പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്
ഭക്തലക്ഷങ്ങളെത്തുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും. ഉച്ചകഴിഞ്ഞ് 2.30നാണ് പൊങ്കാലനിവേദ്യം. 25 ലക്ഷം സ്ത്രീകള്‍ പൊങ്കാലയിട്ടെന്ന ഗിന്നസ് റെക്കാഡ് മറികടക്കുന്നതരത്തിലുള്ള തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
പൊങ്കാലയ്ക്കായുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ക്ഷേത്രത്തിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ കമാന്‍ഡോ സംഘത്തെ നിയോഗിക്കാന്‍ പൊലീസും തീരുമാനിച്ചു. ഏഴ് പ്രത്യേക ട്രയിനുകള്‍ റയില്‍വെ അനുവദിച്ചു.
ഹരിതപൊങ്കാലയെന്ന നിയന്ത്രണമുള്ളതിനാല്‍ പ്ലാസ്റ്റിക് വസ്തുക്കളൊഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. പൊതുവഴിയിലെ നടപ്പാതയിലും ഓടുകള്‍ക്ക് മുകളിലും പൊങ്കാലയിടരുതെന്ന് പൊലീസും അറിയിച്ചു. 1200ലേറെ വനിത പൊലീസുകാരടക്കം 4200 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്ക്കായി പൊലീസ് വിന്യസിക്കുന്നത്. സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ പിടികൂടാന്‍ പരിശീലനം നേടിയ വനിത കമാന്‍ഡോ ക്ഷേത്രപരിസരത്ത് തമ്പടിക്കുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. വൈദ്യസഹായവും കുടിവെള്ളവും അടക്കമുള്ള സൗകര്യങ്ങള്‍ വിവിധ സന്നദ്ധസംഘടനകളും ഒരുക്കിയിട്ടുണ്ട്.
Comments are closed.