എഴുത്തുകാരനെക്കുറിച്ചും ആഗസ്റ്റ് 17 നെക്കുറിച്ചും ഒൻപത് കാര്യങ്ങൾ!
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് വി കെ ജോഭിഷ്
എഴുതിയ വായനാനുഭവം
ഒന്ന്
ആഗസ്റ്റ് 17 ലെ ആഖ്യാതാവ് ഒരു ചാരനാണ്. ഈ ചാരന്‍ മറ്റാരുമല്ല. ഈ എഴുത്തുകാരന്‍ തന്നെയാണ്. ഈ ചാരന്‍ പുറപ്പെട്ടിട്ട് പതിനെട്ട് വര്‍ഷത്തിലധികമായി. സംശയമുള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ‘രസവിദ്യയുടെ ചരിത്ര’ത്തിലെ അതേപേരിലുള്ള കഥയിലെ ആഖ്യാതാവാരാണെന്ന് പരിശോധിക്കാം. അതെ; അതും ഒരു ചാരനാണ്.! അവിടെ ഇയാള്‍ ദക്ഷിണാഫ്രിക്കയിലെ ഹേഴ്സ്റ്റിങ്ങ്‌സ് കമ്പനിയുടെ ചാരനാണെങ്കില്‍ ഇവിടെ സര്‍ സിപിയുടെ ചാരനാണ്. അവിടെ അയാള്‍ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായ നവോത്ഥാന നായകന്‍ അയ്യാസ്വാമികളുടെ പിന്നാലെയാണെങ്കില്‍ ഇവിടെ അയാള്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും കൂട്ടരുടെയും പിന്നാലെയാണ്. രണ്ടിടത്തും തിരുവിതാംകൂറുതന്നെയാണ് പശ്ചാത്തലം. യഥാര്‍ത്ഥത്തില്‍ ഭാവിയില്‍ എഴുതാനിരുന്ന ഒരു നോവലിലേക്കുള്ള ചാരന്റെ ആദ്യ സന്ദര്‍ശനസ്ഥലമായിരുന്നു രസവിദ്യയുടെ ചരിത്രം. ചരിത്രം എത്ര രസം.!
രണ്ട്
പി.പി.രാമചന്ദ്രന്റെ ‘ലൈബ്രേറിയന്‍ മരിച്ചതില്‍ പിന്നെ ‘ എന്ന കവിതയില്‍ കവി ഒരു വായനക്കാരനെക്കുറിച്ച് പറയുന്നുണ്ട്. അത് മറ്റാരുമല്ല. എസ് ഹരീഷ് തന്നെയാണ്. കവിതയിലൊരിടത്ത് ഇങ്ങനെ കാണാം.
‘ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരള ചരിത്രവും
എന്ന പുസ്തകത്തിന്റെ
അവസാന പേജില്‍
‘വളരെ നല്ല നോവല്‍’എന്ന്
ഒരു വായനക്കാരന്‍
അഭിപ്രായം കുറിച്ചു’
അതെ; ഇത് ഹരീഷാണെന്ന് ഉറപ്പാണ്. ആഗസ്റ്റ് 17 ന്റെ ആമുഖം സൂക്ഷിച്ചു വായിച്ചാല്‍ അത് കൂടുതല്‍ തെളിയും.
‘സാഹിത്യത്തെക്കാള്‍ ഞാന്‍ കൂടുതല്‍ വായിച്ചിട്ടുള്ളത് ചരിത്രമാണ്. പക്ഷേ, ചരിത്രം നോവല്‍ പോലെയാണ് വായിക്കാറെന്ന് മാത്രം. മിക്കവാറും ചരിത്ര പുസ്തകങ്ങള്‍ വളരെ നല്ല നോവലുകളാണെന്ന് മനസിലാക്കിയിട്ടുണ്ട്.’
ചരിത്രപുസ്തകങ്ങള്‍ നോവലുകളാണെന്ന്.! സംശയിക്കണ്ട. കവിതയിലെ വായനക്കാരന്‍ ഇയാള്‍ തന്നെ.!
