ഇത് എന്തൊരു ഏര്‍പ്പാടാണ്?; ഈ നമ്പരില്‍ മാത്രമേ വിളിക്കാവൂ എന്നും പറഞ്ഞ് എന്നെ ഒളിവില്‍ വിട്ടിട്ട് ഫോണ്‍ ഓഫാക്കി വെക്കുക!
പോലീസ് എനിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതിന്റെ ഭാഗമാണല്ലോ ലുക്കൗട്ട് നോട്ടീസും മറ്റും. അതിനാല്‍ ഏതു സമയത്തും എന്നെത്തേടി പോലീസ് ഇവിടെ എത്താം. അതോടെ ഈ ഒളിച്ചുകളി അവസാനിക്കും. ചെറുപ്പകാലത്ത് വളരെ ആഹ്ലാദത്തിമിര്‍പ്പോടെ ഏര്‍പ്പെട്ടിരുന്ന ഒളിച്ചുകളികളെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. ഇന്ന് ഒളിക്കാന്‍ ഈ പാവം ഞാനും കണ്ടുപിടിക്കാന്‍ പോലീസ് സന്നാഹം മുഴുവനും.
പോലീസ് കസ്റ്റഡിയില്‍ ആയാല്‍ ഒന്നുരണ്ടു ദിവസത്തേക്ക് കുളിയൊന്നും നടന്നെന്നു വരില്ല. അതിനാല്‍ കുളിച്ചൊരുങ്ങിയാണ് ഞാന്‍ എപ്പോഴും ഇരുന്നത്. ഒരു ജോഡി ഡ്രസ്സ് ഒഴിച്ച് ബാക്കിയെല്ലാം ഞാന്‍ ബാഗില്‍ മടക്കിവെച്ചു. ടൂത്ത് ബ്രഷ്, പേസ്റ്റ്, സോപ്പ് മുതലായവ ഉപയോഗം കഴിഞ്ഞാലുടന്‍ ബാഗില്‍ നിക്ഷേപിക്കും. പോലീസെത്തിയാല്‍ ഒരു മിനിറ്റിനുള്ളില്‍ പുറപ്പെടാന്‍ ഞാന്‍ റെഡി.
അഞ്ചാറ് ഷീറ്റ് വെള്ളപ്പേപ്പര്‍ മാര്‍ജിന്‍ മടക്കി മേശപ്പുറത്തുവെച്ച് അതിന്‍മേല്‍ ഒരു പേനയും പ്രതിഷ്ഠിച്ചു. റൂംബോയിയോ ലോഡ്ജിലെ മറ്റു ജീവനക്കാരോ കണ്ടാല്‍ ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. മാര്‍ച്ച് 28 ഞായറാഴ്ചയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആ വാര്‍ത്ത അറിഞ്ഞ അന്ന് പിന്നീട് മുറിക്ക് പുറത്തിറങ്ങിയില്ല. ജഗ്ഗിലിരുന്ന വെള്ളംകൊണ്ട് ആവശ്യാനുസരണം ഉദരപൂരണം നടത്തി.
ഉപവാസം എത്ര ദിവസത്തേക്കു വേണ്ടിവരുമെന്ന് അറിയാത്തതിനാല്‍ ശരീരത്തെ ക്ഷീണിപ്പിക്കാതിരിക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചു. കൂടുതല്‍ സമയം കിടന്നുതന്നെ കഴിച്ചുകൂട്ടി. കിടന്നു മടുക്കുമ്പോള്‍ എണീ റ്റിരിക്കുകയും ചിലപ്പോള്‍ മുറിയിലൂടെ രണ്ടുമൂന്നു ചുവട് ഉലാത്തുകയും ചെയ്തു.
