DCBOOKS
Malayalam News Literature Website

എസ് ഹരീഷിന്റെ നോവൽ ‘ആഗസ്ററ് 17’; അപകടം പതിയിരിക്കുന്ന ഒരു പുസ്തകം

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് ലക്ഷ്മി ദിനചന്ദ്രൻ എഴുതിയ വായനാനുഭവം

വായനയും എഴുത്തും ഓരോരുത്തർക്കും ഓരോന്നാണ് – അറിവ് നേടൽ, അന്വേഷണം, വിനോദം, കൗതുകം, അഭയം, ഒളിയിടം. ഇവയ്ക്കപ്പുറമുള്ള ഒരു തലത്തിൽ, വായന ഒരു ധ്യാനാത്മകമായ പ്രക്രിയയാക്കാൻ സാധിക്കും. എഴുത്താളരുടെ വാക്കുകളുടെ ഒഴുക്കുമാത്രമല്ല, ആ ഒഴുക്ക് സ്വന്തം മനസ്സിലുണ്ടാക്കുന്ന ഓളങ്ങൾകൂടി മാറിനിന്നു കാണുക, അതിലൂടെ ഒരു ആത്മാവലോകനം സാധ്യമാക്കുക – ഇങ്ങനെയൊരു സാധ്യതകൂടി വായനയ്ക്കുണ്ട്.

എഴുതുന്നവർ ആകാശവാണിപോലെ ആശയങ്ങൾ പ്രസരിപ്പിക്കുകയും, വായനക്കാർ അവയുടെ സ്വീകർത്താക്കൾ മാത്രമാവുകയും ചെയ്യുന്നതിലൊതുങ്ങാത്ത ഒരു സംഗതിയാണിത്. എഴുത്തും വായനയും ചേരുമ്പോൾ മാത്രമാണ് ഇവിടെ വാക്കുകൾക്കും വാക്കുകൾക്കിടയിലെ മൗനങ്ങൾക്കും അർത്ഥപൂർണതയുണ്ടാകുന്നത്.

ഇങ്ങനെയൊരു വായനയ്ക്ക് ചേർന്ന പുസ്തകമാണ് എസ്. ഹരീഷിന്റെ പുതിയ നോവലായ ആഗസ്റ്റ് 17. അതിന്റെ (സ്വല്പം അപകടകരം തന്നെയായ) ഉപരിതലത്തിനപ്പുറം കടന്നുചെല്ലണമെങ്കിൽ വായനക്കാരെന്ന നിലയ്ക്ക് നമുക്കും ഒരു പരുവപ്പെടൽ ആവശ്യമാണെന്ന് തോന്നുന്നു.

മുന്നൂറ്റിയൻപത്തിയേഴു പേജുകളിലായി മൂന്നു ഭാഗങ്ങൾ, അതിൽ നാല്പത്തിയെട്ട് അധ്യായങ്ങൾ – ഇതാണ് ആഗസ്റ്റ് 17 ന്റെ ശരീരം. പ്രതിചരിത്രം അഥവാ alternate history എന്ന ഴോണറിൽ മലയാളത്തിൽ ഇറങ്ങിയ ഒരു ലക്ഷണമൊത്ത പുസ്തകമാണ് ഇത്. പ്രതിചരിത്രരചനകൾ പൊതുവെ science fiction ന്റെ ഒരു ഉപവിഭാഗമായാണ് കാണപ്പെട്ടിരുന്നത്. ടൈം മെഷീൻ പോലെയുള്ള സങ്കേതങ്ങളുപയോഗിച്ച് നടന്നതല്ലാത്ത ഒരു ചരിത്രമുണ്ടാക്കുന്ന കഥകൾ, അത്തരം കിടുപിടികളുടെ സഹായം തേടാതെത്തന്നെ ചരിത്രത്തിന്റെ സാധ്യതകൾ പരിശോധിക്കുന്ന Textകഥകൾ, പിന്നെ ഇവ രണ്ടും ചേർന്ന കഥകൾ. പാശ്ചാത്യഭാഷകളിൽ വന്നിട്ടുള്ള കൃതികളിൽ അധികവും രണ്ടു തീമുകളിലൂന്നിയാണ് എഴുതപ്പെട്ടിട്ടുള്ളത് – രണ്ടാം ലോകയുദ്ധത്തിൽ അച്ചുതണ്ടുശക്തികൾ (ജർമനി-ഇറ്റലി-ജപ്പാൻ) ജയിക്കുന്നത്, അല്ലെങ്കിൽ ബൈബിൾ ചരിത്രം. ഫിലിപ്പ് ഡിക്കിന്റെ ‘മാൻ ഇൻ ദി ഹൈ കാസിൽ’, ജോൺ ബോയ്‌ഡിന്റെ ‘ദി ലാസ്‌റ് സ്റ്റാർഷിപ് ഫ്രം എർത്ത്’ എന്നിവ ഉദാഹരണം.