മൂന്ന്
അനുമാനങ്ങളും സങ്കല്‍പ്പനങ്ങളുമാണ് ഈ ലോകത്തെ മുഴുവന്‍ നിര്‍മ്മിക്കുന്നതെന്ന് വിചാരിക്കുന്ന ഒരാളുടെ അങ്ങേയറ്റമാണ് ആഗസ്റ്റ് 17 ന്റെ എഴുത്തുകാരന്‍. തിരുവിതാംകൂറിന്റെ ചരിത്രം മറ്റൊരുവിധമായിരുന്നെങ്കില്‍ എന്നാലോചിച്ചുകൊണ്ടുതന്നെ ഒരു പ്രതിചരിത്രമുണ്ടാക്കുകയാണല്ലോ ഇയാള്‍. ഇയാള്‍ക്ക് ഈ നാട്ടിലെ ചരിത്രത്തില്‍ ഒട്ടും വിശ്വാസമില്ലെന്നുറപ്പാണ്. അതിനും നമുക്ക് ഹരീഷിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പ്രവേശനകവാടത്തിലുദ്ധരിച്ച ഇറ്റാലോ കാല്‍വിനോയുടെ വാക്യമോര്‍മ്മിക്കാവുന്നതാണ് ‘….all are only assumptiosn’. അതെ; ചരിത്രമുള്‍പ്പെടെയുള്ള എല്ലാ ആധികാരികമായ കാര്യങ്ങളും അനുമാനങ്ങള്‍ മാത്രമാണെന്ന്. അതോടൊപ്പം നമ്മുടെ ജഡ്ജ്‌മെന്റും.!
ഈ നോവലിന്റെ പ്രവേശന കവാടത്തില്‍ അതിന് ബോര്‍ഹസിനെയാണ് അയാള്‍ കൂട്ടുപിടിക്കുന്നത്.
‘Historical truth, for him, is not what has happened; it is what we judge to have happened ‘
നാല്
എല്ലാ വേട്ടയാടലുകള്‍ക്കു ശേഷവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരടി മുന്നോട്ടല്ലാതെ പിന്നോട്ടില്ലെന്ന് ആഗസ്റ്റ് 17 ലൂടെ എഴുത്തുകാരന്‍ പിന്നെയും ഉറപ്പു വരുത്തുന്നുണ്ട്. ഉദാഹരണത്തിന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസുകാരെക്കുറിച്ചുള്ള നോവലിലെ ആദ്യ കമന്റ് തന്നെ ‘മൈരന്മാര്‍ ‘ എന്നാണ്.!
(സ്റ്റേറ്റ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ ബാക്കിയില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു.!) മറ്റൊന്ന് ‘അമ്മമഹാറാണിയും ദിവാന്‍ജിയും തമ്മില്‍ അവിഹിത ബന്ധമാണെന്നുപോലും പേരാവൂരില്‍ കുടിയേറിയ ചിലര്‍ മദ്യപാനത്തിനിടെ പറഞ്ഞ് ചിരിക്കുന്നത് ഞാന്‍ നേരിട്ട് കാണാനിടയായി’ (രാജഭരണം നാട്ടിലുണ്ടെങ്കില്‍ വധശിക്ഷയ്ക്കിത് ധാരാളം !)
അടുത്തത്;
‘ഇരുട്ടത്ത് മേല്‍വസ്ത്രമിടാതെ യുവതികള്‍ ദീപവുമായി നില്‍ക്കുന്നത് മാറിടം മഹാരാജാക്കന്‍മാരെ കാണിക്കാനാണെന്ന് ഞങ്ങളോടൊപ്പം പഠിച്ച ഒരു നെടുമങ്ങാടുകാരന്‍ ഒരിക്കല്‍ പറഞ്ഞു ‘
ഇങ്ങനെ മീശയെ കടത്തിയ എത്രയെത്ര സന്ദര്‍ഭങ്ങളാണിതില്‍.!