മാര്‍ച്ച് 29 തിങ്കള്‍
എണീറ്റ ഉടനെ കുളിച്ച് റെഡിയായി. ബെഡ്‌കോഫിയെക്കുറിച്ച് അകത്തുള്ളവര്‍ അപ്പോഴും മറന്നിരുന്നില്ല. ഒരു കോട്ടുവായിലൂടെ അവര്‍ അക്കാര്യം വെളിപ്പെടുത്തി. ജഗ്ഗിലിരുന്ന അൽപം വെള്ളം ഞാന്‍ ഗ്ലാസ്സില്‍ ഒഴിച്ചു. അരഗ്ലാസ്സേ ഉള്ളൂ. ഗ്ലാസ്സ് ചുണ്ടോടടുപ്പിക്കുമ്പോഴാണ് കണ്ണില്‍ പ്പെട്ടത്; വെള്ളത്തില്‍ ചിറകുമുളയ്ക്കാറായ ഒരു (കൊതുക്) കൂത്താടി.
എന്റെ ജാമ്യാപേക്ഷ ഇന്നുതന്നെ കോടതിയില്‍ സമര്‍പ്പിക്കും. ഒരു പക്ഷേ, ഇന്നുതന്നെ കോടതി അത് പരിഗണിക്കുകയും ചെയ്യും. കോടതി തുടങ്ങുന്നത് പതിനൊന്നു മണിക്കാണെന്ന് എനിക്ക് അറിവുണ്ട്. ജാമ്യം അനുവദിച്ചാലും ഇല്ലെങ്കിലും ടിവിയില്‍ വാര്‍ത്തവരും. ചോദ്യപേപ്പര്‍ വിവാദം ആദ്യംമുതല്‍ ഉത്സാഹത്തോടെ കൈകാര്യം ചെയ്യുന്നത് ഇന്‍ഡ്യാവിഷന്‍’ ചാനലാണ്. അതിനാല്‍ കൃത്യം 11 മണിക്ക് ടിവി ഓണാക്കി ‘ഇന്‍ഡ്യാവിഷനു’ മുമ്പില്‍ കണ്ണുംനട്ട് ഇരിപ്പായി. ഇരുന്നും കിടന്നും ഇടയ്ക്ക് എണീറ്റും ആ കാത്തിരിപ്പ് രാത്രി വൈകുന്നിടംവരെ തുടര്‍ന്നു. ഇടയ്ക്ക് മറ്റു വാര്‍ത്താചാനലുകളിലും പരതി. ഒന്നും സംഭവിച്ചില്ല. എനിക്കുവേണ്ടി ഒരു വാര്‍ത്തയും വന്നില്ല.
മാര്‍ച്ച് 30 ചൊവ്വ
രാവിലെ എണീറ്റപ്പോള്‍ ശരീരത്തിന് ഒരു ആട്ടം അനുഭവപ്പെട്ടു. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാനുള്ള അദമ്യമായ ആഗ്രഹം. സുലൈമാനെ വിളിച്ചുപറഞ്ഞാല്‍ ചായയോ ബിസ്‌കറ്റോ മറ്റു ഭക്ഷണസാധനങ്ങളോ വാങ്ങിത്തരും. പക്ഷേ, അതു വേണോ? ഇന്നലെയും മിനിയാന്നും അക്കാര്യത്തില്‍ സുലൈമാനെ ആശ്രയിക്കാതിരുന്നത് മനഃപൂര്‍വ്വമാണ്. സുലൈമാന്‍ ടിവിയോ പത്രമോ നോക്കുന്ന ആളാണെങ്കില്‍ പോലീസ് പ്രസിദ്ധപ്പെടുത്തിയ എന്റെ ഫോട്ടോ കാണാന്‍ ഇടയായിട്ടുണ്ടാകും. ഈ ദിവസങ്ങളില്‍ എന്നെ കാണുന്ന ഒരേയൊരാള്‍ സുലൈമാനാണ്. ഒറ്റനോട്ടത്തില്‍ മനസ്സിലായില്ലെങ്കിലും അടുത്തിട പെടുമ്പോള്‍ തിരിച്ചറിയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആവുന്നത്ര സുലൈമാനില്‍നിന്ന് എന്നെ ഒളിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് കുടിവെള്ളം കൊണ്ടുവരാനല്ലാതെ മറ്റൊരു കാര്യത്തിനും സുലൈമാനെ ആശ്രയിക്കാതിരുന്നത്.
