകഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങി ഏഴ് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന അവനവന്‍ തുരുത്ത് എന്ന കഥാസമാഹാരത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്.

അവനവന്‍ തുരുത്ത് എന്ന കഥയ്ക്ക് സുനില്‍ സി.ഇ എഴുതിയ പഠനം വായിക്കാം

”പ്രതികാരം തീര്‍ന്നവന്റെ കൈയിലെ ആയുധം ഒരുതരത്തില്‍ അര്‍ബുദംപോലെ അപകടമാണ്. അതു പിന്നെ കൈവശക്കാരനു നേരേ തിരിയാനുള്ള, ഉടയോനെത്തന്നെ ഇല്ലാതാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.”
ചിന്തയുടെ യാന്ത്രികമായ ക്രമവത്കരണങ്ങള്‍കൊണ്ടല്ല ദേവദാസ് മരണപ്രമേയ കഥകള്‍ സൃഷ്ടിക്കുന്നത്. യാന്ത്രിക നിയമങ്ങള്‍കൊണ്ട് ഒരാള്‍ക്ക് വളരെക്കുറച്ച് മരണപ്രമേയങ്ങളേ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഏകാന്തത, അലച്ചില്‍, ഭയം, മരണം ഇവയൊക്കെ ദേവദാസ് എന്ന കഥാകാരന്റെ ഉച്ചിയെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ചില ക്ഷതങ്ങള്‍ മനസ്സില്‍ ഉണങ്ങാതെ കിടക്കുമ്പോള്‍ അവ കഥയുടെ അങ്കി ധരിച്ചു പുറത്തുവരും. ‘അവനവന്‍ തുരുത്ത്‘ എന്ന ശീര്‍ഷകം കേള്‍ക്കുമ്പോള്‍തന്നെ അതൊരു പ്രാദേശിക ദുഃഖത്തിന്റെ ഗന്ധമാണ് അനുഭവിപ്പിക്കുന്നത്. ‘അവനവന്‍ തുരുത്തി’ലെ ഐസക് എന്ന കഥാപാത്രം ഏകാന്തതയുടെ പ്രതീകമാണ്. ഐസക് കൊയ്‌തെടുത്ത ഏകാന്തതയുടെ വിളവ് രേഖപ്പെടുത്താന്‍ ദേവദാസ് വിനിയോഗിക്കുന്ന പ്രസ്താവന സമകാലിക കാലത്തിന്റെ ദൃശ്യപ്പെരുമയാണ്. ”അല്ലറ ചില്ലറ ഇടനിലക്കച്ചവടവും ബാക്കിസമയം മുഴുവനും മുറിയടച്ചിരുന്ന് മദ്യപാനവുമായി തന്റെ ഒതുങ്ങിയ ജീവിതം അയാള്‍ പിന്നെയും ചുരുക്കി ജീവിച്ചുകൊണ്ടിരുന്നു. വൈപ്പിന്‍പോലെ ഐസക്കും ഒരു ദ്വീപായി മാറിത്തുടങ്ങിയ കാലത്താണ് ഗോശ്രീ പാലം തുറക്കുന്നത്” എന്ന് കഥയിലൊരിടത്ത് ഏകാന്തതയുടെ തീക്ഷ്ണത പ്രകടിപ്പിക്കാന്‍ ദേവദാസ് എഴുതുന്നുണ്ട്. സകലവിധ ഇരുട്ടുകളും ഒരാളെ പൊതിയുന്ന തെങ്ങനെയെന്നും ഏകാന്തത എന്ന പൊണ്ണത്തടി ഒരാളെ വരിഞ്ഞു മുറുക്കുന്നതെങ്ങനെയെന്നുമൊക്കെ അറിയണമെങ്കില്‍ അവനവന്‍ തുരുത്തിന്റെ ‘ഇടവര’കളെ (ഇടവഴികളെ) നാം പരിചയപ്പെടേണ്ടതുണ്ട്.