അതില്‍ രാജാവെന്നോ ഗാന്ധിയെന്നോ അക്കമ്മാ ചെറിയാനെന്നോ ഭേദമില്ല.എല്ലാവരിലേക്കുമുണ്ട് ആ ചാരനോട്ടങ്ങള്‍. ആ ചാരനോട്ടത്തില്‍ക്കൂടി രൂപപ്പെട്ട ആഖ്യാനവടിവിന്റെ സൗന്ദര്യം കൂടിയാണ് ഈ ആഗസ്റ്റ് 17.
അഞ്ച്
എഴുത്തുതന്നെ വലിയൊരു കള്ളമാണെന്നു പറഞ്ഞു വയ്ക്കുന്ന എഴുത്തുകാരനാണ് ആഗസ്റ്റ് 17 ന്റേത്.
‘മനുഷ്യന്‍മാര്‍ എഴുതി സൂക്ഷിച്ചിട്ടുള്ളതെല്ലാം വെറുതേ ഒന്ന് മറിച്ചുനോക്കുക. ചെറിയ കുറിപ്പുകള്‍, ശിലാശാസനങ്ങള്‍, ആധാരങ്ങള്‍, നിഘണ്ടുക്കള്‍, വ്യാകരണങ്ങള്‍, വിളംബരങ്ങള്‍, കരാറുകള്‍, ഉടമ്പടികള്‍, ജീവചരിത്രങ്ങള്‍ എന്നു തുടങ്ങി അവന്‍മാരും അവളുമാരും എഴുതിയതെല്ലാം നോക്കൂ. മുഴുവനും നുണക്കഥകളാണ്.
എഴുത്തുവിദ്യ കണ്ടുപിടിച്ചതു തന്നെ കള്ളങ്ങള്‍ നേരുകളാക്കി സൂക്ഷിച്ചുവെക്കാനാണ് ‘
അതെ; ചരിത്രത്തിന്റെ ആധികാരികമായ ഈ സൂക്ഷിപ്പുകളിലേക്കാണ് ആഗസ്റ്റ് 17 ലൂടെ ഈ എഴുത്തുകാരന്‍ തലതിരിഞ്ഞ നോട്ടമിടുന്നത്.
‘വരമൊഴികള്‍ പൊഴിഞ്ഞൊരാക്കൂരയില്‍ നിറയെമിന്നീയറിവിന്‍ വിളക്കുകള്‍ ‘ എന്ന് ഒരിക്കല്‍ വൈലോപ്പിളളിയും.
ആറ്
തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയായി എഴുത്തുകാരന്‍ ഭാവന ചെയ്തത് ഒരു സ്ത്രീയെയാണ് എന്നതാണ് മറ്റൊരാഹ്ലാദം. കേരളരാഷ്ട്രിയം ഇക്കാലമത്രയായിട്ടും ഭാവന ചെയ്യാന്‍ പോലും ധൈര്യപ്പെടാത്ത ആ ഇരിപ്പിടം ആഗസ്റ്റ് 17 ന്റെ ഉയരങ്ങളിലൊന്നാണ്. മാത്രവുമല്ല അധികാരവുമായി ബന്ധപ്പെട്ട ആണ്‍ലോകം ചരിത്രത്തിലുണ്ടാക്കിയ അനേകദുരന്തങ്ങളിലേക്കുകൂടി നമ്മെ ക്ഷണിക്കുന്ന ഒരപൂര്‍വ്വസന്ദര്‍ഭവും നോവലിലൊരിടത്ത് കരുതിവെച്ചിട്ടുണ്ട്. അതിങ്ങനെ
‘ഇത് എനിക്കു വേണ്ടിയുള്ള വാദമല്ല.’
ഗര്‍ജിക്കുന്നപോലെ അക്കാമ്മ ചെറിയാന്‍ പറഞ്ഞു.
‘ഇനി ആണുങ്ങള്‍ മാറി നില്‍ക്കട്ടെ. ഇത്രയും കാലം നിങ്ങളല്ലേ ഭരിച്ചത്.?
നിങ്ങളല്ലേ ലോകമഹായുദ്ധങ്ങള്‍ നടത്തിയത്.? ആറ്റംബോംബിട്ടത്.?
ലോകം മുഴുവന്‍ കോളനികളാക്കിയത്? കൂട്ടക്കൊലകളും ബലാത്സംഗങ്ങളും നടത്തിയത്?
