‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ മൂന്നാം പതിപ്പ് തൊടുപുഴയില്‍ പ്രകാശനം ചെയ്തു
തൊടുപുഴ: വിവാദചോദ്യം തയ്യാറാക്കിയ, അതിന്റെ പേരില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ തൊടുപുഴയില്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇന്ന് തൊടുപുഴ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തത്.
ആള്‍ക്കൂട്ട ഭ്രാന്തിന്റെ രക്തസാക്ഷിയാണ് പ്രൊഫ. ടി.ജെ.ജോസഫെന്ന് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ മതപ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖം അറ്റുപോകാത്ത ഓര്‍മ്മകള്‍ രേഖപ്പെടുത്തുവെന്ന് എന്‍.എം. പിയേഴ്‌സണ്‍ പറഞ്ഞു. ചടങ്ങില്‍ പ്രാഫ.ടി.ജെ. ജോസഫ് മറുപടിപ്രസംഗം നിര്‍വ്വഹിച്ചു.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കെയായിരുന്നു മതനിന്ദാരോപണത്തിന് വിധേയമായ ചോദ്യം ടി.ജെ. ജോസഫ് തയ്യാറാക്കുന്നത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ പാടേ മാറ്റി മറിക്കുകയായിരുന്നു.
നാല്പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍‘ എഴുതപ്പെട്ടിരിക്കുന്നത്.അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം തുറന്നെഴുതുന്നു.
Comments are closed.