‘അക്രമികള്‍ പദ്ധതിയിട്ടത് സഭയുടെ മൗനാനുവാദത്തിന് ശേഷം’; പ്രൊഫ ടി.ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകളില്‍’നിന്ന്
പ്രൊഫ ടി.ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകളില്‍’നിന്ന്
എന്നെ പിരിച്ചുവിടുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും നിനച്ചിരുന്നില്ല. എന്‍ക്വയറി നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാനേജരച്ചനെ കണ്ടപ്പോള്‍ ‘ഞങ്ങള്‍ സാറിനെ ശിക്ഷിക്കും’ എന്നു പറഞ്ഞിരുന്നെങ്കിലും വകുപ്പുമേധാവി സ്ഥാനത്തുനിന്നും മാറ്റും അല്ലെങ്കില്‍ ഒന്നോ രണ്ടോ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കും എന്നൊക്കെയേ വിചാരിച്ചുള്ളു.
എന്നാല്‍ എന്റെ നേരേയുണ്ടായ ആക്രമണത്തിനുശേഷം ചോദ്യപേപ്പര്‍ വിവാദത്തിലെ സത്യാവസ്ഥ സാമാന്യജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ സംഗതിയായതിനാലും മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ക്കുപോലും എന്നോട് അനുഭാവമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മേല്‍പടി ചെറിയ ശിക്ഷകള്‍പോലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
ആ പിരിച്ചുവിടല്‍ ഉത്തരവ് ഒരു യാഥാര്‍ത്ഥ്യംതന്നെയാണെന്ന് ബോധ്യം വരാന്‍ അല്പസമയമെടുത്തു. തിരിച്ചറിവുവന്നതോടെ വല്ലാത്തൊരു ആധി എന്നെ ബാധിച്ചു. വെളിച്ചങ്ങളെല്ലാം കെട്ട് മനസ്സാകെ ഇരുട്ടിലായി.
ഞാന്‍ ഫിസിയോതെറാപ്പികഴിഞ്ഞ് മടങ്ങിവരുന്നതും കാത്ത് ഈരാറ്റുപേട്ടയില്‍നിന്നു വന്ന ഒരു സുഹൃത്തും മകളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. അദ്ദേഹം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലാണ്. പിരിച്ചുവിടല്‍ ഉത്തരവ് വായിച്ച അദ്ദേഹം ഏതു കോടതിയും ഈ ശിക്ഷാനടപടി റദ്ദുചെയ്യുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അക്കാര്യത്തില്‍ എനിക്കും സംശയമുണ്ടായിരുന്നില്ല.
എന്നാല്‍ അതൊക്കെ എന്നാണ് സാധിതപ്രായമാവുക? അതുവരെ ശാരീരികാവശതകളുള്ള ഞാനും എന്റെ കുടുംബവും എങ്ങനെ ജീവിക്കും?
സര്‍വ്വകലാശാലയുടെ ചട്ടമനുസരിച്ച് ഏഴുതരം ശിക്ഷകളാണുള്ളത്. ‘ശാസന’ ആണ് ഒന്നാമത്തേത്. ഏഴാമത്തെ പിരിച്ചുവിടല്‍ (dismissal) ആണ്. ഏറ്റവും കടുത്ത ശിക്ഷ. പിരിച്ചുവിടപ്പെടുന്ന ആളിന് സര്‍വ്വകലാ ശാലയുടെ കീഴിലുള്ള ഒരു കോളജിലും പിന്നീട് ജോലിചെയ്യാനാകില്ല. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.
പിരിച്ചുവിടലിന് തൊട്ടടുത്ത ശിക്ഷ–ആറാമത്തേത്–നിര്‍ബന്ധിത വിരമിക്കല്‍ (Compulsory retirement) ആണ്. ആ ശിക്ഷ ലഭിക്കുന്ന ആളെയും ജോലിയില്‍നിന്നു പിരിച്ചുവിടും. എന്നാല്‍ സര്‍വ്വീസ് അനുസരിച്ചുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. യൂണിവേഴ്‌സിറ്റിയിലെ മറ്റു കോളജില്‍ നിയമനം ലഭിക്കുന്നതിന് തടസ്സവുമില്ല.