ഈശോയെ കുരിശില്‍ തറച്ചതും മഹാത്മാഗാന്ധിയെ കൊന്നതും ശ്രീകണ്ഠന്‍ നായരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതും നിങ്ങളല്ലേ? ഈ രാജ്യത്തെ മഹാനായ പോരാളിയുടെ ജഡം കാറില്‍ കെട്ടി വഴിയിലൂടെ വലിച്ചിഴച്ചത് നിങ്ങളല്ലേ? ഈ രാജ്യം ഭരിച്ച് ഇങ്ങനെയാക്കിയത് നിങ്ങളല്ലേ?
തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ അക്കാമ്മ ചെറിയാന്റെ തല്ല. എഴുത്തുകാരന്റെതാണ്.
ഏഴ്
ലോകത്ത് മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും അപകടമുള്ള ആയുധം കഥയാണെന്ന് ഉറപ്പുള്ള എഴുത്തുകാരനാണ് ഹരീഷ്. തോക്കിനേക്കാളും ബോംബിനേക്കാളും രാസായുധത്തേക്കാളും ശക്തി കഥകള്‍ക്കു തന്നെയെന്ന് ആഗസ്റ്റ് 17 ലൂടെ വീണ്ടും ഉറപ്പിക്കുന്നു.
‘അതെ, അതുകൊണ്ടല്ലേ ഈശോയൊക്കെ കഥകള്‍ പറഞ്ഞ് ചുറ്റും ആളെക്കൂട്ടീത്. ആള്‍ക്കാരെ അടക്കിനിര്‍ത്താനും പറയുന്നതനുസരിപ്പിക്കാനും ഏറ്റവും നല്ലത് കഥകളാ’
‘പിന്നെന്താ പ്രശ്‌നം?’
‘പിന്നെയാണ് പ്രശ്‌നം. അങ്ങേര് പറഞ്ഞ കഥകളും അങ്ങേരെക്കുറിച്ചുള്ള കഥകളും ശരിയാണെന്ന് വിചാരിച്ച് എന്തുമാത്രം മനുഷ്യരെ കൊന്നിട്ടുണ്ടെന്നോ. ഞങ്ങള് പറയുന്ന കഥയാ ശരിയെന്ന് പറഞ്ഞ് മുസ്ലിങ്ങളും കൊന്നു. കഥ, ഓര്‍ത്തോണേ കഥ! ‘
നോവലിലൊരിടത്ത് ബഷീറും ഭാസിയും തമ്മില്‍ നടത്തുന്ന ഈ സംഭാഷണം പോയകാല മനുഷ്യ ചരിത്രത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും മാത്രമല്ല. മറിച്ച് വരാനിരിക്കുന്ന ഭാവിയെക്കുറിച്ചു കൂടിയാണ്.
കഥകള്‍കൂടി ചേര്‍ന്നു നിര്‍മ്മിക്കുന്ന അപകടകരമായ ഭാവി.
എട്ട്
ലോകത്തെ നല്ലതോ ചീത്തയോ ആയി മാറ്റാന്‍ കഥകള്‍ക്ക് ശക്തിയുണ്ടെന്ന് ഉറപ്പുള്ള എഴുത്തുകാരനാണ് ഹരീഷ്.ഒരിക്കല്‍ ഹരീഷ് തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
‘ഫിക്ഷനും വസ്തുതയും തമ്മിലുള്ള അതിര്‍ത്തി എവിടെയാണെന്ന് പറയാന്‍ പ്രയാസമാണ്. ഉദാഹരണത്തിന്, വാല്‍മീകി എഴുതിയ ഒരു കഥ ആധുനിക ഇന്ത്യയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. കഥ കെട്ടുകഥയല്ല, വസ്തുതയാണെന്നാണ് സുപ്രീംകോടതി പോലും വിശ്വസിക്കുന്നത്. അധികാരം നേടാനും ആള്‍ക്കൂട്ട കൊലപാതകം നടത്താനും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മറ്റൊരു ആരാധനാലയം പണിയാനും അതിലെ മുഖ്യകഥാപാത്രത്തിന് ജയ് പറയാത്തവരെ തല്ലാനും ആ കഥ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നു… അതുകൊണ്ട്, കഥകള്‍ക്ക് ലോകത്തെ മാറ്റാനുള്ള ശക്തിയില്ല എന്ന് പറയരുത്’
അതെ
ലോകമെങ്ങും
കഥകള്‍
കഥകള്‍
കഥകള്‍.