മലയാളത്തിൽ നമ്മൾ പരിചയിച്ചിട്ടുള്ള ചരിത്രനോവലുകൾ കൂടുതലും secret history അഥവാ രഹസ്യചരിത്രം എന്ന ഴോണറിൽ കൂട്ടാവുന്നവയാണ്. നടന്ന സംഭവങ്ങളുടെ നടക്കാത്ത ചരിത്രം പറയുന്നവ. എന്നാൽ alternate history ഇതിൽനിന്നും വ്യത്യസ്തമാണ്. ഇവിടെ ചരിത്രത്തിന്റെ വഴികൾ മാത്രമല്ല മാറുന്നത്, അതിന്റെ പ്രത്യാഘാതങ്ങളും മാറുന്നു. എഴുതപ്പെട്ട ചരിത്രത്തിൽ നിന്നും ഒരു ബിന്ദുവിൽ വെച്ച് അടർന്നുമാറി പുതിയൊരു വഴിയിലൂടെ നീങ്ങുന്ന ചരിത്രമാണ് ഇത്.

ഒരു പുസ്തകത്തെ alternate history എന്ന് കണക്കാക്കണമെങ്കിൽ അത് മൂന്നു നിബന്ധനകൾ പാലിക്കണമെന്നാണ് Steven H Silver എന്ന ശാസ്ത്രകഥാകാരൻ പറയുന്നത് – 1) എഴുതപ്പെട്ട ചരിത്രത്തിൽ നിന്നും കഥ വേർപെടുന്ന ഒരു ബിന്ദു. അത് എഴുത്തിന്റെ ഭൂതകാലത്തിലാകണം. അതായത്, 2022 ൽ എഴുതപ്പെടുന്ന പുസ്തകത്തിൽ, ഇപ്പറഞ്ഞ അടർന്നുമാറൽ സംഭവിക്കുന്നത് അതിനു മുൻപായിരിക്കണം. 2) അറിയപ്പെടുന്ന ചരിത്രം മാറ്റിമറിക്കുന്ന ഒരു സംഭവം അല്ലെങ്കിൽ സംഭവപരമ്പര ഉണ്ടാകണം 3) ഈ അടർന്നുമാറലിന്റെ ഫലമായി ചരിത്രത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കഥയുടെ ഭാഗമാക്കണം. ആഗസ്ററ് 17 ഇവയെല്ലാം അക്ഷരംപ്രതി പാലിക്കുന്നുണ്ട്.