ചോദ്യപേപ്പര്‍ വിവാദമാക്കിയവര്‍പോലും അന്ന് ആവശ്യപ്പെട്ടത് ന്യൂമാന്‍ കോളജില്‍നിന്ന് എന്നെ മാറ്റണമെന്ന് മാത്രമാണ്. മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു കോളജിലേക്കും എന്നെ വേണ്ടെന്ന് മാനേജ്‌മെന്റ് തീര്‍ച്ചപ്പെടുത്തുന്നുവെങ്കില്‍ ‘നിര്‍ബ്ബന്ധിത വിരമിക്കല്‍’ എന്ന ശിക്ഷ തന്ന് എന്നെ ഒഴിവാക്കാമായിരുന്നു. ശിഷ്ടകാലം പെന്‍ഷന്‍ വാങ്ങി എനിക്കും എന്റെ കുടുംബത്തിനും പട്ടിണിയില്ലാതെ കഴിയാമായിരുന്നുവല്ലോ. ഞാന്‍ ഉള്ളാലെ പരിതപിച്ചു.
പിരിച്ചുവിട്ട കാര്യം പറയാന്‍ നാവുപൊന്താതിരുന്നതുകൊണ്ട് അക്കാര്യം ആരെയും ഞങ്ങള്‍ അറിയിച്ചില്ല. പിറ്റേന്ന് ഫിസിയോതെറാപ്പിക്കു പോകാനും മനസ്സുവന്നില്ല. എന്നാല്‍ അടുത്ത ദിവസം ചേച്ചി നിര്‍ബന്ധിച്ച് കൊണ്ടുപോയെങ്കിലും ഇടതു കൈകൊണ്ടുള്ള എഴുത്തഭ്യാസത്തില്‍ ഒരു താത്പര്യവും തോന്നിയില്ല. ഇനി എഴുതിപ്പഠിച്ചിട്ട് എന്തിനാണ്?
റേച്ചല്‍ മാഡം നിര്‍ബ്ബന്ധിച്ച് എഴുതിപ്പിക്കുമ്പോള്‍ പിരിച്ചുവിട്ട കാര്യം അവരോട് പറയണമെന്നു തോന്നി. എന്നാല്‍ ജാള്യത അതിനനുവദിച്ചില്ല. സര്‍വ്വീസില്‍നിന്ന് എന്നെ നീക്കം ചെയ്ത കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ മാനേജ്മെന്റ് വൈകിയപ്പോള്‍ ആ നടപടി അവര്‍ പിന്‍വലിക്കുമെന്ന് ഒരുവേള ഞാന്‍ വെറുതെ ആശിച്ചു.
എന്നാല്‍ 2010 സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തില്‍ എന്നെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്ത വാര്‍ത്ത പത്രങ്ങളിലെല്ലാം വന്നു. തലേന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ മോണ്‍ തോമസ് മലേക്കുടി പറഞ്ഞത് മാനേജ്മെന്റിന്റേത് ഒരു ശിക്ഷാനടപടിയല്ല. ശിക്ഷണനടപടി മാത്രമാണെന്നാണ്. (അവ തമ്മിലുള്ള വ്യത്യാസം എനിക്കിനിയും മനസ്സിലായിട്ടില്ല.)
മാനേജ്മെന്റ് നടപടി ക്രൂരവും നിന്ദ്യവുമാണെന്ന സമീപനമാണ് പല പത്രങ്ങളും പുലര്‍ത്തിയത്. മാതൃഭൂമി പത്രത്തിലെ ‘കാകദൃഷ്ടി’ എന്ന കാര്‍ട്ടൂണ്‍ കോളത്തില്‍ ‘ന്യൂമാന്‍ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു, ഒരു അധ്യാ…പകദിനം കൂടി’ എന്ന എഴുത്തോടെയാണ് എന്റെ ദയനീയ ചിത്രം വരച്ചുവച്ചത്.
‘അധ്യാപകദിനം’ ആശംസിച്ചുകൊണ്ട് അന്നാണ് ജീവിതത്തില്‍ എനിക്കേറ്റവും ഫോണ്‍കോളുകള്‍ വന്നത്. ഓരോ ആശംസാവാക്കുകളും എന്നെ കൂടുതല്‍ സങ്കടപ്പെടുത്താനാണ് ഉപകരിച്ചത്.