മാത്രമല്ല, സുലൈമാന്റെ മുമ്പില്‍ ആവുന്നത്ര മുഖം കൊടുക്കാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചു. വലിയൊരു കണ്ണടയോടുകൂടിയതാണ് പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ചിത്രം. കണ്ണടയില്ലാതെ വ്യക്തമായി കാണാന്‍ എനിക്ക് സാധിക്കില്ലെങ്കിലും കണ്ണട ഊരിവെച്ചിട്ടാണ് സുലൈമാന്‍ വരുമ്പോഴെല്ലാം ഞാന്‍ വാതില്‍ തുറന്നിരുന്നത്. അപ്പോള്‍ ഒരു തോര്‍ത്തുകൊണ്ട് തലയില്‍ കെട്ടുകയോ കഴുത്തില്‍ ചുറ്റുകയോ ചെയ്ത് ആ ഫോട്ടോയുമായുള്ള എന്റെ സാദൃശ്യത്തെ ലഘൂകരിക്കാനും ഞാന്‍ ഉത്സാഹിച്ചിരുന്നു.
ഇന്ന് ഏതായാലും ജാമ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകേണ്ടതാണ്. കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് കേവലമായ ഒരു ചായയുടെ പ്രലോഭനത്തിന്റെ മുമ്പില്‍ വഴിപ്പെടാന്‍ പാടില്ല. ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ച് ആ ദുരാഗ്രഹത്തില്‍നിന്ന് ഞാന്‍ മോചനം നേടി. സമയം 11 മണി. കോടതി തുടങ്ങുന്ന സമയമായി. ടിവി ഓണ്‍ ചെയ്ത് ഞാന്‍ ബത്തശ്രദ്ധനായി.
വാര്‍ത്തകള്‍ എന്നെ സ്പര്‍ശിക്കാതെ കടന്നുപോയി. അരമണിക്കൂര്‍ കഴിഞ്ഞുകാണും; വാതിലില്‍ ഒരു മുട്ട്. ഞാന്‍ ഞെട്ടി. പോലീസായിരിക്കും! കണ്ണട എടുത്തുമാറ്റി തോര്‍ത്ത് ഉദാസീനമട്ടില്‍ തലയില്‍ ഇട്ടുകൊണ്ട് വാതില്‍ തുറന്നു. മുറി അടിക്കാന്‍ വന്ന സ്ത്രീയാണ്. കൈയില്‍ ചൂലുണ്ട്. ”മുറി അടി ക്കണ്ട. എനിക്ക് ജലദോഷമാണ്. പൊടി ഇളകിയാല്‍ എനിക്കു തുമ്മലു കൂടും.” ഞാന്‍ പറഞ്ഞു. അവര്‍ പോയി. ഞാന്‍ കണ്ണട ധരിച്ച് വീണ്ടും വാര്‍ത്തകള്‍ ശ്രദ്ധിച്ചു.
അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതു കൊലക്കേസ് പ്രതി സമ്പത്ത് എന്നയാള്‍ പോലീസ് മര്‍ദ്ദനത്തെ ത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിന്റെ കോലാഹലമാണ്. സംഭവം നടന്നത് പാലക്കാട്ടുതന്നെയാണ്. അതിനാല്‍ പാലക്കാട്ടെ പോലീസിനെ അത്ര പേടിക്കേണ്ടെന്ന് എനിക്കു തോന്നി. അവര്‍ക്ക് ആവശ്യത്തിനുള്ള പണി തത്കാലം കിട്ടിയിട്ടുണ്ടല്ലോ.
