DCBOOKS
Malayalam News Literature Website

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും പ്രതിചരിത്രം

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് രശ്മി പി എഴുതിയ വായനാനുഭവം

ചരിത്രസംഭവങ്ങളിലേക്ക് കുറേ ഭാവനകള്‍ നിറച്ച് യഥാര്‍ഥ കഥാപാത്രങ്ങള്‍ക്കൊപ്പം സാങ്കല്പിക കഥാപാത്രങ്ങളെ ചേര്‍ത്ത് രചിക്കുന്ന ചരിത്രനോവലുകള്‍ നമുക്ക് പരിചയമുണ്ട്. സി.വി മുതല്‍ ടി.ഡി.രാമകൃഷ്ണന്‍ വരെ ഏതാണ്ട് ഒരേ പോലെ സ്വീകരിച്ച ഒരു രചനാരീതിയാണ് ഇത്. എന്നാല്‍ എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 ചരിത്രത്തെ നിരാകരിക്കുകയും കീഴ്‌മേല്‍ മറിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്രനോവല്‍ എന്ന നിലവിട്ട് തലതിരിഞ്ഞതും എന്നാല്‍ ശക്തവുമായ ഒരു രാഷ്ട്രീയനോവലായി പരിണമിക്കുകയാണ്.

തിരുവിതാംകൂറിന്റെ രാഷ്ട്രീയവും രാജഭക്തിയും സ്വതന്ത്രതിരുവിതാംകൂര്‍ വാദവും ഹരീഷ് പൊളിച്ച് ചിതറിയിടുന്നത് ഉള്ള രേഖകളെക്കൂടി തിരുത്തിയും അസാധുവാക്കിക്കൊണ്ടുമാണ്. പ്രതിചരിത്രമെന്നുപോലും വിശേഷിപ്പിക്കാനാവാത്ത വിധം ചരിത്രത്തെ ഉപേക്ഷിച്ചുകളഞ്ഞാണ് നോവലിസ്റ്റ് അത് സാധ്യമാക്കുന്നത്. ഒരുപക്ഷേ പുതിയ കാലത്ത് ചരിത്രത്തെ കലക്കിമറിച്ചും തലകുത്തനെ നിര്‍ത്തിയുമൊക്കെയാകും അരിച്ചും തെളിയിച്ചും രാഷ്ടീയയാഥാര്‍ഥ്യങ്ങളെ കണ്ടെടുക്കേണ്ടത് എന്നാവാം എഴുത്തുകാരന്റെ ബോധ്യം..

‘ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ മടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റിമറിച്ച് എഴുതും പോലെ ഇതുമാവാം. ഒരു രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോള്‍ നമ്മള്‍ കണ്ട രാഷ്ട്രീയത്തോടോ ചരിത്രത്തോടോ നീതി പുലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അവിടെ ഫിക്ഷനുള്ള അസംസ്‌കൃതവസ്തു മാത്രമാണ് അതൊക്കെ’ എന്ന മുഖവുരയോടെയാണ് ഹരീഷ് ഈ കൃതി അവതരിപ്പിക്കുന്നത്.

ചരിത്രത്തെ ഉപേക്ഷിക്കാനുള്ള അസാധാരണമായ ധൈര്യം! എഴുത്തിനെതിരെയും എഴുത്തുകാരനെതിരെയും ഉയരാനുള്ള എല്ലാ ആരോപണങ്ങളും എഴുത്തുകാരന്‍ മുന്‍കൂട്ടി തന്നെ റദ്ദാക്കുന്നു. തോന്നുംപടി മാറ്റി മറിക്കാനുളള ആ സ്വാതന്ത്ര്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനെ കൂടെക്കൂട്ടുന്നു.