1947 ആഗസ്റ്റ് 17 നു കാവിയിൽ വലംപിരിശംഖ് ആലേഖനം ചെയ്ത പതാക ഉയർത്തുന്ന ചിത്തിരതിരുനാൾ ബാലരാമവർമയിൽ നിന്നാണ് കഥ തുടങ്ങുന്നത്. ബ്രിടീഷുകാർ മടങ്ങിയപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്രമായി നിന്ന തിരുവിതാംകൂർ എന്ന നാട്ടുരാജ്യം, അതിന്റെ സർവാധിപനായി വാണിരുന്ന ബ്രാഹ്മണ്യത്തിന്റെ ആൾരൂപമായിരുന്ന സി പി രാമസ്വാമി അയ്യർ, ഈ കാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഗതിയിൽ പങ്കുവഹിച്ച മറ്റനവധി മനുഷ്യർ – കെ സി എസ് മണി, പൊന്നറ ശ്രീധർ, അക്കാമ്മ ചെറിയാൻ, കുമ്പളത്ത് ശങ്കുപ്പിള്ള, എ കെ ഗോപാലൻ, ടി വി തോമസ്, സവർക്കർ, എന്ന് വേണ്ട ഗാന്ധിയും ഗോഡ്സെയും വരെ ഈ നോവലിൽ നമുക്കറിയുന്നതും അറിയാത്തതുമായ രൂപഭാവങ്ങളോടെ കയറിയുമിറങ്ങിയും പോകുന്നുണ്ട്. ഈ ചരിത്രത്തിന്റെയെല്ലാം മുകളിലായി ഒരു വടവൃക്ഷം പോലെ, ഈ നോവലിന്റെ സുൽത്താനായി ബഷീറും. നോവലിന്റെ ഈ പ്രപഞ്ചനിർമ്മിതി തന്നെ ചരിത്രത്തെ ഒരു നേർരേഖയായി കണ്ടുശീലിച്ച സാധാരണക്കാരനെ കൂട്ടക്കുഴപ്പത്തിലാക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എങ്കിലുമത് വളരെ ആസ്വാദ്യകരമായ ഒരു കുഴപ്പമാക്കാൻ ഹരീഷെന്ന എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

ഈ നോവലിന്റെ കേന്ദ്രകഥാപാത്രം ഒരു ചാരനാണ്. നോവലിൽ ഒരിടത്ത് സി പി യെ കണ്ടുമുട്ടുന്ന, തന്റെ കൂടെ പ്രയത്നം കൊണ്ടാണ് സ്വാതന്ത്രതിരുവിതാംകൂർ സാധ്യമായതെന്നുറച്ച് വിശ്വസിക്കുന്ന, നിരവധി നിർണ്ണായകമായ ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിക്കുന്ന, തികഞ്ഞ രാജഭക്തനും സ്വാമിഭക്തനുമായ ഒരു ചാരൻ. സാഹചര്യമനുസരിച്ച് അയാൾ ഭാസിയും, അവറാച്ചനും, ചക്രപാണിയുമാകുന്നു. എന്നാലയാളുടെ യാഥാർത്ഥപേരും പശ്ചാത്തലവും വായനക്കാർക്കും അയാൾക്കുതന്നെയും അന്യമായി തുടരുന്നു. ഒടുക്കം വരെയും “ഈ മനുഷ്യൻ ആര്? വെറുമൊരു ചാരനോ? എഴുത്തുകാരനോ? വായനക്കാരോ?” എന്ന ചോദ്യം നിലനിൽക്കും.

വളരെ ബോധപൂർവമെന്നുതോന്നുന്ന ഒരു തെരഞ്ഞെടുപ്പിലൂടെയാണ് ചാരൻ ബഷീറിന്റെ ലോകത്ത് ചെന്ന് പെടുന്നത് – ഗാട്ടാഗുസ്തി പിടിച്ചുകൊണ്ട്. (ഒരു ചെറിയ ഉപകഥ: അക്കാലത്തെ തിരുവിതാംകൂറിൽ ഗാട്ടാഗുസ്തിയ്ക്ക് ആരാധകർ ഒരുപാടുണ്ടായിരുന്നു. തിരുവനന്തപുരത്തു ഗുസ്തിക്കാരും ആശാന്മാരും ഒരുപാടുണ്ടായിരുന്നു. പനവിള ജംഗ്ഷനടുത്തുള്ള താമസസ്ഥലത്ത് മുറ്റത്തിരുന്നു തന്റെ ദേഹത്ത് സോപ്പ് തേയ്ക്കുന്ന ഗാമ എന്ന ഫയൽവാന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന പഴയതലമുറയുടെ അവസാനകണ്ണികൾ ഇന്നും ഇവിടെയുണ്ട്. ഗാമയുടെ ഭീമാകാരമായ ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ അയാളുടെ കയ്യിലിരിക്കുന്ന സോപ്പ് കണ്ടാൽ കടുകുമുട്ടായിയുടെ വലുപ്പമേ തോന്നുമായിരുന്നുള്ളുവത്രേ.) അവിടെനിന്നും ചാരൻ ബഷീറിനൊപ്പം കൂടുന്നു. അല്ലെങ്കിൽ തിരിച്ച് – ബഷീർ ചാരനൊപ്പം കൂടുന്നു. താനൊരു കഥാപാത്രമാകുമോ എന്ന ശങ്കയിലേയ്ക്കും, ഒടുവിൽ ബഷീർ സൃഷ്ടിച്ചെന്ന് കരുതപ്പെടുന്ന ഭാവനാദ്വീപിനെ സ്വന്തം രാജ്യം എന്ന് വിളിക്കുന്ന അവസ്ഥയിലേയ്ക്കും ചാരൻ എത്തിപ്പെടുന്നു.

