നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഭവവികാസങ്ങളും പ്രതിചരിത്രമാണോ?
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് ദൃശ്യ പത്മനാഭന്‍
എഴുതിയ വായനാനുഭവം
ചരിത്രത്തിന്റെ അഴിഞ്ഞാട്ടം, ആരാലും രചിക്കപ്പെടാത്ത ചരിത്രത്തിന്റെ മൂളിപ്പാട്ട് സ്വതന്ത്ര ഭാവനയുടെ തേരിലേറിയുള്ള മാസ്മരികതയുടെ അതിവിശാലമായ സഞ്ചാരപാത അതാണ് എസ്. ഹരീഷിന്റെ മുന്നൂറ്റിയന്‍പത്തിയേഴു പേജുകളുള്ള ‘ആഗസ്റ്റ് 17’. ഇലക്ട്രിക് ലൈനില്‍ തലകീഴായി കിടക്കുന്ന വവ്വാലിനെ പോലെ ചരിത്രത്തെ തലകീഴാക്കി നിര്‍ത്തി വായനക്കാരനെ അവരറിയുന്ന ചരിത്രത്തെയും രാഷ്ട്രീയനേതാക്കളെയും എഴുത്തുകാരെയും ചരിത്ര പുരുഷന്മാരെയും അവരണിയാത്ത വേഷപ്പകര്‍ച്ചകള്‍ നല്‍കി കഥാപാത്രങ്ങളാക്കി കൊത്തിയെടുത്ത് പൊതുസമക്ഷം നിര്‍ത്തുകയാണ് ഇവിടെ. ഒരേ സമയം വായനക്കാരന്റെ മനസ്സിനെ ചിന്തയിലാഴ്ത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. പരിധിയും പരിമിതിയും നിര്‍ണയിക്കാനാവാത്ത ഭാവന അതിന്റെ അക്ഷരങ്ങളിലൂടെയുള്ള ദൃശ്യാവിഷ്‌കരം അതാണ് ആഗസ്റ്റ് 17.
അനീതിയും അഴിമതിയും സ്വജനപക്ഷപാതവും സങ്കുചിതമനോഭാവവും കൊണ്ട് കലുഷിതമായ വാര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക
പശ്ചാത്തലത്തില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ ചരിത്രത്തെ തങ്ങളുടെ ഇംഗിതത്തിനനുസൃതമാം വിധം പൊളിച്ചെഴുതുമ്പോള്‍ എന്തുകൊണ്ട് ചരിത്രത്തെ ഭാവനയാല്‍ പുനഃപ്രതിഷ്ഠിച്ചു കൂടാ എന്ന ചോദ്യമാണ് എസ്. ഹരീഷ് എന്ന ജീനിയസ്സായ എഴുത്തുകാരന്‍ പരോക്ഷമായി മുന്നോട്ട് വെയ്ക്കുന്ന ചോദ്യം. ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം ഇതിലെ ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്നത് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു മനുഷ്യന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയാണെന്ന്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നതാണ് നോവലിന്റെ പശ്ചാത്തലം. തിരുവിതാംകൂറാണ് നോവലിന്റെ ഭൂമിക. ചുരുക്കി പറഞ്ഞാല്‍ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യയില്‍ ലയിക്കാതെ, തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്നെങ്കില്‍ എങ്ങനെ ആയിരിക്കും!
ചരിത്രത്തെ ഭാവനയാല്‍ എല്ലാവിധ വൈകാരികഭാവത്തോടു കൂടിയും സാക്ഷ്യപ്പെടുത്തുന്നു. അനായാസമായ ആഖ്യാനം. ചരിത്രം ഒരു കളിമണ്ണ് ആണെങ്കില്‍ അതുകൊണ്ട് എഴുത്തുകാരന്‍ പ്രതിരൂപങ്ങള്‍ സൃഷ്ടിച്ചു വായനക്കാര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ്. അര്‍ത്ഥശൂന്യമായ വരികള്‍ക്കും ചിലസന്ദര്‍ഭങ്ങളില്‍ അര്‍ത്ഥമുണ്ടെന്ന് വായനക്കാരെ പഠിപ്പിച്ച പ്രിയ സാഹിത്യകാരനായ ബഷീറാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഭാസി എന്ന ചാരനാണ് നോവലിലെ റിപ്പോര്‍ട്ടര്‍. ഭാസി നോവലില്‍ കഥാപാത്രമായും വരുന്നത് കാണാം.