വാര്‍ത്താചാനലിനു മുന്നിലുള്ള എന്റെ തപസ്സ് നാലുമണിവരെ തുടര്‍ന്നു. പക്ഷേ, എന്റെ വാര്‍ത്തമാത്രം പ്രത്യക്ഷപ്പെട്ടില്ല. ഇപ്പോള്‍ കോടതി പിരിഞ്ഞിട്ടുണ്ടാകും. വിസ്താരമോ വാദമോ നീണ്ടു പോയാലേ ഈ സമയത്തിനുശേഷവും കോടതി തുടരുകയുള്ളു. ഒരു ജാമ്യാപേക്ഷയില്‍ അങ്ങനെയൊന്നും വരാന്‍ ഇടയില്ലല്ലോ; അപ്പോള്‍ ഇന്നും ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ആലോചിച്ചു. ഇനി എന്താണു ചെയ്യേണ്ടത്? ഈ വാല്മീകത്തില്‍ ഇങ്ങനെ ഇരുന്നിട്ട് എന്താണ് കാര്യം?
രണ്ടുമൂന്നു ദിവസമായി പത്രമൊന്നും വായിച്ചിട്ടില്ല. ലുക്കൗട്ട് നോട്ടീസ് വന്നതിനുശേഷം ടിവിയിലും വാര്‍ത്തകള്‍ കാണുന്നില്ല. അല്ലെങ്കില്‍ പ്രതിയെ കിട്ടാതെ ഇനി എന്തു വാര്‍ത്ത? ഏതായാലും ജോയി മാത്യു സാറിനെ വിളിക്കുകതന്നെ. കഴിഞ്ഞ തവണ പറ്റിയ അബദ്ധം ഇനി ഉണ്ടാകരുത്. പാലക്കാട്ടുനിന്ന് വിളിക്കേണ്ട.രണ്ടു മണിക്കൂര്‍ യാത്ര വേണ്ടിവരുന്ന ഏതെങ്കിലും സ്ഥലത്തു പോകാം. ഉടന്‍തന്നെ ഷര്‍ട്ട് എടുത്തു ധരിച്ചു. കണ്ണട ഊരി പോക്കറ്റിലിട്ടു പുറകിലേക്കു ചീകുന്ന മുടി വകഞ്ഞ് സൈഡിലേക്കു ചീകി. മുറി പൂട്ടി പുറത്തിറങ്ങി.
നടന്നുതുടങ്ങിയപ്പോള്‍ ചെറുതായൊരു വേപ്പല്‍. അല്പം കഴിഞ്ഞപ്പോള്‍ അതങ്ങുമാറി. വെള്ളമല്ലാതെ എന്തെങ്കിലും വയറ്റിലോട്ടു പോയിട്ട് ദിവസം രണ്ടു കഴിഞ്ഞു. അതിനാല്‍ ഇന്‍ഡ്യന്‍ കോഫി ഹൗസില്‍ കയറി എന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. വെയിറ്റര്‍ കൊണ്ടുവെച്ച ദോശയില്‍ ചട്‌നിയും സാമ്പാറും ഒഴിച്ചു. കണ്ണടവെക്കാത്തതിനാല്‍ സാമ്പാറിലെ കഷണങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. വല്ല പല്ലിയോ പാറ്റയോ കിടന്നാല്‍ ചിലപ്പോള്‍ അതുംകൂടി അകത്താകും. എന്തും വരട്ടെ എന്നു വിചാരിച്ച് കണ്ണടയെടുത്തു വെച്ചു.
ഭക്ഷണത്തിനുശേഷം കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റാന്‍ഡിനു മുന്‍വശമെത്തിയപ്പോള്‍ ഒറ്റപ്പാലത്തിനുള്ള ഒരു പ്രൈവറ്റ് ബസ് എനിക്കു വേണ്ടിയിട്ടെന്നപോലെ കാത്തുകിടക്കുന്നു. അതില്‍ കയറി.