ഞാന്‍ അംഗമായിരുന്ന എ.കെ.പി.സി.റ്റി.എ. എന്ന സംഘടന എന്റെ ചികിത്സാച്ചെലവിലേക്കായി സമാഹരിച്ച ഏഴുലക്ഷം രൂപയുമായി സംഘടനാഭാരവാഹികള്‍ വന്നത് ആ അധ്യാപകദിനത്തില്‍തന്നെയാണ്. അവര്‍ തന്ന തുകയും പറഞ്ഞ ആശ്വാസവാക്കുകളും എന്റെ മനോവിഷമത്തെ അല്പമൊന്നു കുറയ്ക്കാതിരുന്നില്ല.
എന്നാല്‍ അതിനെക്കാള്‍ വിലയുള്ള ഒരു സ്നേഹോപഹാരവുമായി തൊടുപുഴ കൊടുവേലി സാന്‍ജോ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ എന്നെ കാണാനെത്തി. അവരോടൊപ്പം പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയും ഉണ്ടായിരുന്നു. ആ സ്‌കൂളിലെ ഒന്നാംക്ലാസ്സു മുതല്‍ പത്താംക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും എനിക്കെഴുതിയ കത്തുകള്‍ സമാഹരിച്ച് ഭംഗിയായി ബയന്റ് ചെയ്ത് ‘കൈ ഒപ്പ്’ എന്ന് പേരുമിട്ട് അവര്‍ കൊണ്ടുവന്നിരിക്കുകയാണ്.
എഴുത്തുവശമാകാത്ത കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളുടെ വകയായി ‘ഞങ്ങളെല്ലാവരും അങ്ങയോടൊപ്പമുണ്ട്’ എന്നെഴുതിയതിന്റെ ചുവട്ടില്‍ തങ്ങളുടെ കുഞ്ഞിക്കൈകള്‍ പലവര്‍ണ്ണങ്ങളില്‍ മുക്കി പതിപ്പിച്ച ഒരു പോസ്റ്ററും അവര്‍ എന്നെ കാണിച്ചു.
എന്നോടുള്ള അനുഭാവവും ആദരവും വെളിപ്പെടുത്തുന്നവയായിരുന്നു കുട്ടികളുടെ കത്തുകള്‍. മതതീവ്രവാദത്തിന് അവരെല്ലാം എതിരാണ്. എന്റെ നേരേ ആക്രമണമുണ്ടായതില്‍ അവര്‍ക്ക് ദുഃഖമുണ്ട്. അവരുടെ പ്രാര്‍ത്ഥന എനിക്കും എന്റെ കുടുംബത്തിനുമുണ്ട്. ആക്രമിച്ചവരോട് ക്ഷമിച്ചുവെന്ന് ഞാന്‍ പറഞ്ഞത് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്റെ നിരപരാധിത്വം തെളിഞ്ഞതിലും അവര്‍ സന്തോഷിക്കുന്നു.
കൈതുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചതില്‍ അവര്‍ക്കെല്ലാം അതിയായ സന്തോഷമാണുള്ളത് എത്രയും വേഗം പൂര്‍ണ്ണസുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു. അധ്യാപനവൃത്തിയില്‍ ശ്രേയസ്‌കരമായി മുന്നേറാനും അവര്‍ ആശംസിക്കുന്നു.
എന്നെ പിരിച്ചുവിട്ട വാര്‍ത്ത വരുന്നതിനു മുമ്പ് എഴുതിയ കത്തുകളായിരുന്നു അവ. ആ കത്തുകളിലെ ആശയങ്ങള്‍ അവരിലേക്ക് പകര്‍ന്നത് അവരുടെ അധ്യാപകരും വിശിഷ്യ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയും ആയിരിക്കുമല്ലോ. ഫാ. ജോണ്‍സണുമായോ ആ സ്‌കൂളിലെ മറ്റ് അധ്യാപകരുമായോ എനിക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചത് പക്ഷപാതിത്വമില്ലാത്ത ബഹുജനാഭിപ്രായമാണെന്നു നിരീക്ഷിച്ച് ഞാന്‍ സന്തോഷിച്ചു.
”ഈ ‘കൈയൊപ്പ്’ ഒരു മരുന്നാണ്. ജോസഫ് സാറിന്റെ മുറിവില്‍ പുരട്ടുവാന്‍ ഒരു സ്‌കൂളിലെ കുട്ടികള്‍ കൂട്ടിയെടുത്ത കലര്‍പ്പില്ലാത്ത പച്ചമരുന്ന്” എന്ന ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയുടെ ആമുഖക്കുറിപ്പ് അങ്ങനെതന്നെ എനിക്ക് അനുഭവവേദ്യമായി.
