സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു
സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. അദ്ദേഹം എഴുതിയ ‘അരപ്പിരി ലൂസായ കാറ്റാടിയന്ത്രം’, ‘നക്ഷത്രജന്മം'(ബാലസാഹിത്യം), ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലായിരുന്നു ഗഫൂർ അറയ്ക്കലിന്റെ ജനനം. പിതാവ് : ഉസന്‍കോയ. മാതാവ് : പാത്തേയ്. ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി ഉന്നത വിദ്യാഭ്യാസം നേടി. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇരപിടിക്കുന്നതെങ്ങനെ (കവിതാസമാഹാരം), ഒരു ഭൂതത്തിന്‍റെ ഭാവിജീവിതം, ഹോര്‍ത്തൂസുകളുടെ ചോമി (നോവൽ) മത്സ്യഗന്ധികളുടെ ദ്വീപ് (ബാലസാഹിത്യം) എന്നിവയാണ് മറ്റ് പ്രധാനകൃതികൾ. സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലുക്കാ ചുപ്പി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.
മനുഷ്യമനസിന്റെ ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത ഭൂവിഭാഗങ്ങളിലൂടെയാണ് ഗഫൂര്‍ എന്ന സാഹിത്യകാരന്റെ എഴുത്തുകൾ സഞ്ചരിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സുദീര്‍ഘചരിത്രത്തെ നോവലിലെ താരതമ്യേന വളരെ ചെറിയ കഥനമേഖലയിലേക്ക് ആനയിച്ച നോവലായിരുന്നു ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’. അതുവഴി ചരിത്രത്തിന്റെ വിശാലഭൂപടം ഒരു ഗ്രാമത്തിന്റെ കോണിലെ കോളനികളിലൊന്നിലെ അനുഭവലോകമായി ഇതള്‍ വിരിയുകയായിരുന്നു.വിപുലമായ സാമൂഹ്യചരിത്രത്തെ അനുഭവനിഷ്ഠമായി തന്റെ ആഖ്യാനത്തില്‍ സന്നിവേശിപ്പിക്കുന്നതില്‍ നോവലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്ന വൈദഗ്ധ്യമാണ് ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’ എന്ന രചനയെ മികവുറ്റതാക്കുന്ന ഘടകമെന്ന് സുനില്‍ പി ഇളയിടം പുസ്തകത്തെക്കുറിച്ചുള്ള പഠനത്തില്‍ എഴുതിയിട്ടുണ്ട്.
തന്റെ കാലത്തിന്റെയും പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയചരിത്രത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുകയാണ് ഗഫൂര്‍ അറയ്ക്കല്‍ നോവലിലൂടെ. ചരിത്രത്തില്‍ വേരുകളില്ലാത്ത മുന്‍വിധികളില്‍നിന്നല്ല ഗഫൂര്‍ ആഖ്യാനത്തിന്റെ കരുക്കള്‍ കണ്ടെത്തുന്നത്. മറിച്ച് അഗാധമായ ചരിത്രസംഘര്‍ഷങ്ങളില്‍നിന്ന് കണ്ടെടുത്ത കരുക്കള്‍ കൊണ്ട് പണിതീര്‍ത്ത നോവലാണിതെന്നും സുനില്‍ പി ഇളയിടം പറയുന്നു.
Comments are closed.