ഒറ്റപ്പാലത്ത് പോയിട്ടില്ലെങ്കിലും ഒറ്റപ്പാലവും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനുമൊക്കെ കഥകളിലും നോവലുകളിലും താന്‍ വായിച്ചറിഞ്ഞ സ്ഥലമാണ്. എന്റെ മൊബൈല്‍ ഫോണ്‍ റൂമില്‍ വെച്ചിട്ടാണ് പോന്നിരിക്കുന്നത്. അത് അബദ്ധമായിപ്പോയെന്ന് ബസ് യാത്രയ്ക്കിടയില്‍ ഞാന്‍ ഓര്‍ത്തു. ഏതെങ്കിലും കള്ളന്മാര്‍ മുറിയില്‍ക്കടന്ന് മൊബൈല്‍ എടുത്തിട്ട് ഓണാക്കുകയോ മറ്റോ ചെയ്താല്‍ തത്സമയം പോലീസ് അതറിയും. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്ഥലം ലൊക്കേറ്റു ചെയ്ത് എന്റെ അജ്ഞാത വാസം അവസാനിപ്പിക്കാനുള്ള വഴിതുറക്കും.
ഇനിയിപ്പോള്‍… പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ. ഞാന്‍ സമാധാനിച്ചു. ഒറ്റപ്പാലം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലാണ് ഇറങ്ങിയത്. അവിടെനിന്നുള്ള ഒരു മണ്‍റോഡിലൂടെ ആളുകള്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്.
ആ വഴി എങ്ങോട്ടാണെന്ന് ഞാന്‍ ഒരാളിനോടു ചോദിച്ചു.
‘‘റെയില്‍വേ സ്റ്റേഷനിലേക്ക്’’ അയാള്‍ മറുപടി പറഞ്ഞു.
‘‘എത്ര ദൂരമുണ്ട്?’’
‘‘അരമുക്കാല്‍ കിലോമീറ്റര്‍ വരും’’
ഞാന്‍ ആ വഴിക്കു നടന്നു.
റെയില്‍വേ സ്റ്റേഷനിലെ ബൂത്തില്‍നിന്ന് ഫോണ്‍ ചെയ്യുകയാണ് ഏറ്റവും ഉത്തമം. കാരണം, എന്റെ ഫോണ്‍ കോളിന്റെ ഉറവിടം പോലീസിനു പിടികിട്ടിയാൽത്തന്നെ അവരുടെ സംശയം ശരിയായ ദിശയില്‍ വരാന്‍ പ്രയാസമായിരിക്കും. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ചെയ്ത കോളാണെന്നല്ലേ സാമാന്യബുദ്ധിക്കു വിചാരിക്കാന്‍ പറ്റൂ. ദീര്‍ഘദൂര വണ്ടികള്‍ പലതും നിര്‍ത്താത്ത സ്റ്റേഷനാണ് ഒറ്റപ്പാലം. അതിനാല്‍ ലോക്കല്‍ ട്രെയിനിലാണ് യാത്രയെന്ന് പോലീസ് ബുദ്ധി വേണമെങ്കില്‍ കരുതിക്കൊള്ളട്ടെ.
എന്റെ സങ്കല്പത്തില്‍ ഉള്ളതിനെക്കാള്‍ ചെറുതായിരുന്നു ഒറ്റപ്പാലം സ്റ്റേഷന്‍. അവിടെ നിറുത്തുന്ന ഏതെങ്കിലും വണ്ടിയുടെ സമയമാകുമ്പോള്‍ മാത്രമേ അവിടെയൊരു ഒച്ചയനക്കങ്ങള്‍ ഉണ്ടാകുന്നുള്ളു. ഒരേയൊരു ടെലഫോണ്‍ ബൂത്തു മാത്രമേ അവിടെ പ്രവര്‍ത്തിക്കുന്നുള്ളു. അവിടെനിന്ന്, മനഃപാഠമാക്കിവെച്ചിരുന്ന ബിന്ദുവിന്റെ നമ്പരിലേക്ക് ജോയി മാത്യു സാറിനെ കിട്ടാന്‍വേണ്ടി ഞാന്‍ വിളിച്ചു.
ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.
ഇനി എന്തുചെയ്യും?
ഏതായാലും കുറച്ചുസമയം കഴിഞ്ഞ് ഒന്നുകൂടി ശ്രമിച്ചു നോക്കാം. ഞാന്‍ അതിലെ ചുറ്റിപ്പറ്റിനടന്നു.
ഒരു ട്രെയിന്‍ അവിടെ ഒരു മിനിട്ട് നിര്‍ത്തിയശേഷം വിട്ടുപോയി. അതിന്റെ ആളനക്കങ്ങള്‍ അവസാനിച്ചപ്പോള്‍ ഞാന്‍ വീണ്ടും ബൂത്തില്‍ കയറി.
അപ്പോഴും എനിക്കുവേണ്ട ഫോണ്‍ ഓഫ് തന്നെ.
ഇത് എന്തൊരു ഏര്‍പ്പാടാണ്? ഈ നമ്പരില്‍ മാത്രമേ വിളിക്കാവൂ എന്നും പറഞ്ഞ് എന്നെ ഒളിവില്‍ വിട്ടിട്ട് ഫോണ്‍ ഓഫാക്കി വെക്കുക!
ഇനി പോലീസിനെങ്ങാനും ഈ നമ്പരിന്റെ രഹസ്യം പിടികിട്ടിക്കാണുമോ? എങ്കില്‍ പോലീസ് ആ ഫോണ്‍ ഓഫാക്കിവെക്കാന്‍ സമ്മതിക്കു കയില്ല.
പിന്നെ എന്തായിരിക്കും കാരണം?
ജോയി മാത്യുസാര്‍ ആളാരാ മോന്‍? ഫോണ്‍ ഓഫാക്കിവെക്കണമെങ്കില്‍ അതിന് ഒരു കാരണവും ലക്ഷ്യവും കാണാതിരിക്കില്ല.
എന്നിലെ ശുഭാപ്തിവിശ്വാസക്കാരനായ ബുദ്ധി അതിനെ ഇപ്രകാരം വ്യാഖ്യാനിച്ചെടുത്തു. പോലീസിന്റെ നിരീക്ഷണം അവരെ ചുറ്റിപ്പറ്റിയുണ്ട്. അതിനാല്‍ ഫോണ്‍ ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. അതുകൊണ്ടാണ് ഓഫാക്കി വെച്ചിരിക്കുന്നത്. ജാമ്യത്തിന്റെ കാര്യം ഇതുവരെ ശരിയായിട്ടില്ല. നാളെ ഏതായാലും ശരിയാകും. ജാമ്യം കിട്ടിയിട്ടാകുമ്പോള്‍ ഫോണ്‍ ചെയ്യുന്നതിന് പ്രശ്‌നമില്ല. പോലീസിനെ പിന്നെ ഭയപ്പെടേണ്ടതുമില്ലല്ലോ.
ശരി, ഒരു ദിവസംകൂടി കാത്തിരിക്കാം.
ഞാന്‍ പാലക്കാട്ടേക്ക് തിരിച്ചുപോന്നു.
റൂമില്‍ എത്തിയപ്പോള്‍ ഒമ്പതര.
കുളികഴിഞ്ഞ് ഉറങ്ങാന്‍ കിടന്നു.
ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ഊയലാട്ടം കഴിഞ്ഞ് നേരം പുലര്‍ന്നു.
(പ്രൊഫ.ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ നിന്ന്)
കടപ്പാട്; മനോരമ
Comments are closed.