2010 സെപ്റ്റംബര്‍ 6-ന് ‘ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്’ പത്രത്തില്‍ പിരിച്ചുവിടല്‍ നടപടിയെ അപലപിച്ചുകൊണ്ട് മുഖപ്രസംഗം വന്നു. മനസ്സറിയാത്ത കാര്യത്തിന് വലിയ ശിക്ഷകള്‍ ഏറ്റുവാങ്ങിയ എന്നെ ഷേക്സ്പിയര്‍ നാടകത്തിലെ ദുരന്തനായകനോട് ഉപമിച്ചുകൊണ്ടാണ് അതിന്റെ തുടക്കം.
വിവാദ ചോദ്യത്തെപ്പറ്റിയുള്ള അധ്യാപകന്റെ വിശദീകരണം പ്രവാചകനിന്ദയോ മതനിന്ദയോ അതിലില്ലെന്ന് വ്യക്തമാക്കുന്നതാണ്. കിംവദന്തികളാണ് അതില്‍ മതനിന്ദയുണ്ടെന്ന് വരുത്തിത്തീര്‍ത്തത്. ഇപ്പോള്‍ എല്ലാറ്റിനും നല്ല വ്യക്തത വന്നിരിക്കുന്നു. അതിനാല്‍ അധ്യാപകന്റെ കാര്യത്തില്‍ സുമനസ്സുകള്‍ക്ക് സഹാനുഭൂതിയാണ് ഉണ്ടായിട്ടുള്ളത്.” എന്നിങ്ങനെയാണ് ലേഖനം തുടങ്ങുന്നത്.
ഭാര്യയും രണ്ടു മക്കളും ഉള്ള അധ്യാപകന്റെ ഉപജീവനമാര്‍ഗ്ഗം നിര്‍ത്തലാക്കുക വഴി ന്യൂമാന്‍ കോളജ് മാനേജ്മെന്റ് കൈകള്‍ വെട്ടിയ മതഭ്രാന്തരുടെ ലെവലിലേക്ക് വന്നിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ‘അദ്ധ്യാപകന്റെ മുറിവുകളില്‍ ഉപ്പുതേക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള മുഖപ്രസംഗം അവസാനിക്കുന്നത്.
ആശുപത്രിയിലും വീട്ടിലുമായി ഞാന്‍ നടത്തിയ മാധ്യമ സംവാദങ്ങള്‍ ഫലവത്തായതിന്റെ പ്രതിഫലനമായി ആ മുഖപ്രസംഗത്തെ ഞാന്‍ നിരീക്ഷിച്ചു. ചിലര്‍ക്കെങ്കിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടല്ലോ. അതുമതി.
എന്നെ വീട്ടില്‍ വന്നു സന്ദര്‍ശിച്ച സി.എം.പി നേതാവ് സി.പി. ജോണ്‍, എന്നെ തിരിച്ചെടുക്കുന്ന കാര്യം മാനേജ്മെന്റുമായി സംസാരിച്ച് ഒരു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രമം മാനേജ്മെന്റിന്റെ കാര്‍ക്കശ്യംമൂലം തുടക്കത്തില്‍ത്തന്നെ വഴിമുട്ടി.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസ്യോസ് തിരുമേനി എന്നെ വീട്ടില്‍ വന്ന് ആശ്വസിപ്പിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കോതമംഗലം രൂപതാധികാരികളുമായി ബന്ധപ്പെട്ട് എന്നെ തിരിച്ചെടുക്കുന്ന കാര്യം സംസാരിക്കാനായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ തിരുമേനിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ആരാഞ്ഞു.
ഇത് തങ്ങളുടെ സഭയിലെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റു സഭകള്‍ അതില്‍ ഇടപെടുന്നത് സഭകള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുമെന്നും കോതമംഗലം അരമനയില്‍നിന്നെത്തിയ ദൂതന്‍, മാര്‍ അത്താനാസ്യോസ് തിരുമേനിയെ അറിയിച്ചു. അങ്ങനെ ആ ഉദ്യമവും പര്യവസാനിച്ചു.
