DCBOOKS
Malayalam News Literature Website

ശിശിരം ഒരു ഋതുവല്ല……

ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാൻ

“Notice that  Autumn is more the season of the soul than of Nature “

Friedrich Nietzsche

വൻ അപകടകരമായ ചില അന്വേഷണങ്ങൾക്കിറങ്ങിത്തിരിക്കുമ്പോൾ, നിലച്ചുപോവുക എന്നതാണ് പൊതുവെ അവളുടെ ഭാഗദേയം.  മിത്തുകൾ പോലും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതരുന്നതും അതൊക്കെത്തന്നെയാണ്. കഠിനാനുഭവങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചും ഒരുനാൾ അവൻ വിജയിയായി മടങ്ങിയെത്തും.

അവളോ? -അവൾ അവിടെത്തന്നെയുണ്ടാവണം –

അവനെ കാത്ത് !

ഒരു ഒഡീസി പോലും പറയാൻ ശ്രദ്ധിച്ചത് അതാണ് !

അങ്ങനെയല്ല എന്നു തെളിയിക്കുന്നിടത്താണ് യശോധരയുടെ വർത്തമാനകാലപ്പൊരുൾ.

അയാൾക്കെല്ലാം കഴൽ കെട്ടുന്ന ചരടുകളായിരുന്നു. രാഹുലൻ / രാഹുല എന്ന നാമംപോലും യാദൃശ്ചികമല്ല – ചങ്ങല എന്നുതന്നെയാണ് അതിന്റെ മൂലം.

ഒരേയൊരു തവണയാണ് താൻ വിട്ടുപോയിടത്തേക്ക് അയാൾ മടങ്ങിവന്നത്. എന്നാൽ ഉമ്മറത്തിരുന്ന്, അയാൾ കണ്ടെത്തിയ നിർവ്വാണമന്ത്രങ്ങളുടെ കേവലം കേൾവിക്കാരിയാകാൻ അല്ല അവൾ നിശ്ചയിച്ചത്. അതുകൊണ്ടാണ് എവിടെ തന്നെ തനിയെ Textവിട്ടുപോയോ  അതേ അകത്തളത്തിലേക്ക്തന്നെ വരാൻ അയാളോട് ശഠിക്കുന്നത്.

അയാളില്ലാതിരുന്ന കാലത്ത് ശിശിരത്തിലെ വൃക്ഷം പോലെയായിരുന്നു അവൾ. എല്ലാത്തരം പകിട്ടുകളും അലങ്കാരങ്ങളും അടർന്നു പോയി, അത്രമേൽ ആത്മാവിൽ നഗ്നയായി…

ഏതൊരു ദുര്യോഗവും ഇതിന്റെ ചെറുതും വലുതുമായ പതിപ്പുകളാണ് . ചിലരങ്ങനെ കൊടിയ തണുപ്പിൽ അവിടെത്തന്നെ വിറങ്ങലിച്ച് നിന്നു പോകുകയാണ്; കത്തിപ്പോയ നഗരത്തെ തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഉറഞ്ഞു പോയ പഴയനിയമത്തിലെ ലോത്തിന്റെ ഭാര്യയെ പോലെ. ജൂതപാരമ്പര്യമനുസരിച്ച് അവൾക്ക് ഈഡിത്ത് എന്നാണ് പേര്.

എന്നാൽ കുറെക്കൂടി അഗാധമായ ഒരു നിലനില്പാണ് തന്റെ വഴി എന്ന മിന്നൽ വെളിച്ചത്തിലാണ് ഇവളുടെ ബോധോദയം.

‘…അവളവൾ ശരണം…’ എന്ന മന്ത്രധ്വനി മുഴങ്ങുന്നത് അങ്ങനെയാണ്.

‘ I am my own refuge.’

കാലമോ വിധിയോ നിരാർദ്രമായി വർത്തിച്ച ചിലർ ഒന്നിനെയും പഴിക്കാതെ സുമധുരമായി ജീവിതത്തെ അഭിമുഖീകരിച്ചതിന്റെ ചില നുറുങ്ങുവർത്തമാനങ്ങളാണ് ഈ കുറിപ്പുകളുടെ  പൊതുധാര. കുറെക്കൂടി തെളിച്ചമുള്ള ഒരു ലോകത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത പരസഹസ്രം മനുഷ്യരോട് ഒപ്പം ചേർന്ന് നടക്കാൻ ഇച്ഛാശക്തിയും ധൈര്യവും കാട്ടിയ ഒരു ഗണം സ്ത്രീകളാണ് ഇതിൽ.

ഗ്രാമത്തിലെ കുഞ്ഞൊരു റെയിൽവേ സ്റ്റേഷൻ. അനവധി വണ്ടികൾ വന്നു പോയിട്ടും അതിലൊന്നും കയറാതെ അവിടെ ഒരു ചെറിയ കുട്ടി കാത്തു നില്ക്കുന്നുണ്ട്.

“കുഞ്ഞേ, എന്തിന് വേണ്ടിയാണ് നീ ഇനിയും കാത്തു നിൽക്കുന്നത്?’

“എന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്, ഒരുദിവസം മെച്ചപ്പെട്ട ലോകത്തിലേക്ക് ഒരു വണ്ടി വരും. അതിൽ മാത്രമായിരിക്കട്ടെ നിന്റെ സഞ്ചാരമെന്ന്. അത് എപ്പോഴാണ് പുറപ്പെടുക?’

അതെ…

ഇനിയുമൊരു വണ്ടി വരാനുണ്ട്…

വൈകാതെ അത് വരും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.