DCBOOKS
Malayalam News Literature Website

ഇത് വെറും നുള്ളിപ്പെറുക്കലല്ല, ഓരോ ആലോചനയിലും കൃത്യമായ രാഷ്ട്രീയമുണ്ട്!

 

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് അനു പാപ്പച്ചൻ എഴുതിയ വായനാനുഭവം

ഹരീഷിലെ ‘റിപ്പോര്‍ട്ടറെ ‘ എനിക്കു വലിയ ഇഷ്ടമാണ്. അന്വേഷണാത്മകതയും ആലോചനയും ഇഴപിരിച്ചു ‘കാതല്‍ ‘ സ്വരുക്കൂട്ടിയെടുക്കുന്ന സിദ്ധിക്ക് ഇയാളുടെ പിന്നാലെ പോയി നോക്കണം!
സ്വന്തം നാട്ടിലെ കഥകളില്‍ നിന്ന് ‘മീശ ‘യുണ്ടാക്കിയ വിധമാണ് നിരീക്ഷിച്ചത്. സൃഷ്ടിയല്ല, സൃഷ്ടിയിലേക്കുള്ള വഴിയാണ് ഹരീഷിനെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരു സംഗതി. ഇയാള് എടുക്കുന്ന യു – ടേണുകള്‍ നമ്മെ ത്രില്ലടിപ്പിക്കും.

ദാ, ഇപ്പോള്‍ ചരിത്രത്തിനു പിന്നാലെ പോയിരിക്കയാണ്. നേരത്തെ തന്നെ ചരിത്രം മാന്തിയെടുക്കുന്നതില്‍ അയാള്‍ ഭ്രാന്തനാണ്. മനുഷ്യ ചരിത്രഗാഥകളുടെ മുത്തുമാല പൊട്ടിച്ചിതറി വീണ ഇടത്തില്‍ നിന്ന് ആരും കാണാതെ മൂലയില്‍ പോയി കിടക്കുന്ന ആ മുത്തുമണി പെറുക്കിയെടുത്തു കൊണ്ടുവരുന്ന കുട്ടിയാണ് ഹരീഷ്.

Textആഗസ്റ്റ് 17 ല്‍ കുറേക്കൂടി സാഹസികനാണ്. അപനിര്‍മ്മിതിയിലാണ് ക്രേസ്. ലോകത്തിന്നോളം വന്ന ഫിക്ഷനുകള്‍ മുഴുവന്‍ ഭ്രാന്തരുടെ നിര്‍മ്മിതികളാണല്ലോ. എന്നാല്‍ പിന്നെ, ചരിത്രത്തെ എന്തിന് അനക്കമില്ലാതെ വക്കണം എന്നാണ് ഈ ചികഞ്ഞുനോട്ടക്കാരന്റെ ലോജിക് .
പക്ഷേ ഇത് വെറും നുള്ളിപ്പെറുക്കലല്ല. ഓരോ ആലോചനയിലും കൃത്യം രാഷ്ട്രീയമുണ്ട്.

അത് വായനയും അതിലെ പ്രിയങ്ങളും സ്വന്തം ദേശ / കാല നോട്ടങ്ങളും ജീവിത ബോധ്യങ്ങളും ചേര്‍ന്ന് രൂപപ്പെട്ടതാണ്.

ഉദാഹരണത്തിന്,

‘നീ ഏതാടാ ബുദ്ദൂസേ ‘ എന്ന് ചോദിച്ച് കഥയില്‍ ചാടി വീണ് പ്രത്യക്ഷപ്പെടുന്നതാരാ?

…….ഭാസി ബഷീറിന്റെ കൂട്ടുകാരനാണ് ……

‘ആരുടെ? നമ്മുടെ ബഷീറിന്റെ ‘- എന്നാണ് നോവലിലെ വാചകം തന്നെ. ആശയത്തിലും ആലോചനകളിലും ഒരു പൗരസമൂഹത്തെ മുഴുവന്‍ ഉടച്ചുവാര്‍ത്ത ‘വിനീതനായ ചരിത്രകാരന്‍ ‘ ഹരീഷിന്റെ മെന്റര്‍!

‘ കാഞ്ഞിരപ്പിള്ളി പൊന്‍കുന്നത്തിനടുത്ത് കോത്താഴം എന്നൊരു സ്ഥലമുണ്ട്. നീ കേട്ടിട്ടുണ്ടോ?രണ്ട് പേര് പ്രേമിക്കുമ്പം അവരുടെ ലോകം മാത്രവേയുള്ളൂ. അതോ അതിനകത്ത് നാട്ടുകാര് മുഴുവനും കയറി നിരങ്ങണമെന്നാണോ നീ പറയുന്നത് ‘?

ഹരീഷ് നോവലില്‍ എഴുതിവക്കുന്ന ബഷീറിയന്‍ വാചകമാണ്. പ്രതിചരിത്രമുണ്ടാക്കുന്നതിന്റെ ലഹരി ഈ ഹരീഷിന് വെറുതെയാണോ…! ഇതൊരു സൂചന മാത്രം, നോവല്‍ വായിക്കാന്‍ ത്വര തോന്നുന്നില്ലേ?

‘എടാ, മനുഷ്യര് കണ്ടു പിടിച്ച ഏറ്റവും അപകടമുള്ള ആയുധം എന്താണെന്ന് പറ: ‘

തോക്ക്?
പീരങ്കി?
രാസായുധം?

അതൊന്നുമല്ല, കഥയാണ് ഏറ്റവും ഭയങ്കരന്‍ ‘!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.