എന്നെ പിരിച്ചുവിട്ടതിനെച്ചൊല്ലി സാംസ്‌കാരിക നായകരുടെ പ്രതികരണങ്ങള്‍ ചിലതെല്ലാം ഞാനും വായിച്ചു. എന്നെ കുറ്റവിമുക്തനാക്കാന്‍ ചിലര്‍ കൂട്ടാക്കിയില്ലെങ്കിലും ശിക്ഷ ഏറിപ്പോയെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം കണ്ടില്ല. കോളജ് മാനേജ്മെന്റിന്റെ തീരുമാനം ശരിയായ സന്ദേശമാണെന്നു പറഞ്ഞ സീറോ മലബാര്‍സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടും ശിക്ഷ കൂടിപ്പോയെന്ന അഭിപ്രായക്കാരനായിരുന്നു. (മാനേജ്മെന്റിന്റെ തീരുമാനം തെറ്റായിരുന്നു വെന്ന് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിനും പറയേണ്ടിവന്നു.)
എന്റെ ഗുരുവും പ്രസിദ്ധ സാഹിത്യകാരനുമായ പ്രൊഫ. എം.കെ.സാനു പറഞ്ഞത് ഇപ്രകാരമാണ്: ”അധ്യാപകന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി തോന്നുന്നില്ല. അറിയാതെ പ്രവാചകന്റെ പേര് ഉപയോഗിച്ചുപോയി. അതില്‍ പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തതാണ്. മാനേജ്‌മെന്റ് സംഭവത്തെ ശരിയായി വിലയിരുത്തി അധ്യാപകനെ തിരിച്ചെടുക്കുക എന്നത് ധാര്‍മ്മികതയാണ്.”
പ്രസിദ്ധരായ രണ്ട് അധ്യാപകരുടെ അഭിപ്രായംകൂടി ഇവിടെ കുറിക്കാം.
വര്‍ഗ്ഗീയശക്തികള്‍ കേരളത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതിനുദാഹരണമാണ് പ്രൊഫ. ജോസഫിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടി. ഇത് അനീതിയാണ്. പിരിച്ചുവിടാന്‍ മാത്രം തക്ക തെറ്റ് അധ്യാപകന്‍ ചെയ്തിട്ടില്ല. മതനേതാക്കന്മാരുടെ പേരുകള്‍ അധ്യാപകര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും ഭ്രാന്തന്മാര്‍ക്കും ഉണ്ടാവുക സ്വഭാവികം മാത്രം… സംഭവിച്ച കാര്യത്തില്‍ അധ്യാപകന്റെ വിശദീകരണം പൂര്‍ണ്ണമായും വിശ്വസനീയമാണ്. ഒരു അധ്യാപകനാകാനുള്ള യോഗ്യത ജോസഫിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുന്നത് മാനേജ്മെന്റിന്റെ ഭീരുത്വമാണ്.
പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള (കവി)
ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി നീതിരഹിതമാണ്. അധ്യപകനെ ഉടന്‍ തിരിച്ചെടുക്കണം. മാനേജ്മെന്റ് നിലപാട് അക്കാഡമിക് സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നു കയറ്റമാണ്.
ഡോ. പി. ഗീത (കോളജ് അധ്യാപിക, എഴുത്തുകാരി)
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് കെ.ടി. തോമസ്, ആനന്ദ്, സക്കറിയ, ഒ.എന്‍.വി., സുഗതകുമാരി, വൈശാഖന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, പി. വത്സല, യു.എ. ഖാദര്‍, നൈനാന്‍ കോശി, ഫാ. എ. അടപ്പൂര്‍, പഴവിള രമേശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സ്വാമി അഗ്നിവേശ്, ജോസഫ് പുലിക്കുന്നേല്‍ എന്നിവരൊക്കെ പിരിച്ചുവിടല്‍ നടപടിയെ അപലപിച്ച സാംസ്‌കാരിക നേതാക്കളാണ്.
ചോദ്യപേപ്പര്‍ വിവാദം, അനന്തരസംഭവങ്ങള്‍, മാനേജ്മെന്റ് നിലപാട് എന്നിവയെക്കുറിച്ച് ചരിത്രപണ്ഡിതനും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലറും ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വെസ്ചെയര്‍മാനുമായ ഡോ. കെ.എന്‍. പണിക്കരുടെ നിരീക്ഷണങ്ങളാണ് ഏറെ സമീചീനമായത്. ഫ്രണ്ട്ലൈന്‍ ദ്വൈവാരികയിലും മറ്റും വന്ന അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഉന്നത വിദ്യാഭ്യാസ വിചക്ഷണന്റെ അന്തസ്സാരം വെളിപ്പെടുത്തുന്നവയായിരുന്നു.
