‘യുദ്ധാനന്തരം’; പലായനത്തിന്റെ മുറിവുകള്‍ തീക്ഷ്ണമായ് പകരുന്ന മലയാള നോവല്‍: ഷീലാ ടോമി
റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’ എന്ന നോവലിനെക്കുറിച്ച് ഷീലാ ടോമി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
വായിച്ച ഒരുപാട് പുസ്തകങ്ങള്‍ ഒരുവാക്കെങ്കിലും മിണ്ടിയില്ലല്ലോ എന്ന് പരിഭവിക്കുന്നുണ്ട്.
ഒരു വാചകമെങ്കിലും എഴുതാതെ പോകുന്നത് ചില പുസ്തകങ്ങളോട് ചെയ്യുന്ന അനീതിയാവും. അതിലൊന്നാണ് ‘യുദ്ധാനന്തരം’… തുര്‍ക്കിയിലെ കടല്‍ത്തീരത്ത് ചലനമറ്റ് കിടക്കുന്ന ഐലന്‍ കുര്‍ദ്ദി എന്ന കുഞ്ഞിന്റെ ചിത്രം നമ്മള്‍ ഒരിക്കലും മറക്കില്ല. പലായനം എന്ന വാക്കിന്റെ പ്രതീകമായി മാറിയ ചിത്രം. ജന്മദേശത്തുനിന്ന് കുടിയിറക്കപ്പെടുന്ന ജനതകളുടെ അതിജീവനയാത്രകള്‍ എന്നും ലോകമന:സാക്ഷിയെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നോവുകള്‍ ഒരു നോവലിലും ഒതുക്കാനാവില്ല.
ആ പശ്ചാത്തലത്തിലാണ് റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’ വായനക്കെത്തുന്നത്. അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’, ജുനൈദ് അബൂബക്കറിന്റെ ‘സഹറാവീയം’ തുടങ്ങിയ നോവലുകള്‍ക്കുശേഷം പലായനത്തിന്റെ മുറിവുകള്‍ തീക്ഷ്ണമായ് പകരുന്ന മലയാള നോവല്‍. അഭയാര്‍ത്ഥികള്‍ നേരിടുന്ന ഭീകരതകളും ക്രൂരതകളും ഉള്ളുപിടയാതെ വായിച്ചുപോകാനാവില്ല. ചാവേറുകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും നോവല്‍ പറയുന്നു. എഴുത്തില്‍ വിവിധങ്ങളായ വിഷയങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് റിഹാന്‍. ലോകമെങ്ങും നടക്കുന്ന അതിഭീകര മനുഷ്യാവകാശലംഘനങ്ങള്‍ തുടര്‍ക്കഥയാവുവോളം എത്ര എഴുതിയാലും തീരാത്ത വിഷയമാണ് ‘യുദ്ധാനന്തരം’. ഭയം നമ്മളെ നിശബ്ദരാക്കിയിരിക്കുന്നു.
നമ്മുടെ മണ്ണിലും നാമ്പിടുന്നുണ്ടോ പലായനം എന്നൊന്നും ചിന്തിക്കാന്‍ നമുക്ക് നേരമില്ല. ധൈര്യവുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഓടി രക്ഷപ്പെട്ട തികച്ചും വ്യത്യസ്തരായ മൂന്നു മനുഷ്യരെ ഇസ്താംബൂളിലെ ഒരു വിളക്കുകാലിനു ചുവട്ടില്‍ ഒന്നിപ്പിക്കുകയാണ് റിഹാന്‍. ഒപ്പം മൂന്നു രാജ്യങ്ങളെയും. അവര്‍ താണ്ടിയ തീക്കടലില്‍ വായനക്കാര്‍ പൊള്ളാതിരിക്കില്ല.
ദ്രവിച്ച സാക്‌സോഫോണില്‍നിന്ന് എന്നും ഒരേ ഗാനം മീട്ടുന്ന വൃദ്ധനായ ഫാരിസ് ഹദ്ദാദും തെരുവുമാന്ത്രികനായ ബയോത്തോറും തന്റെ പൊടിപിടിച്ച പുസ്തകങ്ങളില്‍ വസിക്കുന്ന സോയാ ഫാമിയയും തകര്‍ക്കുന്നത് മൂന്നു രാജ്യങ്ങളുടെ, ദേശങ്ങളുടെ, അതിര്‍ത്തികളാണ്. ഭരണകൂടങ്ങളുടെ ധാര്ഷ്ട്യങ്ങളുടെയും യുദ്ധക്കൊതിയുടെയും കപട മുഖങ്ങളും.
നോവല്‍ വായിച്ചു നിര്‍ത്തുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് ലജ്ജിക്കാതെ വയ്യ…
Comments are closed.