സാമൂഹികാക്ഷേപഹാസ്യത്തിന്റെ ഇടിമുഴക്കങ്ങള്‍ ഈ പുസ്തകത്തിന്റെ പലഭാഗങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. അവയൊക്കെത്തന്നെ ചിരിപ്പിക്കുന്നതോടൊപ്പം തിരിച്ചറിവിന്റെ വിത്ത് പാകി ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. എന്റെ അഭിപ്രായത്തില്‍ തിരുവിതാംകൂറിന്റെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തില്‍ കെട്ടുകഥകളുടെയും മിത്തുകളുടെയും അകമ്പടിയാല്‍ ആഖ്യാനത്തില്‍ ഇതിവൃത്തത്തില്‍ അമ്പരപ്പിച്ച ‘മീശ’ എന്ന നോവലിന്റെ തുടര്‍ച്ചയായും ഇതിനെ വായിക്കാമെന്നെനിക്ക് തോന്നുന്നു. ഈ പുസ്തകത്തിന്റെ മര്‍മ്മമെന്ന് പറയുന്നത് ചരിത്രത്തിന്റെ മായികാലോകമാണ്. മലയാളികള്‍ക്ക് പരിചിതമല്ലാത്ത സമാന്തര ചരിത്രം എന്ന നോവല്‍ ജീനറയെ മലയാളികള്‍ക്ക് മുന്നില്‍ പരിചിതമാക്കുക കൂടിയാണ് ഈ പുസ്തകത്തിലൂടെ.
ബഷീര്‍ ഒരു സ്വാതന്ത്ര്യസമരപോരാളിയാണ് എഴുത്തുകാരനാണ്, രാഷ്ട്രീയക്കാരനാണ് അതിലുപരി അദ്ദേഹം ഒരു മുസല്‍മാനും കൂടിയാണ്. അതുകൊണ്ട് തന്നെ ബഷീര്‍ എന്ന പരിചിതനായ പച്ചയായ മനുഷ്യനെ കേന്ദ്രകഥാപാത്രമാക്കി ചരിത്രത്തെ തലകീഴായി സമീപിക്കുമ്പോള്‍ നമുക്ക് ഇന്നത്തെ പല വര്‍ത്തമാനകാല സംഭവവികാസങ്ങളും ഓര്‍മ്മയില്‍ വന്നാല്‍ അത് ഇന്നത്തെ വര്‍ത്തമാനകാല ഭീകരത കൊണ്ട് മാത്രമാണെന്ന് നിസ്സംശയം പറയേണ്ടി വരും . ഈ നോവല്‍ എഴുത്തുകാരന്റെ ചരിത്രത്തോടുള്ള പ്രതികരണം അല്ലെങ്കില്‍ സമീപനമായിരിക്കില്ലേ? ചരിത്രത്തിലിന്നും മുഴങ്ങുന്ന പേരുകളായ പൊന്നറ ശ്രീധര്‍, ടി. വി തോമസ്, കെ. കെ നായര്‍, അക്കാമ്മ ചെറിയാന്‍, എ. കെ ഗോപാലന്‍, സവര്‍ക്കര്‍, സര്‍. സി. പി, പി കൃഷ്ണപിള്ള തുടങ്ങിയ അനേകം പേരുകള്‍ ഈ പുസ്തകത്തില്‍ പല രൂപങ്ങളിലും വന്നു പോവുന്നുണ്ട്. തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിനു മുന്‍മ്പ് നടന്നിരുന്ന പല കാര്യങ്ങളും സംഭവങ്ങളും അതുപോലെതന്നെ ഭാവനയുടെ മൂടുപടമില്ലാതെ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നതും കാണാം. ഉദാഹരണമായി മുറജപം, ഊട്ടുപ്പുര ഇവയൊക്കെ പണ്ടുകാലത്ത് നടന്നു വന്നിരുന്ന സവര്‍ണ്ണാചാരങ്ങളാണ്. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ ചരിത്രത്തിന്റെയും പ്രതിചരിത്രത്തിന്റെയും വായനാഭാരത്തോടൊപ്പം എന്റെ മനസ്സില്‍ ഉരുതിരിഞ്ഞു വന്നത് ചില സംശയങ്ങളാണ്…
1. നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഭവവികാസങ്ങളും പ്രതിചരിത്രമാണോ??
2. സമകാലിക ഇന്ത്യന്‍ സാഹചര്യമായിരിക്കില്ലേ എസ്. ഹരീഷ് എന്ന എഴുത്തുകാരനെ ഇങ്ങനെയൊരു പ്രതി ചരിത്രമെഴുതാന്‍ പ്രേരിപ്പിച്ചത്?
3. തിരുവിതാംകൂറിന്റെ രഹസ്യചരിത്രമായിരിക്കുമോ ഇത്? ഇതുപോലെ ആരും അറിയാത്ത രഹസ്യചരിത്രങ്ങള്‍ പല ദേശത്തിനും ഉണ്ടാവുമോ?
4. യാഥാര്‍ഥ്യം, ഭാവന, മിത്ത് ഇവ തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കാന്‍ ഇനിയെങ്കിലും പൊതുസമൂഹത്തിനു കഴിയുമോ?
എന്റെ അഭിപ്രായത്തില്‍ എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവല്‍ പരോക്ഷമായി വര്‍ത്തമാനകാല ഭാവി സസൂക്ഷ്മം വ്യക്തത്തോടെയും കരുതലോടെയും ദീര്‍ഘവീക്ഷണത്തോടു കൂടിയും നിരീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
Comments are closed.