പൊതുവെ ഒരു പുരുഷക്കാഴ്ച മാത്രമുള്ള ആഗസ്റ്റ് 17ൽ ലേശമൊരു മഴപെയ്യിക്കുന്നത് ദേവസ്യായും ഏലിക്കുട്ടിയുമാണ് – പ്രവിത്താനത്തുനിന്നും മലബാറിലേക്ക് കുടിയേറിപ്പാർക്കുന്ന മക്കളില്ലാത്ത ദമ്പതികൾ. ഈ നോവലിലെ ജലസ്പർശം. ആദ്യാവസാനം രാഷ്ട്രീയംപറയുന്ന ഈ പുസ്തകത്തിലെ രാഷ്ട്രീയമില്ലായ്മയാണ് അവർ. കഥാകൃത്ത് പലവേദികളിലും ഉറപ്പിച്ചുപറയുന്ന തന്റെ അരാഷ്ട്രീയതയുടെ ഉത്‌കൃഷ്‌ട മാതൃകകൾ. ചരിത്രം അതിന്റെ ഒഴുക്കിൽ അവരെ ഒരു മലഞ്ചെരുവിൽ കൊണ്ടെത്തിക്കുന്നു. അവിടെ വെള്ളത്തിലൊഴുകിവന്ന വിത്തുകളെന്നപോലെ അവരങ്ങു സ്വാഭാവികമായി വേരുപിടിക്കുന്നു. സർപ്പമില്ലാത്ത ഒരു ഏദൻ തോട്ടമോ ആത്മാവിൽ ദരിദ്രരായവർക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗമോ ഒക്കെ സൃഷ്ടിക്കാൻ പണിയെടുക്കുന്നു. അവർ നാട്ടിൽനടക്കുന്നതിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഒക്കെ സംസാരിക്കുന്നുണ്ട് – പക്ഷെ ചരിത്രസാധ്യതകളുടെ കഥകളിൽ മനസ്സുടക്കിയ ചാരനെപ്പോലെ ആ കഥകളിൽ വീണുപോകുന്നില്ല. അതവർക്ക് വെറും നേരമ്പോക്കാണ്. ഒറ്റനോട്ടത്തിൽ സമാധാനപരമെന്നു തോന്നുന്നതെങ്കിലും, ചരിത്രം അതിന്റെയൊഴുക്കിൽ അടിച്ചെടുത്തുകൊണ്ടുപോകുന്ന ജീവിതങ്ങൾതന്നെയാണ് അവരുടേത്. അതറിയാൻ അവരെ രണ്ടാമതൊന്നു നോക്കേണ്ടി വരുമെന്ന് മാത്രം.