സത്യമേത് കള്ളമേത് എന്ന ആശയക്കുഴപ്പം വായനക്കാരനില്‍ സൃഷ്ടിക്കുന്ന, യാഥാര്‍ഥ്യവും ഉന്മാദവും കൂടിക്കുഴയുന്ന എഴുത്തില്‍ കൂട്ടുപിടിക്കാന്‍ പറ്റിയ എഴുത്തുകാരന്‍ ബഷീര്‍ തന്നെ എന്നതില്‍ സംശയമില്ല. ആ സ്വാതന്ത്ര്യത്തിന്റെയും ഉന്മാദത്തിന്റെയും ജാമ്യബലത്തില്‍ സഖാവ് കൃഷ്ണപിള്ളയുടെ മരണം റദ്ദാക്കപ്പെടുന്നു. ഇ.എം.എസിനെയും വി.എസ് അച്യുതാനന്ദനെയും മെല്ലെ കൈപിടിച്ച് ചരിത്രത്തില്‍ നിന്ന് തുടച്ചൊഴിപ്പിക്കുന്നു. എ.കെ.ജിയെ അന്യരാജ്യത്തേക്ക് കുടിയൊഴിപ്പിക്കുന്നു. ബഷീര്‍ ഇവിടെ എഴുത്തുകാരനല്ല. സ്വാതന്ത്ര്യസമരസേനാനിയാണ്. ഉജ്ജീവനം മാസികയില്‍ തീപ്പൊരി ലേഖനങ്ങള്‍ എഴുതുമെങ്കിലും കഥയും നോവലുമൊന്നും എഴുതിയിട്ടില്ലാത്ത ബഷീര്‍. എഴുതുമെന്ന് വെറുതെ Textപറഞ്ഞ് നടക്കും. മതിലുകളും പ്രേമലേഖനവുമൊക്കെ കഥയായും യാഥാര്‍ഥ്യമായും ഇഴപിരിഞ്ഞ് ബഷീറിനൊപ്പമുണ്ട്.

തിരുവിതാംകൂറാണ് കഥയുടെ ഭൂമി. കഥ പറയുന്നത് സര്‍ സിപിയുടെ ചാരനായ കര്‍മനിരതനായ ഒരു യുവാവാണ്. ഭാസി എന്നും അവറാച്ചനെന്നുമൊക്കെ പല പേരുകളില്‍ സ്വയം പരിചയപ്പെടുത്തുന്ന അയാള്‍ സ്വന്തം തൊഴിലില്‍ മിടുക്കനും അരസികനല്ലാത്തവനും കടുത്ത വലതുപക്ഷക്കാരനുമാണ്.

ഇന്ത്യ സ്വതന്ത്രയാവുന്നു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിക്കുന്നു. ലയിക്കാതിരിക്കാനുള്ള താത്വിക ന്യായവാദങ്ങള്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ അവതരിപ്പിക്കുന്നു. നെഹ്രുവുമായി അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുന്നു. ഇന്ത്യ മൂന്നായി വിഭജിക്കപ്പെടുന്നു. ഇന്ത്യ ജനാധിപത്യരാജ്യമായും പാക്കിസ്ഥാന്‍ ഇസ്ലാമികരാജ്യമായും തിരുവിതാംകൂര്‍ ഹിന്ദുരാജ്യമായും മാറുന്നു. പാക്കിസ്ഥാനും തിരുവിതാംകൂറും സൗഹൃദത്തിലാവുന്നു. അവര്‍ മുതലാളിത്തചേരിയില്‍ നിലയുറപ്പിക്കുകയും പൊതുശത്രുവായി ഇന്ത്യയെ കാണുകയും ചെയ്യുന്നു. കൊച്ചിയിലേക്ക് കയറിയാല്‍ ഇന്ത്യ എന്ന ശത്രുരാജ്യമായി. അതിര്‍ത്തി എന്നത് ഒരു വലിയ തമാശയായാണ് നോവലില്‍ വരയ്ക്കപ്പെടുന്നത്. ഹിന്ദുരാജ്യമായ തിരുവിതാംകൂറില്‍ സര്‍ സിപിയാണ് പ്രധാനമന്ത്രി. അയാള്‍ ശത്രുരാജ്യമായ ഇന്ത്യയിലെ ഹൈന്ദവചിന്താധാരകളുമായി ബന്ധപ്പെടുന്നുണ്ട്. ആലങ്കാരികപദവിയില്‍ ചിത്തിര തിരുനാള്‍ രാജാവുണ്ട്. രാമജന്മഭൂമി വിവാദനായകന്‍ കെ.കെ. നായര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രധാന അധികാര കേന്ദ്രമായി വളരുന്നു. വൈദ്യനാഥയ്യരും ഉന്നതപദവിയില്‍ എത്തിപ്പെടുന്നു. ബുദ്ധിജീവികള്‍ തിരുവിതാംകൂര്‍ ദേശീയതയെ വാഴ്ത്തി. മുറജപം ദേശീയോത്സവമായി. അയല്‍രാജ്യമായ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് ബ്രാഹ്‌മണര്‍ മുറജപത്തിനായി തിരുവനന്തപുരത്തെത്തി. പത്ര-മാസികകള്‍ രാജഭരണത്തിന് തിരുവാഴ്ത്തുകള്‍ രചിച്ചു. ഒത്തുതീര്‍പ്പുകാരില്‍ ആര്‍.ശങ്കറുണ്ട്. പട്ടം താണുപിള്ളയുണ്ട്. മന്നത്ത് പത്മനാഭന്‍ മുന്‍നിരയിലുണ്ട്. ചിലര്‍ ചെറുത്തുനിന്നു. തിളങ്ങുന്ന ഒരു കഥാപാത്രമായി അക്കാമ്മ ചെറിയാനുണ്ട്. ആനി മസ്‌ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വേറെയുമുണ്ട്. പ്രതിരോധവുമായി കമ്യൂണിസ്റ്റുകാരുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുവിതാംകൂറില്‍ നിരോധിക്കപ്പെടുന്നുമുണ്ട്.. ഒരു യോഗത്തിലെ അക്കാമാ ചെറിയാന്റെ ശബ്ദം കാതുകളിൽ അലയടിക്കും പോലെ തോന്നി.. എന്ത് കൊണ്ട് ഒരു വനിതാ മുഖ്യമന്ത്രി നമ്മുടെ കേരളത്തിൽ ഇല്ലാതെ പോയി..?? വനിതാ നേതാക്കൾ നിരവധിയുണ്ടായിട്ടും എന്ത് കൊണ്ട് ആ ഒരു പദവി മാത്രം ഏറ്റെടുക്കാൻ ആളില്ലാതായി..? അവിടെയാണ് രാഷ്ട്രീയം എന്ന നാടകം നമുക്ക് മനസ്സിലാവുക…