ആ കഥകളാണ് എപ്പോഴും ചരിത്രത്തിന്റെയും അധികാരത്തിന്റെയും ഭക്ഷണം. ആ കഥകളില്‍ അധികാരത്തിനു വേണ്ടിയിരുന്നത് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വാതന്ത്ര്യസമര പോരാളിയെയോ എഴുത്തുകാരനെയോ മാത്രമായിരുന്നില്ല. മറിച്ച് അയാളിലെ മുസ്ലീമിനെക്കൂടിയായിരുന്നു എന്ന് ഈ നോവല്‍ നോട്ടമിടുന്നു.
ഒരിക്കല്‍ ഉപ്പുസത്യാഗ്രഹകാലത്ത് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടു പോയി മര്‍ദ്ദിച്ചതിനെക്കുറിച്ച് ബഷീര്‍തന്നെ ഇങ്ങനെ എഴുതിയിരുന്നു.
‘പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പൊതിരെ ഇടിച്ചു. കുനിച്ചു നിര്‍ത്തി കൈമുട്ടുകള്‍ കൊണ്ടു കുത്തി. എനിക്കു സ്‌പെഷ്യല്‍ ഇടിയുണ്ടായിരുന്നു.
മുസല്‍മാന്‍!
ഇങ്ങനെയൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ അധികാരത്തിന്റെ തുടര്‍ച്ചകള്‍ക്കു വേണ്ട മുസ്ലിംമും ക്രിസ്ത്യാനിയുമൊക്കെ എങ്ങനെയാണ് അന്നത്തെ തിരുവിതാംകൂര്‍ ഭാവന ചെയ്ത ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്ക് ആവശ്യമായി ഉപയോഗിച്ചതെന്ന സൂക്ഷ്മനോട്ടം കൂടിയാണ് ആഗസ്റ്റ് 17 എന്ന ഈ പ്രതിചരിത്ര നോവല്‍.
ഒന്‍പത്
എല്ലാ രാജ്യങ്ങള്‍ക്കുമെന്നപോലെ തിരുവിതാംകൂറിനും ഒരു രഹസ്യചരിത്രമുണ്ട്. ആഗസ്റ്റ് 17 ലൂടെ 2022 ല്‍ എഴുത്തുകാരന്‍ അത് പരസ്യമാക്കിയിരിക്കുകയാണ്.
‘ലോകത്തില്‍ രഹസ്യങ്ങളും രഹസ്യ വഴികളുമാണ് യഥാര്‍ത്ഥത്തിലുള്ളത്. മനുഷ്യര്‍ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണ് ‘
നോവലിലെ ഈ വാക്യത്തില്‍ നിന്ന് കണ്ണെടുക്കുമ്പോഴേക്കും എഴുതപ്പെട്ട ചരിത്രങ്ങളെല്ലാം നമ്മെ ചിരിച്ചുകാട്ടുമെന്നുറപ്പ്.
ആഗസ്റ്റ് 17 എന്ന ഈ പ്രതിചരിത്രത്തിന്റെ വായനയ്ക്കു ശേഷം ‘യഥാര്‍ത്ഥ’ ചരിത്രവായന ഇവിടെയിനി സാധ്യമാവുമോ.!
എങ്ങനെ നോക്കിയാലും ചരിത്രത്തെയും കഥകളെയും ഭാവനയെയും ഇങ്ങനെ ഇരുട്ടും വെട്ടവുമാക്കി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഈ ആഖ്യാനം മലയാള സാഹിത്യത്തില്‍ പുതിയൊരു അനുഭവമാണ്. അനുഭൂതിയാണ്.
”There is nothing true in history without time and date. There is nothing untrue in literature without time and date.”
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.