ഈ പുസ്തകത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങും മുൻപ് നാം മനസ്സിലുറപ്പിക്കേണ്ട ഒരു സംഗതിയുണ്ട് – കൗശലക്കാരായ എഴുത്തുകാർക്ക് അക്ഷരങ്ങൾമാത്രമല്ല നമ്മുടെ മനോവ്യാപാരങ്ങളും കഥയുടെ ടൂൾസ് ആക്കാൻ സാധിക്കും. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളിലും മറ്റും മലയാളി കണ്ടറിഞ്ഞനുഭവിച്ചതാണത്. ഈ പുസ്തകത്തിൽ പറയുന്ന പേരുകളെല്ലാം വെറും അക്ഷരക്കൂട്ടങ്ങളാണ്. അവ നമ്മളിലുണർത്തുന്ന ഭാവസ്‌മൃതികൾ, ആ പേരുകൾക്ക് നമ്മൾ കൊടുക്കുന്ന അർഥങ്ങൾ – നമ്മുടെ അറിവും അനുഭവവും കൊണ്ട് നല്കപ്പെടുന്നതുമാണ്. തികഞ്ഞ രാജഭക്തനായ, ഹിന്ദുത്വവും സവർണ്ണമേധാവിത്വവും തലയിൽ ചുമക്കുന്ന, മനുസ്‌മൃതിയുടെ മാഹാത്മ്യം വിളമ്പുന്ന, ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും രാഷ്ട്രീയക്കാരെയും വെറുക്കുന്ന ചാരൻ – ഇതിനാലൊക്കെത്തന്നെ വായനക്കാരനുമുന്നിൽ കോമാളിയാകുന്ന ഒരാളാണ്. മീശയിലെപ്പോലെ വിവാദസാധ്യതയുള്ള ഒരു പരാമർശം കഥാകൃത്ത് നടത്തുന്നത് “ഇത്ര മ്ലേച്ഛമായി സംസാരിക്കാമോ?!” എന്ന രോഷംനിഴലിക്കുന്ന ഒരു ആനുഷംഗികമായി (ബ്രാക്കറ്റിൽ എഴുതപ്പെട്ടത്) ആണ്. ഇന്ത്യയിലും തിരുവിതാംകൂറിലും ലോകത്തുമായി നടക്കുന്നതെന്ന് പറയുന്ന കാര്യങ്ങളെല്ലാം ഇന്നത്തെ അർധഫാസിസ്റ് ഇന്ത്യയുടെ കണ്ണാടിക്കാഴ്ചകളാണ്. അതായത് ഈ ചാരനെ രാഷ്ട്രീയത്തെ നമ്മൾ കാണേണ്ടത് അതിന്റെ നേരെ നോക്കിയല്ല, ഒരു നിലക്കണ്ണാടിയിലെ അതിന്റെ തിരിഞ്ഞ പ്രതിബിംബം നോക്കിയാണ്. മീശയുടെ പേരിലുണ്ടായ വിവാദങ്ങൾക്കുള്ള ഭാവനാത്മകമായ ഒരു മറുപടിയാണ് – നെട്ടന്തലയ്ക്കുള്ള കിഴുക്കാണ് – വായനക്കാരന്റെ മുന്നിൽ വെറും കോമാളിത്തമായിമാറുന്ന വിധേയത്വം എന്ന് തോന്നിപ്പോകും.

രാജഭരണത്തിൽനിന്നും ‘ഉത്തരവാദ’ഭരണത്തിലേയ്ക്കും, അവിടെനിന്നും ഒരു രക്തരഹിതവിപ്ലവത്തിനപ്പുറം കമ്മ്യൂണിസ്റുഭരണത്തിലേയ്ക്കും, പിന്നീട് കവചിതവാഹനങ്ങളുടെ ആക്രമണത്തിനപ്പുറം ഇന്ത്യൻ യൂണിയനിലേയ്ക്കും തിരുവിതാംകൂർ ചെന്നെത്തുന്നുണ്ട്. ഇതിൽ കമ്മ്യൂണിസ്റുഭരണത്തെ തികഞ്ഞ ഏകാധിപത്യമായി – പ്രത്യേകിച്ച് സാഹിത്യത്തിന്റെ കാര്യത്തിൽ- ആണ് കഥാകൃത്ത് എഴുതിച്ചേർത്തിരിക്കുന്നത്. നേരത്തെയുള്ള ഭാഗങ്ങളിൽ തിരുവിതാംകൂർ എന്ന ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ചാരൻ കാണിക്കാതിരുന്ന ഒരു തീവ്രവിമർശനാത്മകത ഈ ഭാഗത്തുകാണാം. കുഴിവെട്ടുകാരനായി മാറുന്ന സക്കറിയയും, തന്റെ പഴയ കവിതകൾ തിരുത്താൻ ശ്രമിക്കുന്ന ഒരു പ്രമുഖ കവിയുമൊക്കെ ഈ ഭാഗത്തുണ്ട്.