എന്നെ പിരിച്ചുവിട്ട വാര്‍ത്തയറിഞ്ഞ ന്യൂമാന്‍ കോളജിലെ എന്റെ സഹപ്രവര്‍ത്തകര്‍ കൂട്ട അവധിയെടുത്ത് ഒരു ദിവസം ജോലിയില്‍ നിന്ന് വിട്ടുനിന്നു. (ലീവ് അടയാളപ്പെടുത്താതിരുന്ന ഹാജര്‍ ബുക്കില്‍ പിന്നീട് മാനേജ്മെന്റ് ഭീഷണിപ്പെടുത്തി അവരില്‍ പലരെക്കൊണ്ടും ഒപ്പിടുവിച്ചു.) തങ്ങളുടെ അധ്യാപകനെ പിരിച്ചുവിട്ട നടപടിയില്‍ സങ്കടപ്പെട്ട ന്യൂമാന്‍ കോളജിലെ കുട്ടികള്‍ പഠിപ്പുമുടക്കി കരിദിനം ആചരിച്ചു.
പിരിച്ചുവിടല്‍ നടപടി നീതിരഹിതമായ വലിയ തെറ്റാണെന്നും വേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രസ്താവിച്ചു.ചട്ടങ്ങള്‍ പാലിക്കാതെയുള്ള പിരിച്ചുവിടല്‍ പുനഃപരിശോധിക്കണമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല രേഖാമൂലം ന്യൂമാന്‍ കോളജ് മാനേജരോട് ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷത്തൊഴിലാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എം.ജെ. ഷാജി അന്യായമായി പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ന്യൂമാന്‍ കോളജ് കവാടത്തിനുമുമ്പില്‍ മുട്ടിന്മേല്‍നിന്ന് കുരിശു പിടിച്ച് ഒമ്പതുമണിക്കൂര്‍ ഉപവാസസമരം നടത്തി.
തൊടുപുഴ വണ്ണപ്പുറം ഭാഗത്തുനിന്നും നൂറിലേറെ സഭാവിശ്വാസികള്‍ സംഘടിച്ച് കോതമംഗലം അരമനയിലെത്തി മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനെയും മറ്റ് സഭാധികാരികളെയും കണ്ട് പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് വികാരവിക്ഷോഭത്തോടെ ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍ നടപടി അന്യായമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്ക വിശ്വാസികള്‍ കോതമംഗലം ബിഷപ്ഹൗസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
വിവിധ അധ്യാപക സംഘടനകളുടെ കൂട്ടായ്മയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധറാലി തൊടുപുഴ ന്യൂമാന്‍ കോളജിലേക്ക് സംഘടിപ്പിക്കപ്പെട്ടു. വിവിധ സംഘടനകള്‍ പല സ്ഥലങ്ങളിലും പിരിച്ചുവിടലിനെതിരേ ധര്‍ണ്ണ നടത്തി.
എറണാകുളത്തു നടന്ന ഒരു സായാഹ്ന ധര്‍ണ്ണയില്‍ എന്റെ ഗുരുവായ പ്രൊഫ. എം.കെ. സാനു, ശിഷ്യനായ എന്നെ തിരിച്ചെടുക്കാന്‍ യേശുവിന്റെ നാമത്തില്‍ സഭാധികാരികളോട് അപേക്ഷിച്ചു.
എന്നെ തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കുന്ന കത്തുകള്‍ ലോകമെമ്പാടുനിന്നും ധാരാളമായി കോതമംഗലം ബിഷപ്സ് ഹൗസിലെത്തി. മാനുഷിക പരിഗണനയുടെ പേരില്‍ പിരിച്ചുവിടല്‍ നടപടി റദ്ദാക്കണമെന്നപേക്ഷിച്ച് ഞാനും മാനേജര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. എല്ലാ ശ്രമങ്ങളും വിഫലമായി. മാത്രമല്ല, കോതമംഗലം അരമന യുദ്ധസന്നദ്ധവുമായി.
പുസ്തകം ഇപ്പോൾ തന്നെ വെറും 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Comments are closed.