ഇതിലെ ഐസക്ക് നിരീശ്വരവാദിയായി മാറുന്നതിനു പിന്നില്‍പോലും രണ്ടു മരണങ്ങളാണ് കാരണമാകുന്നത്. ഇവിടെ മരണം എന്ന തിന്മയെ അതിശയോക്തിയുടെ കണ്ണാടിയിലൂടെയല്ല പക്ഷേ, ദേവദാസ് കാണാന്‍ ശ്രമിക്കുന്നത്. നാശത്തിന്റെ ഒരുപാട് അര്‍ത്ഥകല്പനകള്‍ ‘അവനവന്‍ തുരുത്തിലുണ്ട്. ആത്മഹത്യ ഒരു പരീക്ഷണമാണെന്നെഴുതിയത് ഷോപ്പനോവ്‌റാണ്. പക്ഷേ, മരണത്തെക്കുറിച്ചുള്ള ദേവദാസിന്റെ കാലസങ്കല്പങ്ങള്‍ ദിവ്യകലാപങ്ങളായിമാറുന്നു. നമുക്ക് ഏറ്റവും സുപരിചിതമായ വൈപ്പിന്‍ മദ്യദുരന്തമൊക്കെ പരാമര്‍ശവിധേയമാകുന്ന ഈ കഥയിലെ മറ്റൊരു പ്രധാനവിഷയം മനുഷ്യനെ പൊതിഞ്ഞുനില്‍ക്കുന്ന ‘പ്രതികാരദാഹം’ എന്ന അധാര്‍മ്മികസ്വഭാവമാണ്. പ്രതികാരദാഹമാണ് കൊലപാതകത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചു പറയാന്‍ ഇവിടെ വഴിയൊരുക്കുന്നത്. ഇതിലെ രംഗനാഥന്‍, ഐസക്കിന് പന്നനാണ്. അതുകൊണ്ട് അയാളെ കൊലപാതകത്തിനിരയാക്കുക എന്നത് ഐസ ക്കിന്റെ ആവശ്യമായിമാറുന്നു. സ്വന്തം ജീവിതത്തിന്റെ വ്യര്‍ത്ഥതയാണ് രംഗനാഥനെ കൊലപ്പെടുത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പക്ഷേ, ക്രമേണ ഐസക് മനസ്സിലാക്കുന്നു. താന്‍ പിന്നിട്ടത് ദൂരുഹതയുടെ ഒരു ദ്വീപാണെന്ന്. ദുഃഖത്തിന്റെ കറുത്ത കനികള്‍ തിന്നുകഴിയുന്ന താന്‍ തനിക്കുതന്നെ ഭാരമായി മാറുന്നതിന്റെ ആകുലതകള്‍ പറഞ്ഞുകേള്‍പ്പിക്കാനുള്ള ഉപകരണമാണിതിലെ സതീശന്‍ എന്ന കഥാപാത്രം. ഐസക്ക് എന്ന കഥാപാത്രം സ്വയം തൃപ്തിപ്പെടുന്നതും ശ്രദ്ധേയമാണ്. ‘ദുരന്തം എന്നതൊരു വാഹനചക്രമാണെങ്കില്‍ തിരക്കേറിയൊരു നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ പാത മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന കാല്‍നടക്കാരനാകും ഐസക്ക്.” ഇവിടെയൊക്കെയും സ്വാതന്ത്ര്യമാണ് ഐസക്കിന്റെ ലക്ഷ്യം. മലയാളക്കരയിലെ ഷെനെ യാണ് ദേവദാസിന്റെ ഐസക്ക്. തന്റെ പീഡിപ്പിക്കപ്പെട്ട സ്വാതന്ത്ര്യത്തെ സന്തോഷിപ്പിക്കാന്‍വേണ്ടി ഷെനെ നടത്തിയ കൊലപാതകം സ്വാതന്ത്ര്യത്തിനുള്ള ലക്ഷ്യമായിരുന്നില്ല, മറിച്ചതൊരു മാര്‍ഗ്ഗമായിരുന്നു. അതൊരു താണതരം തിന്മയാണെന്ന് ഷെനെ ശരിവെക്കുന്നു. പക്ഷേ, അതിനുപിന്നില്‍ സാഡിസം എന്നു പറയുന്ന സൈക്കിക് ഡിസോര്‍ഡറില്ല (psychic disorder).

മരണവും ജീവിതവും ആത്മപ്രകാശനത്തിന്റെ അസാധ്യതകളാക്കി മാറ്റുക എന്നത് എഴുത്തിലെ മാജിക്കാണ്. ഏത് എപ്പോള്‍ തിരഞ്ഞെടുക്കണമെന്നത് ദാര്‍ശനികനായ കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിന് പുറത്തുകടക്കുമ്പോഴാണ് വായനക്കാരന്‍ തിരിച്ചറിയുന്നത്. ഇതു വിദേശഎഴുത്തിന്റെ കരുത്താണ.് ആര്‍തര്‍ കോനന്‍ ഡോയലിനെയും അഗതാക്രിസ്റ്റിയെയും ഒക്കെപ്പോലുള്ള, കുറ്റങ്ങളിലേക്ക് തിരിച്ചുവച്ച മനസ്സിന്റെ പ്രതിപ്രവര്‍ത്തനമായി ഇത്തരം കഥകളെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരാളുടെ പ്രതികാരദാഹമല്ല ഡോയലിലും അഗതാ ക്രിസ്റ്റിയിലും നാം കാണുന്നത് ഇവിടെ പ്രതികാരദാഹം ശരീരത്തോളം വളരുന്ന ഐസക്കും അതിനിരയാക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടുള്ള രംഗനാഥനും ആര്‍തറും അഗതാക്രിസ്റ്റിയും വെറുതേവിട്ട കഥാപാത്രങ്ങള്‍പോലെ നമുക്കനുഭവപ്പെടും. ഇതു പ്രപഞ്ചത്തില്‍ മനുഷ്യനുള്ള രഹസ്യാത്മകഭാവത്തിന്റെ ഗ്രാവിറ്റികൂടി വെളിപ്പെടുന്നുണ്ട്. ഏതൊരു ലക്ഷ്യത്തിനും കഠിനദുഃഖങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്ന പഴയ സിദ്ധാന്തത്തെയാണിവിടെ ദേവദാസ് മൂര്‍ച്ചപ്പെടുത്തുന്നത്. തിന്മ ശ്വസിച്ചുകഴിയുന്ന മനുഷ്യരുടെ ഏകാന്തതയ്ക്കും ഭയത്തിനും പ്രതികാരദാഹത്തിനും അധര്‍മ്മത്തിന്റെ രുചിയുണ്ടാകാമെന്ന് ‘അവനവന്‍ തുരുത്ത്‘ വെളിപ്പെടുത്തുന്നു.

Comments are closed.