സര്‍ സിപിയെ കൊലപ്പെടുത്താനല്ല കെ.സി.എസ്. മണി നിയോഗിക്കപ്പെടുന്നത്. രാജാവിനെത്തന്നെ കൊലപ്പെടുത്താനാണ്. രാജാവിനെ രക്ഷിക്കാന്‍ സര്‍ സി.പി. ചാടിവീഴുന്നതുകൊണ്ടാണ് അയ്യര്‍ക്ക് വെട്ടേല്‍ക്കുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആ ഓപ്പറേഷനില്‍ ബഷീറുമുണ്ട്. മുസ്ലിം നാമധാരിയായ ബഷീര്‍! അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അത് എന്തെല്ലാം സാധ്യതകള്‍ തുറന്നുവെയ്ക്കുന്നു!
തീവ്രദേശീയതയും സമഗ്രാധിപത്യവും വാഴുന്ന രാജ്യത്ത് പൊടുന്നനെ ഒരുനാള്‍ വിപ്ലവം സംഭവിക്കുന്നു. സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ട്രാവന്‍കൂര്‍ നിലവില്‍ വരുന്നു. ഈ ഘട്ടത്തില്‍ നോവലിന്റെ ആഖ്യാനത്തില്‍ വലിയ മാറ്റം വരുത്തുന്നുണ്ട് നോവലിസ്റ്റ്. ബഷീറിനെ പിന്തുടരുന്ന ചാരനായ ഭാസി ബഷീറിനെപ്പോലെ തന്നെ ഉന്മാദിയാവുന്നു. വല്ലപ്പുഴ വൈദ്യന്റെ ചികിത്സയില്‍ യാഥാര്‍ഥ്യത്തിലേക്കും ഉന്മാദത്തിലേക്കും മാറിമാറി കൂപ്പുകുത്തുന്നു. ആഖ്യാനം തന്നെയും ഉന്മാദാവസ്ഥ കൈവരിക്കുന്നു. കാലം സൗന്ദര്യാത്മകമായി ക്രമം തെറ്റുന്നു. ഹിന്ദുരാജ്യമായ തിരുവിതാംകൂറില്‍ പോലും ഭാസിയുടെ കഴിഞ്ഞ കാല സേവനങ്ങള്‍ ഏതാണ്ട് വിസ്മരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പീപ്പിള്‍സ് റിപ്പബ്ലിക്കില്‍ പിന്നെ സര്‍ സി.പിയുടെ ചാരന് ഒട്ടും പ്രസക്തിയില്ലല്ലോ. ഭരണകൂടത്തിന് വേണ്ടാത്തവനായ അയാള്‍ ഉന്മാദാവസ്ഥയില്‍ ഒറ്റപ്പെട്ടുപോകുന്നു. താന്‍ പണ്ട് ചാരനായി പിന്തുടര്‍ന്ന ബഷീറുമായി അയാള്‍ മാനസികമായി ഐക്യപ്പെടുന്നു പോലുമുണ്ട്.

