Author Of The Week- എം. മുകുന്ദന്‍
മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്.
1961-ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എഴുതി. ജോലിയുടെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ദില്ലിയിലേക്കു പറിച്ചുനടപ്പെട്ടു. ദില്ലി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യസൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതുമൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികള്‍.
നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1998ല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, എം.പി.പോള്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, എന്‍. വി. പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.മുകുന്ദന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
Comments are closed.