ഒറ്റനോട്ടത്തിൽ കമ്മ്യൂണിസ്റ്റുവിരുദ്ധത എന്ന് തന്നെ തോന്നുന്ന എഴുത്ത്. എന്നിരുന്നാലും ചവിട്ടിനിൽക്കാൻ സാധിക്കുന്ന ഉറച്ചഭൂമി മുഴുവൻ എടുത്തുമാറ്റിയിരിക്കുന്ന ആഗസ്റ്റ് 17 ന്റെ പ്രപഞ്ചത്തിൽ നിക്കുമ്പോൾ ഈ പ്രത്യക്ഷമായ കമ്മ്യൂണിസ്റ്റുവിരുദ്ധതയെ പോലും മറ്റൊരു കണ്ണിലൂടെ കാണാനാകുമെന്ന് തോന്നുന്നു. കേരളത്തിന്റെയോ ഇന്ത്യയുടേയോ സാഹചര്യത്തിൽ സംഭാവ്യതയുടെ കണികപോലുമില്ലാത്ത ഒന്നാണ് ഇത്തരം അടിച്ചമർത്തലുകൾക്ക് മുതിരുന്ന ഒരു കമ്മ്യൂണിസ്റ്റുപാർട്ടി. ഈ ഭാഗങ്ങൾ വായിക്കുന്ന ആരുടെ മുന്നിലും ഈ അസംഭാവ്യത മുഴച്ചുനിൽക്കും. അതുകൊണ്ടുതന്നെ, നേരത്തെയുള്ള ഭാഗങ്ങളിലെ സവർണമൂല്യങ്ങൾ പരിഹാസ്യമാകുന്നതുപോലെ ഈ ഭാഗത്തെ വിമർശനതീവ്രതയും പരിഹാസ്യമാകുന്നു. ഹാൾ ഓഫ് മിറേഴ്സ് ഇൽ കാണുന്ന വക്രിച്ച പ്രതിബിംബങ്ങൾ നമ്മെ ചിരിപ്പിക്കുന്നതുപോലെ തന്നെ.

സൂക്ഷ്മതയില്ലാതെ, അലസമായി വായിച്ചാൽ വഴിയറിയാത്ത കാടുകളിലേക്ക് നമ്മളെ അനായാസം നടത്തിക്കൊണ്ടുപോകുന്ന ഒരു പുസ്തകമാണിത്. വായനക്കാർ തലയിൽ ചുമക്കുന്ന കുട്ടയിലിരുന്നുകൊണ്ട് അതുമിതും പതിഞ്ഞശബ്ദത്തിൽ പറഞ്ഞു വഴിതെറ്റിക്കുന്ന പെരുമാടനാകുന്നത് ഇവിടെ നോവലിസ്റ്റുതന്നെയാണ്. ഈ ആഖ്യാനത്തിൽ എഴുത്തുകാരനെപ്പോലെതന്നെ വായനക്കാരും പങ്കെടുക്കുന്നു എന്ന ബോധ്യത്തോടെ വായിക്കുന്നവർക്ക് ഹൃദ്യമായ ഒരു വായനാനുഭവം സമ്മാനിക്കാൻ പ്രാപ്തമായ പുസ്തകമാണിത്. ഉപരിപ്ലവമായി വായിച്ചാൽ തികച്ചും അപകടം പിടിച്ചതും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്-medium.com

Comments are closed.