ഒത്തുതീര്‍പ്പിലേക്കും അധികാരപക്ഷത്തേക്കും കളം മാറുന്ന ബ്യൂറോക്രാറ്റുകളും പ്രായോഗിക ബുദ്ധിജീവികളും പുതിയ ഭാഷ പഠിക്കുന്നു. പുതിയ വഴക്കങ്ങള്‍ ശീലിക്കുന്നു. മാധ്യമങ്ങള്‍ മാറുന്നു. സാഹിത്യം മാറുന്നു. പൂജപ്പുരയില്‍ എഴുത്തുകാര്‍ക്കായി പ്രത്യേകം ലൈബ്രറി സജ്ജീകരിക്കപ്പെടുന്നു. കൂറ്റന്‍ അലമാരകളുള്ള ലൈബ്രറി പഴയ സെന്‍ട്രല്‍ ജയില്‍ തന്നെയാണെന്ന് ആഖ്യാതാവ് തിരിച്ചറിയുന്നു. നവോത്ഥാന നായകരായ എഴുത്തുകാര്‍ അവിടെ പുതിയ ഭാവുകത്വം ശീലിക്കുന്നു. ചെറുത്തുനില്‍ക്കുന്നവര്‍ ഏകാന്ത തടവറകളില്‍ പാര്‍പ്പിക്കപ്പെടുന്നു. ഏകാന്ത തടവില്‍ തകഴിയുമുണ്ടെന്ന് ആഖ്യാതാവ് മനസ്സിലാക്കുന്നു. തിരുവിതാംകൂറിന്റെ ചരിത്രമെഴുതാന്‍ തയ്യാറാകുന്ന ആഖ്യാതാവ് സ്വയം തടവറയിലാകുന്നു. ഈ ഘട്ടത്തില്‍ അയാളുടെ അരാഷ്ട്രീയതയും വലതുസമീപനങ്ങളും മെല്ലെമെല്ലെ കൈവിട്ടുപോകുന്നതായി നമുക്ക് ബോധ്യപ്പെടുന്നുണ്ട്. അതാണ് നോവലിസ്റ്റിന്റെ അടുത്ത ട്വിസ്റ്റ്‌..

മനഃസുഖത്തിനായി നോവലിലെ വക്താവ് ഇടയ്ക്കിടെ ഏലിക്കുട്ടിയെയും ദേവസ്യയെയും തേടിപ്പോവുന്നു. രാഷ്ട്രീയം പ്രവര്‍ത്തനസജ്ജമല്ല എന്നതിനാല്‍ തന്നെ അവിടം അധ്വാനത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലമാണ്. തിരുവമ്പാടി എന്ന മലയോരമേഖലയെ ഏറ്റവും സൗന്ദര്യത്തോടെ നോവലിൽ ആവിഷ്കരിച്ചിട്ടുണ്ട്. കാല്പനികരാഷ്ട്രീയവാദത്തിന്റെ ഈ ദൗര്‍ബല്യത്തെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ കാലം കണ്ട ഏറ്റവും വലിയ കൃതികളിലൊന്നാണ് ആഗസ്റ്റ് 17 എന്നുറപ്പിച്ചു പറയാം. ചരിത്രഗവേഷകന്റെ അധ്വാനം ഒരുഭാഗത്തും നോവലിസ്റ്റിന്റെ സര്‍ഗഭാവന മറുഭാഗത്തുമായി ആഗസ്റ്റ് 17 ല്‍ നിലയുറപ്പിക്കുന്നു.

ബഷീറും ബഷീറിന്റെ ഭ്രാന്തും ആഖ്യാനത്തെ നയിക്കുന്ന നിര്‍ണായകശക്തിയാണ് നോവലില്‍. ബഷീര്‍ ഒരിക്കലും താന്‍ കഥയെഴുതുകയാണ് എന്നു പറഞ്ഞിരുന്നില്ല; താന്‍ രചിക്കുന്നത് ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. “വിനീതനായ ചരിത്രകാരന്‍’ എന്നു സ്വയം വിശേഷിപ്പിച്ചു. തമാശക്കഥകളായി എഴുതിത്തള്ളാന്‍ കഴിയാത്തവണ്ണം അവ ദേശരാഷ്ട്രചരിത്രത്തിന്റെ ബദലുകളാണെന്ന് പില്‍ക്കാല സംസ്‌കാരപഠിതാക്കള്‍ വിശദീകരിച്ചു. വിനീതനായ ആ ചരിത്രകാരനെ വട്ടം ചുറ്റി ഒരു സമാന്തരചരിത്രം രചിക്കാനാണ് എസ്.ഹരീഷ് മുതിര്‍ന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.